Thursday, July 31, 2025 Thiruvananthapuram

ഏഷ്യയിലെ ആദ്യ 'പറക്കും കാര്‍'; ഹെലിടെക് എക്സ്പോയില്‍ താരമായി 'വിനാറ്റ'

banner

3 years, 9 months Ago | 631 Views

നൂതന സാങ്കേതിക വിദ്യയില്‍ ഇന്ത്യയും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ പറക്കുന്ന കാര്‍ നിര്‍മ്മിച്ചിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായുള്ള 'വിനാറ്റ' എയറോമൊബിലിറ്റി. ഏഷ്യയിലെ ആദ്യത്തെ പറക്കുന്ന കാര്‍ ആണ് വിനാറ്റ നിര്‍മ്മിച്ചിരിക്കുന്നത്.

ലണ്ടനില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹെലിടെക് എക്സ്പോ എക്സലില്‍ ആണ് ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാര്‍ പ്രോട്ടോടൈപ്പ് വിനാറ്റ അവതരിപ്പിച്ചത്. മുന്‍പ് പുതിയ പറക്കും കാറി​ന്‍റെ ടീസര്‍ കമ്പനി പുറത്തുവിട്ടിരുന്നു.

പ്രോട്ടോടൈപ്പില്‍ ഒരേ സമയം രണ്ട് പേര്‍ക്ക് ഇരിക്കാം. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തോടെ ഒരു വലിയ ഡിജിറ്റല്‍ ടച്ച്‌സ്‌ക്രീന്‍ ഉണ്ട്. ഇത് നാവിഗേഷനായി ഉപയോഗിക്കാനാകും. രണ്ട് സീറ്റര്‍ ഫ്ലൈയിങ്​ കാറിന് 1100 കിലോഗ്രാം ഭാരമുണ്ട്. കൂടാതെ 1300 കിലോഗ്രാം ടേക്ക് ഓഫ് ഭാരം കൈകാര്യം ചെയ്യാനും ഈ ഫ്ലൈയിങ്​ കാറിന് കഴിയും. പാരച്യൂട്ടും നിരവധി എയര്‍ബാഗുകള്‍ പിടിപ്പിച്ച കോക്​പിറ്റും വാഹനത്തിന്​ ലഭിക്കും.ഡിജിറ്റല്‍ പ്രോട്ടോടൈപ്പിന്റെ ക്യാബിന്‍, സീറ്റിങ് ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു വീഡിയോ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

ഏഷ്യയിലെ തന്നെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറാണ്​ വിനാറ്റയെന്നാണ്​ കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ്​ പാനലുകളാണ്​ ഈ ഫ്ലൈയിങ്​ കാറിലുള്ളത്​. ആകര്‍ഷകമായ ബാഹ്യരൂപവും​ ആഡംബരപൂര്‍ണമായ ഇന്‍റീരിയറും ഈ കാറിനുണ്ട്​. കൂടാതെ ഫ്ലൈയിങ്​ കാറില്‍ ഒന്നിലധികം പ്രൊപ്പല്ലറുകളും മോട്ടോറുകളും ഉണ്ട്​. ഒന്നോ അതിലധികമോ മോട്ടോറുകളോ പ്രൊപ്പല്ലറുകളോ പരാജയപ്പെടുകയാണെങ്കില്‍, മറ്റുള്ളവ ഉപയോഗിച്ച്‌​ സുരക്ഷിതമായി ഫ്ലൈയിങ്​ കാര്‍ താഴെ ഇറക്കാനാകും.

എടുത്തുപറയേണ്ട ഒരു കാര്യം, ഏഷ്യയിലെ ആദ്യത്തെ പറക്കുന്ന കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടും എന്നുള്ളതാണ്. ഒരു ഇലക്‌ട്രിക് പവര്‍ട്രെയിനിനൊപ്പം ജൈവ ഇന്ധനംകൂടി ഉപയോഗിക്കും. 300 ഡിഗ്രി കാഴ്ച നല്‍കുന്ന പനോരമിക് വിന്‍ഡോയാണ് ഫ്ലൈയിങ്​ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. 100 കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാന്‍ ഹൈബ്രിഡ് ഫ്ലൈയിങ്​ കാറിന് സാധിക്കും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയാണ് ഉള്ളത്. തറനിരപ്പില്‍ നിന്ന് പരമാവധി 3,000 അടി ഉയരത്തില്‍ വരെ ഫ്ലൈയിങ്​ കാറിന് പറക്കാന്‍ സാധിക്കും.



Read More in India

Comments