Sunday, April 27, 2025 Thiruvananthapuram

സൈനിക രഹസ്യങ്ങളുമായി രാജ്യത്ത് നുഴഞ്ഞ് കയറിയ പാക് സൈനികനെ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ആദരിച്ചത് പത്മശ്രീ നല്‍കി

banner

3 years, 5 months Ago | 305 Views

ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിനായി ഇന്ത്യയെ സഹായിക്കാന്‍ സ്വന്തം സൈന്യത്തെ ഉപേക്ഷിച്ച ലഫ്റ്റനന്റ് കേണല്‍ ക്വാസി സജ്ജാദ് ഇന്നെത്തി നില്‍ക്കുന്നത് രാജ്യത്തിന്റെ നാലാമത് ഉയ‌ര്‍ന്ന ബഹുമതിയായ പത്മശ്രീയിലാണ്.

ബംഗ്ലാദേശിന്റെ സൃഷ്ടിയിലേക്കായി 1971- ലെ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നിലുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. ഇന്ത്യയും ബംഗ്ളാദേശും യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ തേടി പത്മശ്രീ എത്തിയത്. അദ്ദേഹത്തിന് എഴുപത്തിയൊന്ന് വയസും തികഞ്ഞിരിക്കുന്നു.

അതിസാഹസികമായ ജീവിതകഥയാണ് ക്വാസി സജ്ജാദിന്റേത്. ബംഗ്ളാദേശ് വിഭജനകാലത്തും ഷക്കാര്‍ഗാ യുദ്ധത്തിലും നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ലഫ്റ്റനന്റ് കേണല്‍ ക്വാസി സജ്ജാദ്. പാകിസ്ഥാനില്‍ തന്റെ പേരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി വധശിക്ഷ വിധി നിലനില്‍ക്കുന്നതായി കേണല്‍ അഭിമാനപൂര്‍വ്വം പങ്കുവയ്ക്കുന്നു. തന്റെ അമൂല്യ സേവനങ്ങള്‍ക്ക് ധീരതയ്ക്കുള്ള വീര്‍ ചക്രയുടെ ഇന്ത്യന്‍ തതുല്യമായ ബിര്‍ പ്രൊട്ടിക്, ബംഗ്ളാദേശിന്റെ പരമോന്നത ബഹുമതിയായ സ്വാതിനാദ പതക് എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

1971 മാര്‍ച്ചില്‍ തന്റെ ഇരുപതാമത്തെ വയസിലാണ് കിഴക്കന്‍ പാകിസ്ഥാനില്‍ അതിക്രമങ്ങളും വംശഹത്യകളും രൂക്ഷമായതോടെ ബൂട്ട്സില്‍ രേഖകളും മാപ്പുകളും കുത്തി നിറച്ച്‌ പാകിസ്ഥാന്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്ന ക്വാസി സജ്ജാദ് ഇന്ത്യയിലേയ്ക്ക് ഒളിച്ചുകടന്നുവന്നത്. കൈവശം ആകെയുണ്ടായിരുന്നത് പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശദാംശങ്ങളും ഇരുപത് രൂപയും.

എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ടുപിടിക്കുകയും പാകിസ്ഥാന്‍ ചാരനെന്ന് മുദ്രകുത്തി തുറങ്കിലടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പത്താന്‍കോട്ടിലെത്തിച്ച്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെ അദ്ദേഹം കൈവശമുണ്ടായിരുന്ന രേഖകള്‍ പുറത്തെടുത്തു. തുടര്‍ന്ന് കാര്യഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഡല്‍ഹിയിലേയ്ക്ക് അയക്കുകയും അവിടെ മാസങ്ങളോളം സുരക്ഷിതനായി കഴിയുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് അദ്ദേഹം കിഴക്കന്‍ പാകിസ്ഥാനിലെത്തി പാകിസ്ഥാന്‍ സൈന്യത്തെ നേരിടാന്‍ രൂപം നല്‍കിയ മുക്തി ബാഹിനിയുടെ ഭാഗമാകുന്നത്.

ഇപ്പോഴത്തെ ബംഗ്ളാദേശായ അന്നത്തെ കിഴക്കന്‍ പാകിസ്ഥാനിലെ സ്വന്തം ആളുകള്‍ നേരിട്ട അതിക്രമങ്ങളില്‍ മനംനൊന്താണ് പാകിസ്ഥാന്‍ ഉപേക്ഷിക്കാന്‍ ക്വാസി സജ്ജാദിനെ പ്രേരിപ്പിച്ചത്. മുഹമ്മദ് അലി ജിന്നായുടെ പാകിസ്ഥാന്‍ തങ്ങള്‍ക്ക് ശവകുടീരങ്ങളായി മാറിയെന്നും യാതൊരു അവകാശങ്ങളുമില്ലാതെ പാകിസ്ഥാന്റെ സേവകരായിട്ടാണ് തങ്ങളെ കണക്കാക്കിയിരുന്നതെന്നും സജ്ജാദ് ഓര്‍ക്കുന്നു.

ഒളിച്ചുകടന്നെത്തിയ തന്നോട് ഇന്ത്യന്‍ സൈന്യം നല്ല രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം പങ്കുവയ്ക്കുന്നു. മാപ്പ് റീഡിംഗ്, നൈറ്റ് നാവിഗേഷന്‍ എന്നിവയില്‍ അഗ്രഗണ്യനായ അദ്ദേഹം പാകിസ്ഥാന്‍ വിന്യാസത്തെക്കുറിച്ച്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് കൃത്യമായി വിശദീകരിച്ചിരുന്നത് 1971ലെ യുദ്ധം വിജയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ വിജയത്തിന്റെ അംഗീകാരം ഏറ്റെടുക്കാന്‍ വിസമ്മതിച്ച അദ്ദേഹം എല്ലാ അംഗീകാരവും ഇന്ത്യന്‍ സൈന്യത്തിന് അര്‍പ്പിക്കുന്നു.

Read More in India

Comments

Related Stories