Friday, April 18, 2025 Thiruvananthapuram

കല്‍ക്കരി ക്ഷാമം രൂക്ഷം ; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്ക്

banner

3 years, 6 months Ago | 294 Views

ഊര്‍ജ്ജ ഉത്പാദനം ഗണ്യമായി ഉയരുകയും ഖനികള്‍ പലതും വെള്ളത്തിലാകുകയും ചെയ്തതോടെ രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം. കഷ്ടിച്ച് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരം മാത്രമാണ് പല നിലയങ്ങളിലുമുള്ളത്. പകുതിയിലധികം നിലയങ്ങളും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം നിലയ്ക്കും. സ്ഥിതിഗതികള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൽക്കരി പ്രതിസന്ധിയുണ്ടെന്ന് ഊര്‍ജമന്ത്രി ആര്‍ കെ സിങ് പ്രതികരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ കഷ്ടിച്ച് ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഊര്‍ജമന്ത്രാലയം.

രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചു. 104 താപനിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്തംബര്‍ 30 ന് തന്നെ സ്റ്റോക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരമേ അവശേഷിക്കുന്നുള്ളൂ. അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരാനുള്ള സാധ്യതയും വിദഗ്ധര്‍ പറയുന്നുണ്ട്. ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ്. കല്‍ക്കരിക്ഷാമം വൈദ്യുത നിരക്കുകകളിലും വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തുമ്പോള്‍ വൈദ്യുതി ആവശ്യവും കുത്തനേ ഉയര്‍ന്നു. പക്ഷെ കല്‍ക്കരി ഉല്‍പാദനത്തിലെ മാന്ദ്യം തിരിച്ചടിയാകുകയായിരുന്നു. കനത്ത മഴയില്‍ കല്‍ക്കരി ഖനികളില്‍ വെള്ളം കയറിയതും പ്രധാനപ്പെട്ട ഗതാഗത പാതകള്‍ വെള്ളത്തില്‍ മുങ്ങിയതുമാണ് ക്ഷാമത്തിന് കാരണം.

ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഴ കുറയുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതോൽപാദനം കുറഞ്ഞതിൽ കേരളത്തിനും ആശങ്ക. സ്‌ഥിതി തുടർന്നാൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവാണ്. ഇതിനാലാണ് തൽക്കാലം പ്രതിസന്ധി ഒഴിവായിരിക്കുന്നത്.

ഒരാഴ്‌ചയായി കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയിൽ ദിവസേന 300-350 മെഗാവാട്ട് കുറവുണ്ടെന്ന് വൈദ്യുതിവകുപ്പ് അധികൃതർ പറഞ്ഞു. പുറത്തുള്ള താപനിലയങ്ങളുമായുള്ള ദീർഘകാല കരാറിൽ 200 മെഗാവാട്ട് കുറഞ്ഞു. കേന്ദ്രനിലയങ്ങളിൽ നിന്നുള്ള വിഹിതത്തിൽ 150 മെഗാവാട്ട് വരെയാണ് കുറവ് രേഖപ്പെടുത്തിയത്.

വൈദ്യുതോൽപാദനം കുറഞ്ഞതിനാൽ പവർ എക്‌സ്ചേഞ്ചിൽ രാത്രിയിൽ റെക്കോഡ് വിലയാണ്. അടുത്തിടെ യൂണിറ്റിന് 19-20 രൂപവരെ വില ഉയർന്നിരുന്നു. പുറത്തു നിന്നുള്ള താപവൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ കാണുന്ന മാർഗം ജലവൈദ്യുതിയുടെ ഉൽപാദനം വർധിപ്പിക്കലാണ്.



Read More in India

Comments

Related Stories