പൈതൃകത്തിന്റെ കരുത്ത് സംസ്കാരഭാരതം

8 months, 3 weeks Ago | 47 Views
വിശ്വസാഹിത്യകാരൻ വില്യം ഷേയ്ക്സ്പിയറിന്റെ പ്രശസ്തമായ ഒരു വരിയുണ്ട്. "ആചാര വിശ്വാസങ്ങളും ആശയദർശനങ്ങളും സദ്ക്രിയകളും സദ്സംരംഭങ്ങളും ഉൾച്ചേരുന്നതാണ് സംസ്കാരം. അതിന് വർണ്ണമില്ല; ഗന്ധമില്ല. പക്ഷേ ഇന്ദ്രധനുസ്സിന്റെ സപ്തവർണ്ണങ്ങളും കൽഹാരപുഷ്പത്തിന്റെ സൗരഭ്യവും മാത്രമല്ല, അഗ്നിശൈലത്തിന്റെ ചൂടും ഹിമഗിരിയുടെ തണുപ്പും ആവാഹിച്ച് അത് കൈച്ചുരുളിലൊതുക്കിയിട്ടുണ്ട്!
ജീവിതഗന്ധികളായ സൃഷ്ടികളിലൂടെ ആംഗലേയ നാടക സാഹിത്യരംഗത്ത് സിംഹാസനമുറപ്പിച്ച ഷേയ്ക്‌സ്‌പിയറിന്റെ ഈ വരികൾ ഏത് അർത്ഥതലത്തിൽ വിലയിരുത്തിയാലും അന്വർത്ഥം തന്നെയാണ്. അതുകൊണ്ടുതന്നെ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ വിപുലവും വ്യാപകവുമാക്കുക എന്ന പ്രക്രിയയ്ക്ക് പ്രസക്തിയേറുന്നു.
സാംസ്ക്കാരിക പരിപാടികൾ ഏകോപിപ്പിക്കുവാനും സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും വേണ്ടിയുള്ള പ്രത്യേക സംവിധാനത്തിന്റെ ആവശ്യകത വളരെ വലുതാണ്. ഈ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിൽ സെൻട്രൽ ഭാരത് സേവക് സമാജിന്റെ തീരുമാനപ്രകാരം രൂപീകരിച്ചിട്ടുള്ളതാണ് 'സംസ്കാരഭാരതം ട്രസ്റ്റ്. ദേശീയ വികസന ഏജൻസിയെന്ന നിലയിൽ രാജ്യത്തെ വിവിധങ്ങളായ വികസന പരിപാടികളുമായി ബന്ധപ്പെട്ട് ബി.എസ്.എസ് നടത്തിവരുന്ന പ്രവർത്തന ശൃംഖലയിലെ മിഴിവുള്ളൊരു കണ്ണിയാണിത്. ചലച്ചിത്ര കാവ്യസദസ്സ്, ആസ്വാദനം, പുസ്‌തകാവലോകനം, നാടകപഠനം തുടങ്ങി വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക, സമാനമായ മറ്റ് സാംസ്കാരിക വിനിമയ പരിപാടികൾക്ക് രൂപം നൽകി പ്രവർത്തിപഥത്തിൽ കൊണ്ടു വരിക തുടങ്ങിയുള്ളവയാണ് സംസ്‌കാര ഭാരതം ലക്ഷ്യമിടുന്നത്. രാജ്യത്ത് ധാരാളം സാംസ്‌കാരിക പ്രസ്ഥാനങ്ങൾ നിലവിലുള്ളപ്പോൾ തന്നെ സംസ്‌കാര ഭാരതം ഒരു പ്രത്യേക ട്രസ്റ്റായി രൂപീകരിച്ചുകൊണ്ട് അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചിട്ടുള്ളതിന് കാരണവും മറ്റൊന്നല്ല.
'ഭാരത സംസ്കാര'മെന്നാൽ എന്താണ്? എങ്ങിനെയാണ്? എന്നതിനെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ചിന്തയും അറിവും നാം ഓരോരുത്തരിലും ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാരത സംസ്‌കാരത്തിന്റെ ഉത്ഭവ-പരിണാമ-പരിവർത്തന-രൂപ-ഭാവങ്ങളെക്കുറിച്ചുള്ള കുലങ്കഷ ചർച്ചയ്ക്കും ഇനിയൊട്ടും അമാന്തിച്ചുകൂടാ. വിശ്വസംസ്ക്‌കാര മേഖലകളെ വിജ്രംഭിക്കുവാൻ അത് കൂടിയേ തീരു. ഈ അനിവാര്യതയെക്കുറിച്ചുള്ള തിരിച്ചറിവാണ് സാംസ്കാരിക പ്രസ്‌ഥാനങ്ങൾ നിലവിലുള്ളപ്പോഴും 'സംസ്കാരഭാരതം ട്രസ്റ്റ് രൂപികരണത്തിന് പിന്നിലെ ചേതോവികാരം.
'ഭാരതവർഷം' എന്നത് യുഗങ്ങൾക്ക് മുമ്പുള്ള ഒരു രാഷ്ട്ര സങ്കൽപ്പമാണ്. ഭാരതവർഷത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ രൂപംകൊണ്ടതാണ് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ആപ്‌തവാക്യം . ഭാരത സംസ്ക്‌കാരത്തിന്റെ സുന്ദരമണിധ്വജമാണത്. ലോകം മുഴുവനും നന്മ വിളയിക്കുവാനും അതിലൂടെ സർവ്വമാനപേർക്കും സുഖം പകരാനും ആഗ്രഹിച്ചുകൊണ്ടുള്ള ഒരു മഹത്ദർശനം! കേവലം ഒരു മനുഷ്യന്റേയോ ഒരു സമൂഹത്തിന്റെയോ സുഖമല്ല ഇവിടെ കാംക്ഷിക്കുന്നത്. മറിച്ച് ലോകത്തെയാകെ ഒന്നായിക്കണ്ട് സർവ്വർക്കും ഒരേപോലെ സുഖം പകരുക എന്നതാണ് ദർശനം! ഒരു ഭാരത്തിനു മാത്രം കഴിയുന്ന നിതാന്ത നിവർണനം!
ഭാരത സംസ്കാരത്തിന്റെ തിരുനെറ്റിയിലെ ജ്വലിക്കുന്ന തിലകക്കുറിയാണ് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ആപ്തവാക്യം. ഭാരത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മേലേ കൊളുത്തിവച്ച ഭദ്രദിപം.
ഭാരത സംസ്ക്കാരം ഏതുവിധത്തിൽ നമ്മെ പ്രബുദ്ധരാക്കുന്നുവെന്നും സ്വാധീനിക്കുന്നുവെന്നും ഗൗരവപൂർവ്വം ചിന്തിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ പ്രഥമ ക്ലാസിക്കുകളും ഭാരതത്തിന്റെ അഭിമാന ശ്രേഷ്‌ഠഗ്രന്ഥങ്ങളുമാണ് രാമായണവും മഹാഭാരതവും. അവ അനുവാചകർക്ക് ഉയർന്ന ജീവിതമൂല്യങ്ങളരുളിക്കൊണ്ട് ഇഹലോകത്തിലെ മുർഖത നിർമ്മാർജ്ജനം ചെയ്യുവാനുള്ള പോരാട്ടം നടത്തി അവിടെ അവസാനിപ്പിക്കുകയാണ്. രാവണനിഗ്രഹത്തിനുശേഷം പട്ടാഭിഷേകാനന്തരം ശ്രീരാമൻ അയോദ്ധ്യാരാജാവായി ഭരണം നടത്തുന്നു. 'രാമരാജ്യം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ കാലഘട്ടത്തെക്കുറിച്ച് ഒരിടത്തും പരാമർശിക്കപ്പെട്ടു കാണുന്നില്ല. മഹായാനം പോലെ ഉത്തരകാണ്ഡമെഴുതി അവിടെ അവസാനിപ്പിക്കുകയാണ്. അതിനുമപ്പുറമായി ശ്രീരാമഭരണ കാലം എങ്ങിനെയായിരുന്നുവെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? പംക്തികന്ധരന്റെ അഭിശപ്തതഭരണകാലത്ത് രാക്ഷസ സമൂഹത്തിന് എന്തും കാട്ടുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ദ്രനഗരിയായ അമരാവതിയെപ്പോലും വെല്ലുന്ന നിലയിലായിരുന്നു ലങ്ക. അവിടെ തികഞ്ഞ സമൃദ്ധിയായിരുന്നു ഉണ്ടായിരുന്നത്. വേണ്ടത്രയോ അതിൽക്കവിഞ്ഞോ ഉള്ള സമ്പത്തുമുണ്ടായിരുന്നു.
സർവ്വസുഖ സൗകര്യങ്ങളുടേയും വിളനിലമായിരുന്നു ലങ്കയെങ്കിലും പൗലസ്ത്യ കിങ്കരന്മാരായ രാക്ഷസർക്ക് എന്തു നെറികേടും കാട്ടുവാനുള്ള ദുഃസ്വാതന്ത്ര്യമായിരുന്നു അവിടെ നിലനിന്നിരുന്നത്. ദശവദനഭരണം അവസാനിച്ച് വിഭീഷണ ഭരണകാലമായതോടെയാണ് ലങ്കയുടെ നല്ലകാലം വന്നെത്തിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഈ ചരിത്രവസ്തുതയെക്കുറിച്ച് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്? മനസ്സിലാക്കിയവർക്കുതന്നെ അത് വേണ്ടവിധം പ്രചരിപ്പിക്കാനായിട്ടുണ്ടോ? ലങ്ക ഭാരതത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്ഥാനടക്കമുള്ള ഭൂപ്രദേശങ്ങളും ഭാരതത്തിന്റെ ഭാഗമായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളും ഭാരത സംസ്കാരവുമായി ബന്ധപ്പെട്ടു കിടന്നിരുന്നുവെന്നതും ചരിത്രവസ്‌തുത. ലങ്കയിലെ കൗണപ സമൂഹത്തിന്റെ സ്വഭാവരീതികളിലും പെരുമാറ്റ-പ്രവർത്തികളിലുമൊക്കെ മാറ്റംവരുത്തി അവരെ മനുഷ്യരാക്കി മാറ്റുവാൻ വിഭീഷണന്റെ ഭരണത്തിന് സാധ്യമായി. മനുഷ്യജീവിതരീതിയും സംസ്‌കാരവുമൊക്കെ അന്നാണവിടെ പുലർന്നത്. വിഭീഷണഭരണകാലത്ത് ശ്രീരാമചന്ദ്രൻ പലവട്ടം ലങ്ക സന്ദർശിച്ചതായി അറിയണം. ഇതെല്ലാം ഭാരതജനത അറിയേണ്ടതും അറിയിക്കേണ്ടതുമല്ലേ? ഭാരതസംസ്‌കാരം ലോക സംസ്കാരത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ഇതൊക്കെ സുപ്രധാന വിഷയങ്ങളാവേണ്ടതല്ലേ? ഈ ചോദ്യങ്ങളെല്ലാം ഇവിടെ പ്രസക്തമാണ്.
വാനരന്മാരായികഴിഞ്ഞിരുന്ന കിഷ്‌കിന്ധാരാജ്യസമൂഹം സുഗ്രീവന്റെ ഭരണകാലത്ത് ശ്രീരാമപട്ടാഭിഷേകച്ചടങ്ങിൽ സംബന്ധിക്കുവാൻ മനുഷ്യവേഷധാരികളായാണ് അയോദ്ധ്യയിലേക്ക് പോയത്. അതോടെ അവരിൽ തങ്ങൾക്കും മനുഷ്യരായി മാറി ജീവിക്കണമെന്ന അഭിലാഷമുണർന്നു. ആവിധത്തിലാഗ്രഹിച്ച കിഷ്‌കിന്ധരാജ്യ സമൂഹത്തെ പിന്നീട് നാം കാണുന്നത് കർമ്മധീരരായ മനുഷ്യരായാണ്. ഇതൊക്കെ ഭാരതം നൽകിയ സംസ്കാരത്തിന്റെ സംഭാവനകളാണ്. അതായത് മാനവരാശിയുടെ വളർച്ചക്കിടയിലുണ്ടായ സാംകാരികമായ ഭാവപ്പകർച്ചകൾ. ഈ ചരിത്രമെല്ലാം നാം മനസ്സിലാക്കേണ്ടതല്ലോ?
രാവണന്റെ കാലത്ത് ദേവസമൂഹം ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. ദേവരാജാവായ ദേവേന്ദ്രനടക്കമുള്ള ദേവകളെ അടിമകളാക്കിക്കൊണ്ടായിരുന്നു ത്രിലോകങ്ങളും അടക്കിവാണിരുന്ന ദശാസ്യന്റെ ഭരണം. രാവണ നിഗ്രഹത്തിനുശേഷമാണ് സ്‌ഥിതിക്ക് മാറ്റം വന്നത്. പിന്നീടൊരിക്കലും ദേവലോകത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടായിട്ടില്ല. ദേവകൾ പൂർണ്ണമായും സ്വതന്ത്രരായി. തുടർന്നാണ് ലോകത്ത് പരിപാലിക്കപ്പെടേണ്ടതായ ദേവനീതിയുണ്ടായത്. ഭാരത സംസ്‌കാരത്തിന്റെ ഭാഗമായുള്ള ദേവനീതി എന്താണെന്ന് നാം അറിഞ്ഞിരിക്കേണ്ടതല്ലേ? അതെന്താണെന്നോ, എന്തിനാണെന്നോ ഉള്ള അറിവ് ആർജ്ജിക്കുവാനോ അത് പങ്കുവെയ്ക്കുവാനോ നമുക്ക് ഇതുവരെയും സാധിച്ചിട്ടുണ്ടോ? ഈ വിധം നമുക്ക് മുന്നിൽ തുറിച്ചുനിൽക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിക്കുകയേ വഴിയുള്ളൂ. ഭാരതസംസ്‌കാരത്തിന്റെ ഭാഗമായുള്ള വിലപ്പെട്ട ധാരാളം അറിവുകൾ ഇന്നും പൊടികൊണ്ട് മൂടിക്കിടക്കുകയാണ്. മനുഷ്യരിലെ ഏകത്വമനോഭാവത്തിന്റേയും തുല്യ നീതിയുടെയും തുല്യ അവകാശത്തിന്റേയും തുല്യ അവസരത്തിന്റേയുമൊക്കെ ശ്രേഷ്‌ഠഭാവങ്ങളിലേക്ക് ദീർഘവീക്ഷണത്തോടെ സമീപിച്ച ചരിത്രമാണ് ഭാരത സംസ്കാരത്തിനുള്ളത്. പരമപ്രധാനമായ ഈ വസ്തുതകളെല്ലാം ഉൾക്കൊണ്ടുള്ള ദൗത്യമാണ് സംസാരഭാരതം' ഏറ്റെടുക്കുന്നത്.
ലോകത്തെ ഏറ്റവും മഹത്തായ ഒരു സംസ്കാരത്തിന്റെ തറവാടായി ഭാരതത്തെ മാറ്റേണ്ടതുണ്ട്. വളരെ വലിയ ദൗത്യമാണത്. ഒരോ ഇടങ്ങളിലും ഈ നിലയിലുള്ള പ്രവർത്തനങ്ങൾ വേണ്ടിയിരിക്കുന്നു. അതിനായി തീവ്രയത്നം നടത്തുക എന്നതാണ് സംസ്കാരഭാരതം ലക്ഷ്യംവെക്കുന്ന ആഗ്രഹം. സ്വപ്നം കാണുന്ന വിഷയവും ഇതുതന്നെയാണ്.
വിദ്വേഷത്തിന്റെയും പകയുടേയും പങ്കുവെയ്ക്കലല്ല നമുക്ക് വേണ്ടത്. പലപ്പോഴും നമുക്ക് ചുറ്റും കാണുവാനാകുന്നത് വിദ്വേഷവും പകയും ആക്രോശവുമാണ്. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും സാഹിത്യകാരന്മാരും കലാകാരന്മാരുമായ പലരും പലപ്പോഴും സംസാരിക്കുന്നത് ആക്രോശത്തിന്റെ ഭാഷയിലാണെന്നുകാണാം. ലോകത്തെ ചില പ്രത്യേക വിഭാ ഗം ജനങ്ങൾ പരസ്‌പരം സംസാരിക്കുന്നതുതന്നെ ആക്രോശിച്ചാണത്രേ, അവർക്ക് ശാന്തമായ ഭാഷയിൽ സംസാരിക്കാനറിയില്ല. അത്തരത്തിലുള്ള ആക്രോശഭാഷ നമ്മുടെ പുതുസംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടോയെന്നുപോലും തോന്നിപ്പോകുന്നു.
പല രംഗങ്ങളിലേയും പ്രമുഖർ പോലും ഈ വിധം സംസാരിച്ചു കാണുന്നു എന്നതിലാണത്ഭുതം. നമുക്ക് വേണ്ടത് ഈ ആക്രോശത്തിന്റെ ഭാഷ പാടെ തുടച്ചുമാറ്റുക എന്നതാണ്. ആക്രോശ സ്വ ഭാവമില്ലാത്ത ഒരു സാമൂഹ്യ സാഹചര്യവും ഭവന സാഹചര്യവും നമുക്കുണ്ടാവണം. ഭവന സാഹചര്യമുണ്ടാവണമെങ്കിൽ ആദ്യം വേണ്ടത് സാമൂഹ്യ സാഹചര്യത്തെ ആവിധത്തിൽ മാറ്റിയെടുക്കുക എന്നതാണ്. നമ്മുടെ ചില മാധ്യമങ്ങൾപോലും ഈ അധമപാതയിലേക്ക് വഴുതിവീണുപോയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഗണത്തിൽപ്പെട്ടു പോയവരുടെ മുഖവും ഉള്ളുമെല്ലാം തുറന്ന മനസ്സോടെ പരിശോധിച്ചാൽ അവർ ഉപയോഗിക്കുന്ന ഭാഷയിലും രീതികളിലുമെല്ലാം ആക്രോശത്തിന്റെയും വിദ്വേഷത്തിന്റെയും നിറം കാണാനാവും.
ഇതുപറയുമ്പോൾ ആർക്കെങ്കിലുമെതിരെയുള്ള കുറ്റപ്പെടുത്തലായി കാണേണ്ടതില്ല. മറിച്ച് നാം ഇന്ന് എവിടെയെത്തിനിൽക്കുന്നു എന്നതിന്റെ ആത്മപരിശോധനയായി കണക്കാക്കിയാൽ മതി. ഇത്തരത്തിലുള്ള പ്രവണതകൾക്കെല്ലാമെതിരെ പോരാടുക എന്ന വലിയ ദൗത്യമാണ് സംസ്കാരഭാരതം ഏറ്റെടുക്കുന്നത്. ഈ വിധം ദേശീയതലത്തിൽ നടത്തുന്ന തീവ്രയത്ന പരിപാടിയിലൂടെ നമുക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാനാവും. അതിനായുള്ള സംഘടിത ശ്രമത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. സമാന ചിന്താഗതിക്കാരെ ഒരു ചരടിൽ കോർത്തിണക്കുവാനും എല്ലാവരുമായും ആശയവിനിമയം നടത്തിക്കൊണ്ട് തോളോടുതോൾ ചേർന്നുനിന്ന് പ്രവർത്തിക്കുവാനും വേണ്ട അവസരങ്ങളാണ് ഉണ്ടാവേണ്ടത്. അതിനായി നമുക്ക് കൂട്ടായി യത്നിക്കാം.
Read More in Organisation
Related Stories
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ
2 years, 9 months Ago
വെളിച്ചമില്ലാതെ പ്രപഞ്ചമില്ല
1 year, 8 months Ago
പാദരക്ഷകൾ പരമ പ്രധാനം
3 years, 4 months Ago
സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച സർഗ്ഗാത്മകതയുടെ സഞ്ചാരപാഥങ്ങൾ പ്രകാശനം ചെയ്തു
2 years, 2 months Ago
ദിവ്യ വചനങ്ങൾ
1 year, 11 months Ago
ഡോ. തമ്പാനെക്കുറിച്ച് ഡോ. തമ്പാൻ
3 years, 8 months Ago
ജൂലായ് മാസത്തെ പ്രധാന ദിവസങ്ങൾ
3 years, 8 months Ago
Comments