Friday, April 18, 2025 Thiruvananthapuram

സ്വതന്ത്ര സമുദ്രപാത ആവശ്യം: യുഎൻ രക്ഷാസമിതിയിൽ മോദി

banner

3 years, 8 months Ago | 331 Views

സമുദ്രത്തിലൂടെ സ്വതന്ത്ര വ്യാപാരപാതകൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. യുഎൻ രക്ഷാസമിതിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ മാസം ഇന്ത്യയ്ക്കാണ് സമിതി അധ്യക്ഷസ്ഥാനം. ഇന്ത്യൻ പ്രധാനമന്ത്രി രക്ഷാസമിതിയിൽ അധ്യക്ഷ പ്രസംഗം നടത്തുന്നത് ഇതാദ്യമാണ്.
സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യങ്ങൾ അതിർത്തികൾ മറന്ന് ഒരുമിച്ചു നിൽക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. കടൽക്കൊള്ളക്കാരും തീവ്രവാദികളും സമുദ്രങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ട്. നാവിക സുരക്ഷയ്ക്കായി 5 നിർദേശങ്ങളും മോദി മുന്നോട്ടുവച്ചു.

വ്യാപാരത്തിന് തടസ്സങ്ങൾ ഒഴിവാക്കുകയും സുഗമമായ നടത്തിപ്പിന് ചട്ടക്കൂടുണ്ടാക്കുകയും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയും വേണം. എല്ലാവരെയും ഉൾക്കൊണ്ടുള്ള നടപടിക്രമങ്ങളുമുണ്ടാവണം. നാവികരുടെ അധികാരം പരസ്പരം ബഹുമാനിക്കണം.

തർക്കപരിഹാരം രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം. ഇതിലൂടെ ശക്തിയും സുരക്ഷയും ഉറപ്പാക്കാം. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അതിർത്തിത്തർക്കം ചർച്ചകളിലൂടെ പരിഹരിച്ചത് മോദി ചൂണ്ടിക്കാട്ടി.

പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ഒരുമിച്ചു പ്രവർത്തിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുകയും മുൻകൂട്ടി മുന്നറിയിപ്പു നൽകുകയും വേണം.

കടൽക്കൊള്ള തടയാൻ ഇന്ത്യൻ സമുദ്രത്തിൽ രക്ഷകന്റെ റോളിലാണ് ഇന്ത്യൻ നാവിക സേന പ്രവർത്തിക്കുന്നത്.

സമുദ്ര പരിസ്ഥിതിയും സമ്പത്തും സംരക്ഷിക്കാനും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും നടപടികൾ വേണം. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതു തടയണം. അമിത മത്സ്യബന്ധനം തടയണം.

ഉത്തരവാദപ്പെട്ട സമുദ്ര സംരക്ഷണത്തിനു വേണ്ട സൗകര്യങ്ങൾ ചർച്ചകളിലൂടെ ഉരുത്തിരിയേണ്ടതുണ്ടെന്നും രക്ഷാസമിതിക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻചിൻ എന്നിവരും രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ സ്ഥാനപതിമാരും യോഗത്തിൽ പങ്കെടുത്തു."



Read More in India

Comments

Related Stories