Tuesday, Dec. 16, 2025 Thiruvananthapuram

ഒന്നാംക്ലാസില്‍ ചേര്‍ന്നാല്‍ വെള്ളിനാണയം സമ്മാനം; വിദ്യാര്‍ഥികളെ എത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

banner

3 years, 6 months Ago | 497 Views

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനായി വെള്ളിനാണയം സമ്മാനമായി നല്‍കുന്ന പദ്ധതിയുമായി കര്‍ണാടകത്തിലെ ഒരു സര്‍ക്കാര്‍സ്‌കൂള്‍ രംഗത്ത്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ മേലുകോട്ട സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളാണ് പുതിയ ചുവടുവെപ്പുമായി എത്തുന്നത്.

കന്നഡ മീഡിയത്തിലുള്ള 150 വര്‍ഷത്തോളം പഴക്കമുള്ള ബോയ്സ് സ്‌കൂളാണിത്. സ്വകാര്യ സ്‌കൂളുകളെ വെല്ലുംവിധം വിദ്യാര്‍ഥികള്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ 1875-ല്‍ സ്ഥാപിക്കപ്പെട്ട ഈ സ്‌കൂള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ അധ്യയനവര്‍ഷം മുതല്‍ വെള്ളിനാണയം സമ്മാനമായി നല്‍കുന്ന പദ്ധതി ആരംഭിച്ചത്.

യു.പി. ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി പാഠപുസ്തകം, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, പഠനയാത്ര തുടങ്ങിയവ സ്‌കൂള്‍ സൗജന്യമായി നല്‍കാറുണ്ട്. പൂര്‍വവിദ്യാര്‍ഥി അസോസിയേഷനുമായി ചേര്‍ന്ന് സ്‌കൂള്‍ വികസനസമിതി 'സ്‌പോക്കണ്‍ ഇംഗ്ലീഷ്' പഠിപ്പിക്കാനായി രണ്ട് അധ്യാപകരെയും നിയമിച്ചു. വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ പൂര്‍വവിദ്യാര്‍ഥിയായ എന്‍.ആര്‍.ഐ. ഡോക്ടറുടെ സഹായത്തോടെ സൗജന്യ ബസ് സര്‍വീസും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

2013-ല്‍ വിദ്യാര്‍ഥികളുടെ എണ്ണം 32 ആയി കുത്തനെ കുറഞ്ഞതോടെ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ ഇപ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണം 112 ആയി ഉയര്‍ന്നു. ഈവര്‍ഷം മുതല്‍ കംപ്യൂട്ടര്‍ ക്ലാസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.



Read More in Education

Comments