ഫീസ് കിട്ടിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാം; ഡോക്ടർമാർക്ക് പെരുമാറ്റച്ചട്ടം

3 years, 2 months Ago | 278 Views
ഫീസും ചികിത്സച്ചെലവും ഡോക്ടർമാർ മുൻകൂട്ടി അറിയിക്കണം; പറഞ്ഞ ഫീസ് നൽകിയില്ലെങ്കിൽ ഡോക്ടർമാർക്കു തുടർചികിത്സ നിഷേധിക്കാം ഇവ ഉൾപ്പെടെയുള്ള വ്യവസ്ഥകളുമായി ഡോക്ടർമാർക്കുള്ള പുതിയ പെരുമാറ്റച്ചട്ടം വരുന്നു. ഇതിന്റെ കരടുരൂപം ദേശീയ മെഡിക്കൽ കമ്മിഷൻ തയാറാക്കി. ഇതുപ്രകാരം, സർക്കാർ ഡോക്ടർമാർക്കും അടിയന്തര ചികിത്സാസഹായം നൽകുന്ന ഡോക്ടർമാർക്കും ചികിത്സയിൽനിന്ന് ഒരുഘട്ടത്തിലും ഒഴിഞ്ഞുമാറാൻ പറ്റില്ല. പരിശോധനയ്ക്ക് എത്ര രൂപയാകുമെന്നും ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സയ്ക്ക് എത്ര ചെലവാകുമെന്നും സ്വകാര്യ ഡോക്ടർമാർ മുൻകൂർ രോഗിയെയും ബന്ധുക്കളെയും അറിയിച്ചിരിക്കണം.
ഫീസ് നൽകിയില്ലെങ്കിൽ ഇവർക്കു തുടർചികിത്സ നിഷേധിക്കാമെന്നാണു കരടുരേഖയിലുള്ളത്. അതേസമയം, രോഗിയെ ഉപേക്ഷിച്ചു കളയുന്ന അവസ്ഥ ഒഴിവാക്കണമെന്നും റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടിഷണർ (തൊഴിൽ പെരുമാറ്റം) ചട്ടത്തിന്റെ കരടുരേഖയിലുണ്ട്. അടിയന്തര ചികിത്സാസഹായം നൽകിയിരിക്കണമെന്നു നേരത്തേ തന്നെ ചട്ടമുണ്ടെങ്കിലും (2002) പണം നൽകിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാമെന്നു പറയുന്ന വ്യവസ്ഥ ഇതാദ്യമാണ്.
ജൂൺ 22 വരെ പൊതുജനാഭിപ്രായം തേടിയ ശേഷം ചട്ടങ്ങൾക്ക് അന്തിമരൂപം നൽകും. അഭിപ്രായങ്ങൾ അറിയിക്കാൻ ഇമെയിൽ- emrb.ethics@nmc.org.in.
മറ്റു പ്രധാന നിർദേശങ്ങൾ:
അലോപ്പതിക്കൊപ്പം മറ്റു ചികിത്സാവിഭാഗത്തിലും യോഗ്യത നേടിയാലും ഒരുസമയം ഒന്നു മാത്രമേ പ്രാക്ടിസ് ചെയ്യാനാകു.
മരുന്നു കമ്പനികളുടെ പേരല്ലാതെ ജനറിക് നാമം എഴുതണം പരസ്യങ്ങൾക്കു കർശന നിയന്ത്രണം. ബോധവൽക്കരണം ആകാം, സ്വന്തം സ്ഥാപനത്തിലേക്ക് ആളെ പിടിക്കാനാകരുത്.
സ്വന്തം രോഗിക്കു മരുന്നു വിൽക്കാമെങ്കിലും മരുന്നു വിൽപനശാല നടത്തരുത്.
രോഗികളുടെ ചികിത്സാവിവരങ്ങൾ 3 വർഷം വരെ സൂക്ഷിക്കണം. രേഖകൾ ആവശ്യപ്പെട്ടാൽ 5 ദിവസത്തിനുള്ളിലും അടിയന്തര സാഹചര്യങ്ങളിൽ അതേ ദിവസവും എത്തിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്.
വന്ധ്യംകരണം, പ്രസവം നിർത്തൽ തുടങ്ങിയവയുടെ കാര്യത്തിൽ മതപരമായ കാരണം പറഞ്ഞു കൊണ്ടുമാത്രം ഡോക്ടർമാർക്ക് ഒഴിഞ്ഞുമാറാനാകില്ല.
ശസ്ത്രക്രിയ, ചികിത്സ തുടങ്ങിയവയിൽ രോഗിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം, രോഗികളുടെ ചിത്രമോ വിവരങ്ങളോ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കരുത്.
രോഗികളുമായുള്ള ആശയവിനിമയം ഡോക്ടർമാർ രഹസ്യമായി സൂക്ഷിക്കണം.
രോഗിയുടെ അവസ്ഥ സംബന്ധിച്ച കാര്യങ്ങൾ പൊലിപ്പിച്ചു പറയാനോ കുറച്ചുപറയാനോ പാടില്ല.
സംഭവം നടന്നു 2 വർഷത്തിനുള്ളിൽ പരാതി നൽകാം. പരാതി നൽകാൻ കഴിയാത്ത സാഹചര്യമെങ്കിൽ ബന്ധുക്കൾക്കു പരാതി നൽകാം.
Read More in India
Related Stories
പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി മണിക്കൂറുകള്ക്കുള്ളില് അവസാനിക്കും
4 years, 4 months Ago
കൗമാരക്കാര്ക്കുള്ള നാലാമത്തെ വാക്സിനായ നോവാവാക്സിന് അനുമതി നല്കി
3 years, 4 months Ago
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്
4 years, 4 months Ago
അടുത്തറിയാം ലക്ഷദ്വീപിനെ
4 years Ago
ഇന്ത്യയുടെ ഹര്നാസ് സന്ധു വിശ്വസുന്ദരി
3 years, 7 months Ago
ഹിന്ദുസ്ഥാന് ലാറ്റക്സ് കേരളത്തിന് കിട്ടില്ല
3 years, 3 months Ago
ഇരുപത് രൂപയ്ക്ക് 50 വയസ്സ്;
3 years, 1 month Ago
Comments