ഇന്ത്യയിലെ കോവിഡ് വിസ്‌ഫോടനത്തിന് കാരണം വൈറസ് മാത്രമല്ല- WHO ശാസ്ത്രജ്ഞ വിലയിരുത്തുന്നു ..

3 years, 11 months Ago | 327 Views
ഇന്ത്യയിലെ അതിതീവ്രമായ രണ്ടാം കോവിഡ് തരംഗത്തിന്റെ പ്രധാനകാരണം വ്യാപനശേഷി കൂടിയ വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടർ സൗമ്യ സ്വാമിനാഥൻ. വാക്സിൻ നൽകുന്ന സുരക്ഷയ്ക്ക് പോലും വെല്ലുവിളിയുയർത്തുന്ന ഈ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് കോവിഡ് വ്യാപനം ത്വരിതപ്പെടുത്തുകയും നിയന്ത്രണാതീതമാക്കുകയും ചെയ്യുന്നതായി ഡോക്ടർ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എന്നാൽ ഇന്ത്യയിലെ കോവിഡ് വിസ്ഫോടനത്തിന് പിന്നിൽ വൈറസ് കൂടാതെ മറ്റു ചില നിർണായകഘടകങ്ങൾ കൂടിയുണ്ടെന്ന് എഎഫ്പിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അവർ ചൂണ്ടിക്കാട്ടി.
രോഗവ്യാപനം ത്വരിതപ്പെടുത്തുന്നതിനും കോവിഡ് ബാധയ്ക്ക് ശേഷമോ വാക്സിൻ സ്വീകരിച്ച ശേഷമോ രൂപപ്പെടുന്ന ആന്റിബോഡികളെ പ്രതിരോധിക്കുന്നതിനും ശേഷിയുള്ള B.1.617 വകഭേദത്തിന്റെ രൂപാന്തരങ്ങൾ കാണപ്പെടുന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ഡോക്ടർ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എന്നാൽ ഇന്ത്യയിലെ രോഗവ്യാപനത്തിന് പിന്നിൽ വൈറസിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. സാമൂഹികമായ കൂടിച്ചേരലുകളും വൻ ആഘോഷപരിപാടികളും വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. ആദ്യതരംഗത്തിന്റെ അലകൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങൾ മാസ്ക് ഉപേക്ഷിക്കുകയും മറ്റു പ്രതിരോധമാർഗങ്ങൾ ഒഴിവാക്കുകയും ചെയ്തത് രണ്ടാം തരംഗത്തിന് ഒരു പരിധി വരെ വഴിയൊരുക്കിയതായി അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയെ പോലെ ബൃഹത്തായ ഒരു രാജ്യത്ത് രോഗവ്യാപനനിരക്ക് മാസങ്ങളോളം താഴ്ന്ന നിലയിൽ തുടർന്നിരിക്കാമെന്ന് ഡോക്ടർ സൗമ്യ പറഞ്ഞു. പ്രാദേശികമായി മാത്രം നിലനിന്നിരുന്ന വൈറസ് പതിയെപ്പതിയെ ഇരട്ടിക്കുകയും വ്യാപിക്കുകയും ചെയ്തു. വൈറസിന്റെ സാന്നിധ്യവും വ്യാപനത്തിലെ അപകടവും തിരിച്ചറിയാൻ വൈകിയത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് പിന്നിലെ ഒരു കാരണമായിട്ടുണ്ടാവുമെന്ന് അവർ പറഞ്ഞു. കുത്തനെ ഉയരുന്നത് വരെ അതിന്റെ ആദ്യകാലലക്ഷണങ്ങൾ തിരിച്ചറിയപ്പെടാത്തതും വ്യാപനനിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ടാവുമെന്ന് ഡോക്ടർ സൗമ്യ കൂട്ടിച്ചേർത്തു.
വ്യാപനനിരക്ക് വർധനവിലേക്കെത്തി കഴിഞ്ഞാൽ പിന്നീട് അതിന്റെ നിയന്ത്രണം അസാധ്യമാക്കും. അതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി. വാക്സിൻ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടുമാത്രം കോവിഡ് തരംഗത്തെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർ സൗമ്യ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരാജ്യമായ ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനം ആളുകൾക്ക് മാത്രമാണ് പൂർണമായ വാക്സിനേഷൻ ലഭിച്ചിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. ജനതയുടെ 70-80 ശതമാനം പേർക്ക് പൂർണമായ വാക്സിൻ നൽകാൻ ഇന്ത്യയ്ക്ക് മാസങ്ങൾ വേണ്ടി വരുമെന്ന് ഡോക്ടർ സൗമ്യ ഓർമിപ്പിച്ചു.
വാക്സിനിൽ മാത്രം ഊന്നിയുള്ള പ്രതിരോധത്തിന് മുൻഗണന നൽകാതെ പൊതു ആരോഗ്യനടപടികളും സാമൂഹികനടപടികളും ഏകോപിപ്പിച്ചുള്ള സമീപനമാണ് ഇപ്പോൾ അടിയന്തരമായി സ്വീകരിക്കേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു. വൈറസിന് വീണ്ടും വകഭേദങ്ങൾ ഉണ്ടാകാമെന്നും വ്യാപനത്തിന്റെ മൂന്നാമതൊരു തരംഗം കൂടി ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നും ഡോക്ടർ സൗമ്യ പറഞ്ഞു. നിലവിൽ വികസിപ്പിച്ചെടുത്ത വാക്സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദങ്ങൾ ഉണ്ടായാൽ കൂടുതൽ അപകടകരമായ നിലയിൽ കാര്യങ്ങൾ നീങ്ങിയേക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
Read More in India
Related Stories
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
2 years, 11 months Ago
അഞ്ച് പദ്ധതികള്‍; ഗ്രാമീണ ഇന്ത്യ ഡിജിറ്റലാകുന്നു
2 years, 10 months Ago
പാചകവാതക സിലിന്‍ഡര്‍ ബുക്കിങ് ചട്ടത്തില്‍ മാറ്റംവരും
3 years, 11 months Ago
രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി മലയാളി
3 years, 1 month Ago
ലോകത്തിലെ മികച്ച നാവികസേനയാകാനൊരുങ്ങി ഇന്ത്യന്‍ നേവി
3 years, 9 months Ago
Comments