ചൂടുകാലം: ചിക്കൻപോക്സിനെ ശ്രദ്ധിക്കൂ

3 years Ago | 300 Views
ചൂടുകാലത്ത് പടർന്നു പിടിക്കാറുള്ള ഒരു രോഗമാണ് ചിക്കൻപോക്സ്. ഈ രോഗം കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ഇത് വെറുതെ വിടാറില്ല. മാത്രമല്ല പ്രായം കൂടുന്തോറും രോഗത്തിന് ശക്തിയും കൂടും എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.
ശരിയായി പരിചരിച്ചാൽ അത്രയ്ക്ക് ഭയപ്പെടേണ്ട രോഗമല്ല ഇത്. വാരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് രോഗകാരണം. പനി തലവേദന എന്നിവയോടൊപ്പം ശരീരത്തിൽ കുമിളകൾ പൊങ്ങി വരുന്നതാണ് പ്രധാന രോഗലക്ഷണം. കുട്ടികളിലാണ് ചിക്കൻപോക്സ് കൂടുതലായി കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് തീവ്രത കൂടും എന്നത് രോഗത്തിന്റെ പ്രത്യേകതയാണ്. ഒരിക്കൽ വന്നാൽ വീണ്ടും വരാനുള്ള സാധ്യത കുറവാണെങ്കിലും അപൂർവം പേരിൽ രോഗം ആവർത്തിച്ചു കാണാറുണ്ട്.
ഒരിക്കൽ ചിക്കൻ പോക്സ് വന്നവരുടെ ഞരമ്പുകളിൽ അവശേഷിക്കുന്ന വൈറസ് പിന്നീട് ഹെർപിസ് സോസ്റ്റർ അഥവാ ഞരമ്പു പൊട്ടി എന്ന രോഗമായി പുറത്തുവരാറുണ്ട്. ശക്തമായ വേദനയോടുകൂടി ശരീരത്തിലെ ചില ഭാഗങ്ങളിൽ മാത്രം കുമിളകൾ പ്രത്യക്ഷപ്പെടുന്ന ഈ രോഗാവസ്ഥ ഉള്ളവരിൽ നിന്ന് മറ്റുള്ളവർക്ക് ചിക്കൻപോക്സ് പിടിപെടാൻ സാധ്യതയുണ്ട്.
കുമിളകൾ പൊട്ടിയുണ്ടാകാവുന്ന ചുമ, തുമ്മൽ, എന്നിവയിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ വഴി വായുവിലൂടെയോ ആണ് രോഗം പകരുന്നത്. ഇത്തരത്തിൽ രോഗം പകരാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത് അസുഖത്തിന്റെ ആദ്യദിനങ്ങളിൽ ആണ്. കുമിളകൾ പൊങ്ങി ദിവസങ്ങൾക്കുശേഷം പൊറ്റ പൊഴിയുന്നതോടെ യഥാർത്ഥത്തിൽ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുക. ആദ്യദിവസങ്ങളിൽ തന്നെ രോഗം പകർന്നു കിട്ടുന്ന ആളുകളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ 10 മുതൽ 20 ദിവസം വരെ എടുക്കുന്നു. അപ്പോഴേക്കും ആദ്യത്തെ രോഗി പൂർണമായും രോഗവിമുക്തി നേടി കഴിഞ്ഞിരിക്കും. അതിനാൽ അസുഖം മാറി കുളിക്കുന്ന സമയത്താണ് ചിക്കൻ പോക്സ് പകരുന്നത് എന്ന തെറ്റിദ്ധാരണ സാധാരണക്കാർക്കിടയിലുണ്ട്.
രോഗകാരിയായ വൈറസ് പെരുകുന്നതോടെ പനിയും തലവേദനയും മറ്റും പ്രത്യക്ഷപ്പെടുന്നു. താമസിയാതെ നെഞ്ച് , വയർ, മുഖം എന്നിവിടങ്ങളിൽ ചെറിയ കുമിളകൾ പൊങ്ങുന്നു. ചുറ്റിലും ഇളംചുവപ്പ് നിറഞ്ഞതോടെ വെള്ളത്തുള്ളികൾ പോലുള്ള കുമിളകൾ ക്രമേണ ഇളം മഞ്ഞനിറമാകുകയും പിന്നീട് പൊറ്റ കെട്ടുകയും ചെയ്യുന്നു.
കുമിളകൾ പൊങ്ങി കഴിഞ്ഞാൽ രണ്ടു, നാലു ദിവസത്തിനകം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നു. നെഞ്ച്, വയർ, മുഖം എന്നിവിടങ്ങളിലാണ് കൂടുതൽ കുമിളകൾ കാണുന്നത്. തുടക്കത്തിൽ ഇവ തൊട്ടാൽ പൊട്ടിപ്പോകുന്ന അവസ്ഥയിലായിരിക്കും. അതിനാലാവാം മലബാർ മേഖലയിൽ ചിക്കൻപോക്സ് "പൊട്ടി" എന്ന പേരിലറിയപ്പെടുന്നത്. മറ്റു ചിലയിടങ്ങളിൽ "ചൊള്ള" എന്ന പേരുമുണ്ട്.
കുമിളകൾ പൊങ്ങിയത് മുതൽ പൊറ്റ അടർന്നു വീഴുന്നത് വരെ ചൊറിച്ചിൽ സാധാരണയാണ്. ഈ സമയത്ത് അധികം ചൊറിഞ്ഞു പൊട്ടി വ്രണം ആകാതിരിക്കാൻ ശ്രദ്ധിക്കണം. അണുബാധ ഏൽക്കാതിരിക്കാൻ വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. വ്രണങ്ങളാവാതെ സൂക്ഷിച്ചാൽ രോഗം മാറിയാൽ ശരീരത്തിൽ പാടുകൾ അവശേഷിക്കില്ല. ശരിയായ വിശ്രമിക്കുക, അത്യാവശ്യത്തിന് വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ദഹിക്കാൻ എളുപ്പമുള്ള പോഷകാഹാരങ്ങൾ കഴിക്കുക എന്നിവയാണ് രോഗം വന്നാൽ ചെയ്യേണ്ടത്. പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് രോഗം ബാധിച്ചാൽ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം ശരിയായ പരിചരണം ലഭിച്ചാൽ സങ്കീർണതകളില്ലാതെ രോഗം പൂർണമായും സുഖപ്പെടും. അമ്മമാർക്ക് രോഗം ബാധിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെങ്കിൽ മുലയൂട്ടുന്നതിന് വിരോധമില്ല. മറ്റ് അസുഖങ്ങൾ ബാധിച്ച് ശക്തിയേറിയ മരുന്നുകൾ കഴിക്കുന്നവരിൽ ചിക്കൻപോക്സ് തീവ്രമാകാൻ ഇടയുണ്ട്. ചിക്കൻപോക്സ് ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുകയാണ് രോഗം വരാതിരിക്കാനുള്ള ഫലപ്രദമായ മാർഗം.
രോഗത്തിന്റെ തീവ്രത കുറയ്ക്കാനും രോഗം പിടിപെടാത്തവർക്ക് രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ മരുന്നുകൾ ഹോമിയോയിൽ ലഭ്യമാണ്.
Read More in Health
Related Stories
വെറും വയറ്റിൽ ഇവ കഴിക്കല്ലേ
3 years, 9 months Ago
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ തക്കാളി
3 years, 8 months Ago
നൂറില്‍ നൂറ്; വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഒഡീഷ നഗരം
3 years, 8 months Ago
വീട്ടുവളപ്പിലെ ഔഷധങ്ങൾ
4 years Ago
ഗ്രീൻപീസിന്റെ ഗുണങ്ങള്‍
3 years, 10 months Ago
Comments