Tuesday, April 8, 2025 Thiruvananthapuram

ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്?

banner

3 years, 10 months Ago | 361 Views

സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ്.

എന്താണ് ക്ലബ്ഹൗസ്?

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആല്‍ഫ എക്സ്പ്ളൊറേഷൻ  എന്ന കമ്പനി വഴി പോള്‍ ഡേവിസണ്‍, രോഹന്‍ സേത് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈല്‍ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന ഫോണിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയില്‍ വലിയ രീതിയില്‍ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ് ആപ്പിന് കേരളത്തിലും വലിയ പ്രചാരം ലഭിച്ചത്.

ആദ്യം സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന ഇന്‍വിറ്റേഷന്‍ മുഖേന മാത്രം ജോയിന്‍ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലേക്ക് എത്തുമ്പോൾ  അതില്‍ നിന്നും മാറ്റം വരുത്തി ആര്‍ക്ക് വേണമെങ്കിലും   യൂസര്‍ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പില്‍ അപ്‌ഡേഷന്‍ വരുത്തിയിട്ടുണ്ട്. നിലവില്‍ പ്രതിദിനം 10 മില്യണ്‍ ആളുകള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി  പറയുന്നത്.

'ക്ലബ്ഹൗസ്: ഡ്രോപ്പ് ഇന്‍ ഓഡിയോ ചാറ്റ്' എന്നാണ് ആപ്പിന് പേര് നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്. സിനിമ, രാഷ്ട്രീയം, സംഗീതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകള്‍ വഴി നടക്കുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം 5000 പേര്‍ക്ക് വരെ ഒരു ചാറ്റ് റൂമില്‍ പങ്കെടുക്കാം.

എങ്ങനെയാണ് ക്ലബ്ഹൗസ് ഉപയോഗിക്കേണ്ടത്?

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലെയ്സ്റ്റോറില്‍ നിന്നും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ക്ലബ്ഹൗസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
ആദ്യം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് തുറക്കുക, അതില്‍ താഴെയുള്ള 'ഗെറ്റ് യുവര്‍ യൂസര്‍നെയിം' (Get your username) എന്നതില്‍ ക്ലിക്ക് ചെയ്യുക
അടുത്ത പേജില്‍ നിങ്ങളുടെ ഫോണ്‍ നമ്പർ  നല്‍കി, ലഭിക്കുന്ന ഒടിപിയും നല്‍കി പേരും യൂസര്‍നെയിമും ഫോട്ടോയും നല്‍കുക

ഇത്രയും ചെയ്ത ശേഷം നിങ്ങള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണെന്ന നിര്‍ദേശം ലഭിക്കും. ഇതോടെ നിങ്ങളുടെ കോണ്ടാക്‌ട് ലിസ്റ്റില്‍ ഉള്ള സുഹൃത്തുകള്‍ക്ക് നിങ്ങളെ പ്രവേശിപ്പിക്കാനുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. അവര്‍ അതില്‍ ക്ലിക്ക് ചെയ്ത് പ്രവേശനം നല്‍കിയാല്‍ നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങാം. അതേസമയം, നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെങ്കിലും നല്‍കിയ 'ഇന്‍വൈറ്റ്' ലിങ്ക് വഴിയാണ് നിങ്ങള്‍ കേറിയതെങ്കില്‍ നിങ്ങള്‍ക്ക് നേരെ ആപ്പിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഒരു ഉപയോക്താവിന് 8 ഇന്‍വൈറ്റുകളാണ് നടത്താന്‍ സാധിക്കുക.

ആപ്പിലേക്ക് പ്രവേശനം ലഭിച്ചു കഴിഞ്ഞ് നിങ്ങള്‍ക്ക് ഇഷ്ടപെട്ട വിഷയങ്ങള്‍  സ്‌ക്രീനില്‍ നിന്നും തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അതിനു ശേഷം പ്രധാന സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാണാന്‍ സാധിക്കും. നിങ്ങള്‍ ഫോള്ളോ ചെയ്യുന്ന ആളുകള്‍ പങ്കെടുക്കുന്നതോ നടത്തുന്നതോ ആയ ചര്‍ച്ചകളും കാണാവുന്നതാണ്. കൂടുതല്‍ ചര്‍ച്ചകള്‍ ലിസ്റ്റില്‍ കാണാന്‍ താഴെയുള്ള 'എക്‌സ്‌പ്ലോര്‍' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.

നിങ്ങള്‍ക്ക് ലഭിക്കുന്ന ചാറ്റ് റൂമുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതില്‍ കയറാനും എപ്പോള്‍ വേണമെങ്കില്‍ ഇറങ്ങി പോരാനും സാധിക്കും. ഒരു ചാറ്റ് റൂമില്‍ നിങ്ങള്‍ ആദ്യം കേള്‍വിക്കാരനായിട്ടായിരിക്കും പ്രവേശിക്കുക. അതിലെ ചര്‍ച്ചയില്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ 'റെയ്‌സ് ദി ഹാന്‍ഡ്' (Raise the hand) എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. അപ്പോള്‍ ചര്‍ച്ചയുടെ മോഡറേറ്റര്‍ നിങ്ങളെ സംസാരിക്കാന്‍ അനുവദിക്കും.

ഇനി നിങ്ങള്‍ക്ക് ഒരു റൂം തുടങ്ങാന്‍ ആണെങ്കില്‍ പ്രധാന സ്‌ക്രീനില്‍ താഴെയുള്ള 'സ്റ്റാര്‍ട്ട് എ റൂം' (Start a room) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആരംഭിക്കാം. ഓപ്പണ്‍, സോഷ്യല്‍, ക്ലോസ്ഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് റൂമുകള്‍ തുടങ്ങാന്‍ കഴിയുക. റൂമിന് പേര് നല്‍കാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. ഓപ്പണ്‍ റൂം എല്ലാ ഉപയോക്താക്കള്‍ക്കും കാണാനും പങ്കെടുക്കാനും സാധിക്കുന്നതാണ്.



Read More in Technology

Comments

Related Stories