Wednesday, April 16, 2025 Thiruvananthapuram

ശരീരത്തില്‍ പ്രോട്ടീനിന്റെ അഭാവമുണ്ടോ? പ്രധാന ലക്ഷണങ്ങള്‍ അറിയാം

banner

3 years, 9 months Ago | 353 Views

ശരീരത്തിന് ഭക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ട ഏറ്റവും അത്യാവശ്യ ഘടകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. പേശികള്‍, എന്‍സൈമുകള്‍, ചര്‍മ്മം, ഹോര്‍മോണുകള്‍ എന്നിവയുടെ പ്രവ‍ര്‍ത്തനങ്ങള്‍ക്ക് ഇത് വളരെ അത്യാവശ്യമാണ്. കോശങ്ങളുടെ രൂപവത്കരണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്റെ അഭാവം ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അടുത്തിടെയുള്ള ഒരു റിപ്പോര്‍ട്ട് പ്രകാരം.

ലോകമെമ്പാടുമുള്ള  ഒരു ബില്യണ്‍ ആളുകള്‍ പ്രോട്ടീനിന്റെ അഭാവം നേരിടുന്നവരാണ്. ഇവരില്‍ ഭൂരിഭാഗം ആളുകളും മധ്യ ആഫ്രിക്കയില്‍ നിന്നോ ദക്ഷിണേഷ്യയില്‍ നിന്നോ ഉള്ളവരാണ്. ഈ രാജ്യങ്ങളിൽ  30% വരെ കുട്ടികള്‍ക്കും ഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന പ്രോട്ടീന്റെ അളവ് വളരെ കുറവാണ്. മിക്ക ഭക്ഷണങ്ങളിലും വളരെ കുറവ് പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. വികസിത രാജ്യങ്ങളില്‍ പ്രോട്ടീനിന്റെ കുറവ് അപൂര്‍വമാണ്. എന്നാല്‍ ഇവിടെയും ചില ആളുകളില്‍ ഇപ്പോഴും അപകടസാധ്യത നിലനില്‍ക്കുന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരിലാണ് സാധാരണയായി പ്രോട്ടീനിന്റെ അഭാവം അനുഭവപ്പെടാറുള്ളത്. മുഖം, ചര്‍മ്മം, വയറ് എന്നിവയ്ക്ക് നീര്‍വീക്കം ഉണ്ടാക്കുന്നതും മുടി വരണ്ടു പോകുന്നതുമാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. മനുഷ്യ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറയുന്നത് സങ്കീര്‍ണമായ ഒരു പ്രശ്നം തന്നെയാണ്. ശരീരത്തില്‍ പ്രോട്ടീന്റെ അഭാവം ഉണ്ടാകുമ്പോൾ  പേശികള്‍ അസ്ഥികളില്‍ നിന്ന് പ്രോട്ടീന്‍ ആഗിരണം ചെയ്യാന്‍ തുടങ്ങും. അനന്തരഫലമായി, എല്ലുകള്‍ ദുര്‍ബലമാകുകയും, ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

അത്തരം സന്ദര്‍ഭങ്ങളില്‍, ശരീരത്തിന് ഊര്‍ജ്ജം നഷ്ടപ്പെടുന്നതിനാല്‍ പേശികള്‍ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതിനാല്‍, സാധാരണയായി പ്രായംചെന്ന ആളുകളില്‍ പേശി വേദനയ്ക്ക് കാരണമാകുന്നു. അതേസമയം, കാല്‍സ്യത്തിന്റെ അഭാവം മൂലം നഖങ്ങള്‍ പൊട്ടുകയും അവയുടെ സ്വാഭാവിക തിളക്കത്തിന് മങ്ങലേല്‍ക്കുകയും ചെയ്യും.
പ്രോട്ടീന്റെ അഭാവം കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. അതിനാല്‍, അവരുടെ ഭക്ഷണക്രമത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തണം. പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നാണ് ആളുകള്‍ക്ക് പ്രധാനമായും പ്രോട്ടീന്‍ ലഭിക്കുന്നത്. മാംസഭുക്കുകള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് മാംസം, മത്സ്യം അല്ലെങ്കില്‍‌ മറ്റു സമുദ്രവിഭവങ്ങള്‍‌ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍‌പ്പെടുത്താം. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്.

ശരീരത്തിന് നിര്‍മ്മിക്കാന്‍ കഴിയാത്തതോ, അതുമല്ലെങ്കില്‍ മതിയായ അളവില്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതോ ആയ സംയുക്തങ്ങളാണ് അടിസ്ഥാന പോഷകങ്ങള്‍. ഭക്ഷണത്തില്‍ നിന്നാണ് അവ ലഭിക്കുന്നത്. മാത്രമല്ല അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും, വളര്‍ച്ചയ്ക്കും, മികച്ച ആരോഗ്യത്തിനും അവ അത്യന്താപേക്ഷിതവുമാണ്. ശരീരത്തിന് വലിയ അളവില്‍ ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുമാണ് മറ്റ് പ്രധാന പോഷകങ്ങള്‍. 20 അമിനോ ആസിഡുകളുടെ നീളമുള്ള ചങ്ങലകളാലാണ് പ്രോട്ടീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമിനോ ആസിഡുകളുടെ നിര്‍ദ്ദിഷ്ട ക്രമം ഓരോ പ്രോട്ടീന്റെയും ഘടനയും പ്രവര്‍ത്തനവും നിര്‍ണ്ണയിക്കുന്നു.



Read More in Health

Comments