Thursday, April 17, 2025 Thiruvananthapuram

കോവിഡിനൊപ്പം നിപയും: ആരോഗ്യവകുപ്പിന് വെല്ലുവിളി

banner

3 years, 7 months Ago | 596 Views

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം മൂന്നാംതവണ കേരളത്തിലെത്തുന്ന  നിപ വൈറസ് രോഗബാധയ്ക്ക് മരണ നിരക്ക് കൂടുതലാണെങ്കിലും രോഗവ്യാപനം താരതമ്യേന കുറവാണ്. പ്രത്യേകിച്ച് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  മാസ്ക് ധാരിക്കുന്നതും സാനിറ്റൈസറുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുന്നതും നിപ വൈറസിന്റെ വ്യാപനത്തെ ചെറുക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

കോവിഡും, നിപയും രണ്ടിന്റെയും  പ്രതിരോധപ്രവർത്തനങ്ങൾ ഒന്നിച്ചുകൊണ്ടുപോകേണ്ട വെല്ലുവിളിയാണ് ആരോഗ്യവിഭാഗത്തിനു മുന്നിലുള്ളത്.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേ വാർഡുകൾ നിപയുടെ നിരീക്ഷണവാർഡുകളാക്കി.  നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 16 സംഘങ്ങളെയാണ് നിപ പ്രതിരോധപ്രവർത്തനത്തിനും സമ്പർക്കപ്പട്ടിക തയ്യാറാക്കാനും ഉൾപ്പെടെയുള്ള ജോലികൾക്കുമായി നിയോഗിച്ചത്. കോവിഡ് പ്രതിരോധത്തിൽനിന്നാണ് ഇവരെ മാറ്റിയത്. മാത്രമല്ല, നിപയെ കോവിഡിനെക്കാളും ഗൗരവത്തോടെ നേരിടേണ്ടതുകൊണ്ട് ആരോഗ്യവകുപ്പിന്റെ കൂടുതൽശ്രദ്ധ അതിൽ കേന്ദ്രീകരിക്കേണ്ടിവരുമെന്നതാണ് പ്രധാന പ്രശ്നം.

കോഴിക്കോട്ടാണ് ഞായറാഴ്ച ഏറ്റവുംകൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്തത്. 32 പഞ്ചായത്തുകളിൽ ഇപ്പോഴും സന്പൂർണ ലോക്ഡൗണാണ്. അവിടെ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇനി കോവിഡ്ബാധിതരുടെ എണ്ണംകൂടുകയും കൂടുതൽ നിപ കേസുകൾ റിപ്പോർട്ടുചെയ്താൽ കൂടുതൽ പ്രതിസന്ധിയിലാവും.

ഒന്നരവർഷമായി കോവിഡുമായുള്ള പോരാട്ടത്തിലായിരുന്നു ഡോക്ടർമാരും നഴ്സുമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാർ. അവർക്കുതന്നെയാണ് പുതിയ വെല്ലുവിളികൂടി നേരിടേണ്ടിവരുന്നത്.

പക്ഷേ, നിലവിലുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കാത്തരീതിയിലാണ് നിപയ്ക്കുവേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളിൽനിന്ന്‌ മൃഗങ്ങളിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാം. അതിനാൽ ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിമാത്രം ഉപയോഗിക്കുക. പക്ഷികളോ മൃഗങ്ങളോ കടിച്ചവ പൂർണമായും ഒഴിവാക്കുക. ജലസ്രോതസ്സുകളിൽ വവ്വാലുകളുടെ ശരീരസ്രവമോ ശരീരസ്രവമോ കാഷ്ഠമോ വീഴാതിരിക്കാൻ സൂക്ഷിക്കണം. കിണറുകൾക്കും ടാങ്കുകൾക്കും വലകളും മറ്റും ഭദ്രമായി സ്ഥാപിക്കുക. മാംസങ്ങൾ നല്ലവണ്ണം വേവിച്ച് കഴിക്കുക. വേവിച്ച് കഴിക്കുന്ന മാംസങ്ങളിൽ വൈറസിന് അതിജീവിക്കാൻ സാധിക്കില്ല. കട്ടിയുള്ള തോടുള്ള പഴങ്ങൾ സാധാരണയായി കൂടുതൽ സുരക്ഷിതമാണ്. ഇത് പക്ഷികൾക്ക് കൊത്താനാകില്ല.

രോഗി ഏറ്റവും ഗുരുതരാവസ്ഥ പ്രാപിച്ച ഘട്ടത്തിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഏറ്റവും അടുത്ത് ഇടപഴകുന്നവരിലേക്കുമാത്രമാണ് നിപ ഒരു രോഗിയിൽനിന്ന് രോഗിയിൽനിന്ന് മറ്റൊരാളിലേക്കു പകരുക.

രോഗസംക്രമണ ശേഷി തീരെ കുറഞ്ഞ, റിപ്രൊഡക്‌ഷൻ നമ്പർ 0.4 മാത്രമായ നിപ വൈറസ് സ്വയം കെട്ടടങ്ങുകയാണ് പതിവ്. അതുവരെ ജാഗ്രത പാലിക്കുകയാണു വേണ്ടത്.



Read More in Health

Comments