Saturday, April 19, 2025 Thiruvananthapuram

കോവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക, അനുമതി ഉടന്‍ നല്‍കിയേക്കും.

banner

3 years, 5 months Ago | 295 Views

കോവിഡ് ചികിത്സിയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി.എസ്.ഐ.ആര്‍ ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷണങ്ങളോടെ കോവിഡ് രൂക്ഷമാകുന്നവര്‍ക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവര്‍ക്കോ ആവും മോള്‍നുപിരാവിര്‍ ഗുളിക നല്‍കുക. കോവിഡ്, ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മാഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തില്‍ വാക്‌സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. അഞ്ച് കമ്പനികള്‍ മോള്‍നുപിരാവിര്‍ ഉത്പാദകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഏത് ദിവസം വേണമെങ്കിലും മോള്‍നുപിരാവിറിന് അനുമതി ലഭിച്ചേക്കാം.കോവിഡ് വൈറസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇത്. മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് തുടക്കത്തില്‍ 2000 മുതല്‍ 4000 വരെയാവും ചെലവ്. പിന്നീട് അത് കുറയും...ഫൈസര്‍ കമ്പനിയുടെ പാക്‌സ്ലോവിഡ് ഗുളികയ്ക്ക് അനുമതി ലഭിക്കുന്നത് അല്‍പം കൂടി സമയമെടുത്തേക്കും.

പാക്‌സ്ലോവിഡ് ഗുളികയുടെ ഉപയോഗം കോവിഡ് മരണസാധ്യതയോ ആശുപത്രി ചികിത്സയോ 89 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് ഫൈസര്‍ ക്ലിനിക്കല്‍ ട്രയലിനു ശേഷം അവകാശപ്പെടുന്നത്.

മോള്‍നുപിരാവിര്‍ എന്നറിയപ്പെടുന്ന ഗുളിക മെര്‍ക്ക് യു.എസ്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്. ഒരു ഓറല്‍ ആന്റിവൈറല്‍ മരുന്നാണ് ഇത്. കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായ രോഗികളില്‍ ഈ ഗുളിക ഉപയോഗം വഴി ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറയ്ക്കാനാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. വാക്സിനേഷന്‍ നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ ഈ ഗുളിക മികച്ച ഫലം ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ എഫ്.ഡി.എ അനുമതിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗം വ്യാപകമാവുന്നത് കോവിഡ് ചികിത്സയില്‍ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Read More in India

Comments