Sunday, Aug. 17, 2025 Thiruvananthapuram

മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനര്‍ നിര്‍മ്മിച്ച് നീലിറ്റ്

banner

3 years, 1 month Ago | 313 Views

ഇന്ത്യയ്ക്ക് സ്വന്തമായി ഇനി മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനറും നിര്‍മിക്കാം. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് (നീലിറ്റ്) കളര്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട് സ്‌കാനര്‍ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചത്.

ഒട്ടേറെ സവിശേഷതകളുള്ളതാണ് നീലിറ്റിന്റെ സ്‌കാനര്‍. മെഡിക്കല്‍ ആവശ്യത്തിനുള്ള എല്ലാവിധ സ്‌കാനിങ്ങും നടത്താനാവും. കൂടാതെ ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യമുള്ളതിനാല്‍ പെണ്‍ഭ്രൂണഹത്യ നടത്തുന്നത് കണ്ടെത്താനാവും. ഇന്ത്യന്‍ ഗര്‍ഭസ്ഥശിശുക്കളുടെ ഉയരം, തൂക്കം മുതലായ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലെ വളര്‍ച്ചക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മനസ്സിലാക്കാനാവും.

ആറുവര്‍ഷം നീണ്ട ഗവേഷണത്തിലാണ് സ്‌കാനര്‍ വികസിപ്പിക്കുന്നതില്‍ നീലിറ്റ് വിജയംകണ്ടത്.

രണ്ടരക്കോടി രൂപയുടേതായിരുന്നു ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ പ്രോജക്ട്. നിലവില്‍ അള്‍ട്രാ സൗണ്ട് സ്‌കാനറുകള്‍ വിദേശത്തുനിന്നും ഇറക്കുമതിചെയ്യുകയാണ്. വര്‍ഷത്തില്‍ ഏകദേശം 21 ലക്ഷം ഡോളര്‍ (160 കോടി രൂപ) ഇതിനായി ചെലവഴിക്കുന്നുണ്ട്. മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപയ്ക്ക് തദ്ദേശീയ സ്‌കാനര്‍ നിര്‍മിക്കാനാവും. നീലിറ്റ് വികസിപ്പിച്ചതരത്തിലുള്ള വിദേശ സ്‌കാനറിന് 20 ലക്ഷംമുതല്‍ ഒരു കോടിവരെ വിലയുണ്ട്. ചികിത്സച്ചെലവുകള്‍ ഗണ്യമായി കുറയ്ക്കാനും തദ്ദേശീയ സ്‌കാനര്‍ വഴിയൊരുക്കും. മേയ്ക് ഇന്ത്യാ പദ്ധതിക്ക് വലിയ മുതല്‍ക്കൂട്ടാവുന്നതാണ് തദ്ദേശീയ സ്‌കാനറെന്ന് നീലിറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എം.പി. പിള്ള പറഞ്ഞു.

ആരോഗ്യരംഗത്ത് വിദേശ ആശ്രയം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ വലിയ ചുവടുവെപ്പാണ് നീലിറ്റിന്റേതെന്ന് പ്രോജക്ട് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ജയരാജ് യു. കിടാവ് ചൂണ്ടിക്കാട്ടി. ബെംഗളൂരു ജൂപ്പിറ്റര്‍ ടെക്‌നോളജീസുമായി സാങ്കേതികവിദ്യാ കൈമാറ്റത്തിന് നീലിറ്റ് ധാരണാപത്രവും ഒപ്പുവെച്ചു.



Read More in Health

Comments