Saturday, April 19, 2025 Thiruvananthapuram

കോഴ്‌സ് ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ നിര്‍ത്താം, ഉടന്‍ പുതിയത് തെരഞ്ഞെടുക്കാന്‍ അവസരം; 'അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്' പദ്ധതിയുമായി കേന്ദ്രം

banner

3 years, 8 months Ago | 394 Views

ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ കോഴ്‌സ് പഠനം ഉപേക്ഷിച്ച്‌ മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണിതെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്കാണ് തുടക്കമിട്ടത്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഒന്നിലേറെ സാധ്യതകള്‍ മുന്നോട്ടുവെയ്ക്കുന്നതാണ് പുതിയ പദ്ധതി. എപ്പോള്‍ വേണമെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കാനും ഇറങ്ങിപ്പോകാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഇത് ഒരു സ്ട്രീമില്‍ തന്നെ തളച്ചിടുന്ന ബുദ്ധിമുട്ടില്‍ നിന്ന് കുട്ടികളെ രക്ഷിക്കുമെന്ന് മോദി പറഞ്ഞു.

രാജ്യത്ത് എന്‍ജിനീയറിങ് കോഴ്‌സുകള്‍ അഞ്ചു പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കാന്‍ പോകുന്നതായി നരേന്ദ്രമോദി വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങളിലെ 14 എന്‍ജിനീയറിങ് കോളജുകളിലാണ് അഞ്ചു പ്രാദേശിക ഭാഷകളില്‍ എന്‍ജിനീയറിങ് പഠനം ആരംഭിക്കാന്‍ പോകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് എന്‍ജിനീയറിങ് പഠനം സാധ്യമാകാന്‍ പോകുന്നതെന്നും മോദി പറഞ്ഞു.  എന്‍ജിനീയറിങ് കോഴ്‌സുകള്‍ 11 ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ചതായും മോദി വ്യക്തമാക്കി.

ഈ നൂറ്റാണ്ടിലെ യുവജനങ്ങള്‍ സ്വന്തമായി എന്തെങ്കിലും ആവിഷ്‌കരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് ഇവർ പ്രവര്‍ത്തന സ്വാതന്ത്ര്യം വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഭാവിയില്‍ എത്രദൂരം വരെ പോകും,    ഏതറ്റം വരെ നേട്ടം കരസ്ഥമാക്കും എന്നിവയെല്ലാം ഏതുതരത്തിലുള്ള വിദ്യാഭ്യാസമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും മോദി പറഞ്ഞു.



Read More in Education

Comments