പ്രസവാനന്തര ശുശ്രൂഷ വളരെ പ്രധാനം
.jpg)
3 years, 7 months Ago | 585 Views
പ്രസവത്തിനു ശേഷമുള്ള പ്രത്യേക ശുശ്രൂഷാ രീതികൾ വളരെ പണ്ട് മുതൽക്കു തന്നെ നിലവിലുള്ളതാണ്. കാലം കഴിയും തോറും അതിന്റെ പ്രാധാന്യത്തിന് കുറവു വന്നുവെങ്കിൽ തദനുസൃതമായ ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തു. ഇത് പ്രത്യക്ഷമായി അനുഭവപ്പെട്ടു കണ്ടതിനാലാവണം പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇപ്പോൾ പ്രാധാന്യം ഏറിവരികയാണ്.
ആയുർവേദ ചികിത്സയിലെ ഏറ്റവും ജനകീയമായ ഒരു ചികിത്സയാണ് പ്രസവാനന്തര ശുശ്രൂഷ . എന്താണ്, എന്തിനാണ് പ്രസവാനന്തര ശുശ്രൂഷ എന്ന് നോക്കാം.
ഗർഭാവസ്ഥയുടെ 10 മാസക്കാലത്ത് സ്ത്രീകളുടെ ശരീരത്തിന് വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു. അയൺ, പ്രോട്ടീൻ തുടങ്ങിയ ഘടകങ്ങൾ ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കായി അമ്മയുടെ ശരീരത്തിൽ നിന്ന് ധാരാളമായി ആഗിരണം ചെയ്യപ്പെടുന്നു. പത്ത് മാസം കൊണ്ട് ശരീരത്തിലുണ്ടായ മാറ്റങ്ങൾ വെടിഞ്ഞ്, പ്രസവശേഷം ഗർഭ പൂർവാവസ്ഥയിലേക്ക് ശരീരം മടങ്ങിവരുന്നതിന് വേണ്ട അനുകൂലഘടകങ്ങൾ ശരീരത്തിൽ ഒരുക്കുക എന്നതാണ് പ്രസവാനന്തര ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം.
ഗർഭകാലത്തെ മാറ്റങ്ങളോടൊപ്പം, പ്രസവ സമയത്ത് അമ്മയുടെ ശരീരത്തിൽ നിന്ന് ഏകദേശം 500 മില്ലി വരെ രക്തം നഷ്ടമാകുന്നുണ്ട്. ഇത് കൂടാതെ, മുലയൂട്ടൽ എന്ന പ്രക്രിയ ശരീരത്തിൽ ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ നഷ്ടമാകുന്ന അമ്മയുടെ ശരീരത്തിലെ പോഷക ഘടകങ്ങളെ ക്രമീകരിക്കുക എന്നതാണ് പ്രസവാനന്തര ശുശ്രൂഷയുടെ പ്രഥമലക്ഷ്യം. ഇതിനായി ആദ്യമായി അമ്മയുടെ ദഹന പ്രക്രിയയെ ക്രമപ്പെടുത്തേണ്ടതുണ്ട് .
അമ്മയുടെ വിശപ്പും ദഹനവും ശരിയായ വിധത്തിലാകാനായി ആദ്യ ദിവസങ്ങളിൽ പഞ്ചകോലാസവം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം എന്നിവ വൈദ്യനിർദേശപ്രകാരം യുക്തമായ മാത്രയിൽ കൊടുക്കാവുന്നതാണ്.
ഇതോടൊപ്പം ശരീര പേശികൾ പൂർവസ്ഥിതിയിൽ എത്തിക്കാനും ചർമ്മത്തെ പൂർവസ്ഥിതിയിൽ എത്തിക്കുന്നതിനും എണ്ണ തേച്ചു കുളി നിർദ്ദേശിച്ചിരിക്കുന്നു. ശരീരത്തിന് ഉറപ്പും, ബലവും നൽകുന്നതിനായി ധന്വന്തരം കുഴമ്പാണ് നിർദ്ദേശിക്കുന്നത്. 2 -3 ആഴ്ച കാലയളവിലാണ് ഇത് നിർദ്ദേശിച്ചിരിക്കുന്നത് .
ഇതിനോടു കൂടി വിവിധ ഔഷധങ്ങൾ ചേർത്ത് തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിച്ച് കുളിക്കുകയും ചെയ്യും. ഇത് ശരീര പേശികൾക്ക് ഉണ്ടാക്കുന്ന വേദനാവസ്ഥയ്ക്ക് വലിയ അളവിൽ പരിഹാരം ചെയ്യുന്നതാണ്. കരിപ്പെട്ടിയും മറ്റ് ഔഷധങ്ങളും ചേർത്ത് തിളപ്പിച്ച് കുടിക്കണം . ഇത് കഫ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ശരീരത്തിൽ രക്തത്തിന്റെ അളവ് വർധിപ്പിക്കാനും ദഹന പ്രക്രിയകൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആദ്യത്തെ രണ്ടാഴ്ച കഴിയുമ്പോൾ ദഹന പ്രക്രിയ ഔഷധ സേവയിലൂടെ ക്രമപ്പെടുത്തുകയും സൂതിക (പ്രസവിച്ച) സ്ത്രീക്ക് ശരിയായ രീതിയിൽ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. അപ്പോൾ ശരീരത്തിന് പോഷകാംശങ്ങൾ പ്രധാനം ചെയ്യുന്നതിനും ഗർഭപാത്രത്തെ പൂർവസ്ഥിതിയിൽ കൊണ്ടുപോകാൻ ഉപകരിക്കുന്നതുമായ ലേഖ്യം കൊടുത്തു തുടങ്ങാം. കുറിഞ്ഞിക്കുഴമ്പ് ലേഖ്യം, ഉള്ളി ലേഖ്യം എന്നിവയാണ് ഇതിന് പൊതുവെ ഉപയോഗിക്കുന്നത്.
ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്കും ഉത്തമം. അമ്മയ്ക്ക് മുലപ്പാൽ വേണ്ടത്ര അളവിൽ ഇല്ലെങ്കിൽ വൈദ്യനിർദ്ദേശ പ്രകാരം കാര്യം മനസ്സിലാക്കി ശതാവരി ഗുളം, വിദാര്യാദി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ് .
മുലയൂട്ടുന്ന സമയം പ്രസിവിച്ച സ്ത്രീകൾ ആവശ്യത്തിന് വെള്ളം കുടിക്കണം. എന്നാൽ ഇത് ദഹനത്തെയും വിശപ്പിനെയും ബാധിക്കാത്ത തരത്തിലായിരിക്കണം. ജീരകവെള്ളം ചൂടോടെ ഇടക്കിടെ കുടിച്ചാൽ ഈ പ്രശ്‍നം മറികടക്കാം.
ദഹന വ്യവസ്‌ഥ ക്രമം തെറ്റാത്ത രീതിയിൽ വേണം സൂതികകളുടെ ഭക്ഷണക്രമം. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ആഹാരം അധിക അളവിൽ കഴിക്കാതിരിക്കുക. ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക.
പച്ചക്കറികൾ നന്നായി വേവിച്ച് ഉപയോഗിക്കുക. 'അമ്മ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് കുഞ്ഞിന് വേണ്ട മുലപ്പാൽ രൂപപ്പെടുന്നത്. ആയുർവേദ ശാസ്ത്രപ്രകാരം അമ്മയുടെ ഭക്ഷണത്തിന്റെ ഗുണമേന്മ മുലപ്പാലിന്റെ ഗുണത്തെയും അതുവഴി കുഞ്ഞിന്റെ ആരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്നു. ഇതിനാൽ പഴകിയതും പുളിച്ചതുമായ ആഹാരം സൂതിക പൂർണ്ണമായും ഒഴിവാക്കണം . ആഹാരത്തിൽ ദിവസവും രണ്ടു കപ്പ് പാൽ ഉപയോഗിക്കുകയും ചെയ്യണം .
ശരീരം അതിന്റെ പൂർവസ്ഥിതിയിലേക്ക് എത്താൻ ശ്രമിക്കുന്ന കാലമാണ് പ്രസവശേഷമുള്ള ആറ് ആഴ്ച. ഈ സമയം ഭക്ഷണവും വേണ്ടത്ര വിശ്രമവും ശരീരത്തിന് പൂർവാധികം ആരോഗ്യവും കർമ്മ ശേഷിയും സൗന്ദര്യവും പ്രധാനം ചെയ്യുന്നു. ഈ കാരണങ്ങളാൽ ആയുർവേദത്തിലെ പ്രസവാനന്തര പരിചര്യക്ക് ഇന്നും പ്രസക്തിയും പ്രശസ്തിയും ഏറിവരുന്നു .
നവജാത ശിശുവിനെ ഏറ്റവും ശ്രദ്ധയോടെ യാണ് പരിചരിക്കേണ്ടത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ ? ചൂടുകാലത്ത് വിശേഷിച്ച് കുഞ്ഞിനെ എണ്ണതേപ്പിച്ച് കുളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നാൽപാമരാദി, ലക്ഷാദി, ഉരുക്ക് വെളിച്ചെണ്ണ ഇവയിലേതെങ്കിലും വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.
Read More in Health
Related Stories
വാഹനത്തിലിരുന്നും വാക്സിന്, ഡ്രൈവ് ത്രൂ വാക്സിനേഷന് തുടക്കം കുറിച്ച് സംസ്ഥാനം
3 years, 7 months Ago
കോവിഡ് പ്രതിരോധം: ഹീമോഗ്ലോബിന്റെ അളവ് കൂട്ടി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം
3 years, 11 months Ago
കോവിഷീൽഡ്: പ്രശ്നങ്ങൾ 20 ദിവസത്തിൽ.പ്രത്യേക മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം
3 years, 11 months Ago
ദേശാടനക്കിളി കരയാറില്ല: പക്ഷിപ്പനി - കരുത്തും കരുതലും
4 years, 1 month Ago
പഴത്തൊലിയുടെ ഔഷധ ഗുണങ്ങള്‍
3 years, 8 months Ago
പാവപ്പെട്ടവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷനായി ഇലക്ട്രോണിക് വൗച്ചറുകള്‍
3 years, 9 months Ago
ആന്റിജൻ ടെസ്റ്റ് ഇനി വീട്ടിൽ : സ്വയം ചെയ്യാം
3 years, 11 months Ago
Comments