Friday, May 23, 2025 Thiruvananthapuram

രാമായണ രചന

banner

3 weeks Ago | 61 Views

തിരുവനന്തപുരം: രാമായണത്തിലെ ഓരോ അക്ഷരവും സർവ്വപാപഹരങ്ങളാണെന്നും രാമായണത്തിന്റെ ഉൽപ്പത്തിതന്നെ സ്നേഹത്തിലും കരുണയിലും നിന്നാണെന്നും ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇണയുടെ വിയോഗത്തിൽ ഇടനെഞ്ചുപൊട്ടി വിലപിച്ച ക്രൗഞ്ചപക്ഷിയുടെ വേദനകണ്ട് ഉള്ളുപൊള്ളിയ വാല്മീകി മഹർഷിയുടെ അധരങ്ങളിൽ നിന്നടർന്നുവീണ ഹൃദയ വേദനയുടെ വാക്കുകളിലൂടെയായിരുന്നു രാമായണത്തിന്റെ സൃഷ്‌ടിയുടെ ബീജാവാപം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമായണ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ. ഋഗ്വേദമാണ് ലോകത്തിലെ ദേവകാല ആചാര്യന്മാർ രചിച്ച പ്രഥമ മഹാഗ്രനഥമെങ്കിൽ ഭൂതലത്തിലെ ആദ്യ മഹാ കാവ്യം വാല്‌മീകി രാമായണമാണ്.

ഒരു തൃസന്ധ്യനേരത്ത് വാല്‌മീകി മഹർഷിയും നാരദമുനിയും തമ്മിൽ സംസാരിച്ചു നിൽക്കവേ വാല്‌മീകി മഹർഷി താപസോത്തമൻ നാരദനോട് ആരാഞ്ഞു: അല്ലയോ മഹാമുനേ..., മഹത്ഗുണങ്ങളെല്ലാമുള്ള ഒരാളെ ചൂണ്ടിക്കാട്ടിത്തരാമോ...?" മറുപടിയായി നാരദമുനി ചോദിച്ചു:

"മഹാമുനീന്ദ്രാ... അങ്ങ് മഹത്ഗുണങ്ങൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്...?" നാരദമുനിയുടെ ചോദ്യത്തിന് വാല്മീകി മറുപടി നൽകി: മഹാത്മാവേ... അത് ഞാൻ പറയാം; അതായത് ശത്രുക്കളെ നിഗ്രഹിക്കാൻ സാമർത്ഥ്യമുള്ളവനും, കള്ളം പറയാത്തവനും, കൃതജ്‌ഞതയുള്ളവനും, ധർമ്മഹസ്ഥങ്ങൾ മുഴുവൻ അറിയുന്നവനും, ദൃഢനിശ്ചയമുള്ളവനും, സർവ്വച രാചരങ്ങളേയും ഒരേപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനും, പൂർണ്ണകാര്യ പ്രാപ്തിയുള്ളവനും, സർവ്വജ്ഞനും, സ്നേഹംമാത്രം പ്രകടിപ്പിക്കുന്നവനും, മറുമനസ്സുകളെ വശീകരിക്കുന്നവനും, കോപത്തെ ജയിച്ചവനും, ആരെയും ആകർഷിക്കുന്ന ശരീരകാന്തിയുള്ളവനും, അസൂയ തീരെ ഇല്ലാത്തവനും, യുദ്ധത്തിൽ ആരെയും ഭയപ്പെടുത്തുന്നവനും, ദയാനിധിയുമായ ആളെയാണ് ഞാൻ ഉദ്ദേശിച്ചത് പ്രഭോ... ആ വിധത്തിലുള്ള ആരെങ്കിലുമുണ്ടോ?”  വാ‌ല്മീകി മഹർഷിയുടെ ചോദ്യം കേട്ട് നാരദമുനി ചിരിച്ചുകൊണ്ട്‌ പറഞ്ഞു: "മഹാമുനീന്ദ്രാ.... അവിടുന്ന് പറഞ്ഞ നിലയിലുള്ള ഒരാളെ കണ്ടു പിടിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നാലും ഇവയെല്ലാം തികഞ്ഞ ഒരു പുരുഷനെ ഞാൻ കാണുന്നു. ഇക്ഷ്വാകുവംശത്തിൽപ്പെട്ട ഒരു രാജകുമാരനാണത്...! പേര് "രാമൻ' എന്നാണ്. അങ്ങയാൽ പറയപ്പെട്ട എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളായി ആ 'രാമനെ മാത്രമേ ഞാൻ കാണുന്നുള്ളൂ...

ഇതുകേട്ട് ഒന്ന് തലകുലുക്കിയശേഷം വാല്മീകി മഹർഷി കാനനത്തിനുള്ളിലേയ്ക്ക് നടന്നുപോയി. വാല്മീകി മഹർഷിയെക്കണ്ട് വന്യമൃഗങ്ങളെല്ലാം ഒതുങ്ങിനിന്നു. ആനകൾ തുമ്പിക്കരമുയർത്തി വന്ദിച്ചു. സിംഹവും പുലിയും കടുവയുമെല്ലാം വാല് ചുരുട്ടി ഉദരഭാഗം നിലത്തമർത്തി ഭവ്യതയോടെ കിടന്നു. സർപ്പങ്ങൾ മഹർഷിയുടെ വഴിയിൽ നിന്നും വേഗത്തിൽ ഇഴഞ്ഞ്‌ മാറി ഒരു വശത്തായി ഒതുങ്ങിക്കിടന്നു. മഹർഷി സന്ധ്യാസ്നാനത്തിനായി സരയൂ നദിയിലെത്തി. മഹർഷി എത്തിയതു കണ്ട് സരയൂനദിയിലെ കൂറ്റൻ മുതലകളും സ്രാവുകളുമെല്ലാം വേഗത്തിൽ തുഴഞ്ഞ് അകലേയ്ക്ക് നീങ്ങി. മുനി സ്‌നാനംകഴിഞ്ഞ് ഈറൻ വസ്ത്രവുമായി കരയിലേക്ക് കയറവേ നദീതീരത്തെ അശോകമരച്ചില്ലയിൽ രമിച്ചു കൊണ്ടിരിക്കുന്ന ഇണപ്പക്ഷികളെ കാണാനിടയായി. കർണ്ണമധുരമായി ചിലച്ചുകൊണ്ട് മരച്ചില്ലയിൽ കൊക്കുരുമിയിരിക്കുന്ന ക്രൗഞ്ചമിഥുനങ്ങളെ മഹർഷി സ്നേഹത്തോടെയും കൗതുകത്തോടെയും നോക്കി നിന്നു. പെട്ടെന്നായിരുന്നു ഒരു വേടൻ അവയിലൊന്നിനെ അമ്പെയ്‌ത്‌ വീഴ്ത്തിയത്. കൂരമ്പേറ്റ് താഴെവീണ് ജീവനുവേണ്ടി പിടയുമ്പോഴും അതിന്റെ  മിഴികൾ ഇണയുടെ മുഖത്തേയ്ക്കായിരുന്നു നീണ്ടിരുന്നത്. ഒടുവിൽ പ്രാണൻ വേർപെട്ടനേരത്തും ആൺ പക്ഷിയുടെ ചേതനയറ്റ കണ്ണുകൾ ഇണയുടെ മുഖത്തുനിന്നും പിൻവലിച്ചിട്ടില്ലായിരുന്നു. ക്രൗഞ്ചപ്പിട നെഞ്ചു  പൊട്ടിക്കരഞ്ഞുകൊണ്ട് ഇണയുടെ ജീവനില്ലാത്ത ശരീരത്തിൽ കൊക്കു രുമ്മിക്കൊണ്ടിരുന്നു. അത് കണ്ടു നിന്ന മഹർഷിയുടെ ഹൃദയം നുറുങ്ങി. പെട്ടെന്നാണ് അദ്ദേഹത്തിന്റെ  നാവിൽനിന്നും ഒരു ശ്ലോകം നിർഗ്ഗമിച്ചത്.

"മാനിഷാദപ്രതിഷ്ഠാംത്വം 

അഗമഃ ശാശ്വതീഃ സമാഃ

യത് ക്രൗഞ്ചമിഥുനാദേകം 

അവധീഃകാമമോഹിതം"

ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്‌ത്‌ കൊന്ന കാട്ടാളനോടുള്ള തന്റെ  കോപവും ദുഃഖവും പ്രകടിപ്പിക്കുക ആ വാക്കുകളിലൂടെ പുറത്തേയ്ക്കുവന്നു.  ദുഃഖിതനായി പർണ്ണശാലയിൽ മടങ്ങിയെത്തിയ മുനീന്ദ്രൻ കണ്ട ശോകകാഴ്‌ചയെക്കുറിച്ചും അന്നേരം നാവിൽ നിന്നുവീണ വാണീവിശേഷത്തെയുംകുറിച്ച് ചിന്തിച്ചിരിക്കുമ്പോൾ ബ്രഹ്‌മദേവൻ അവിടെ പ്രത്യക്ഷപ്പെട്ടു. വാല്‌മീകി മഹർഷി എഴുന്നേറ്റ് ബ്രഹ്‌മദേവനെ വണങ്ങി. ബ്രഹ്‌മദേവൻ പറഞ്ഞു: “മഹർഷേ.... അങ്ങ് എന്താണ് ചിന്തിക്കുന്നതെന്ന് നമുക്കറിയാം; ചിന്ത മതിയാക്കൂ; നാരദമുനിയിൽ നിന്നു ശ്രവിച്ച ശ്രീരാമചരിതം മുഴുവനും ശ്ലോകരൂപത്തിൽ തയ്യാറാക്കൂ..."

ഇതുപറഞ്ഞ് ബ്രഹ്‌മദേവൻ അവിടെനിന്ന് മറഞ്ഞു. ബ്രഹ്‌മദേവന്റെ വാക്കുകൾ ശിരസ്സാവഹിച്ചുകൊണ്ട് വാ‌ല്മീകി മഹർഷി അപ്പോൾത്തന്നെ രചന തുടങ്ങി. വാക്കുകൾ അനായാസം ഒഴുകിവന്നു. അതാണ് രാമായണമെന്ന ഭക്തികാവ്യം- ബി.എസ്. ബാലചന്ദ്രൻ തുടർന്നു പറഞ്ഞു.



Read More in Organisation

Comments