Thursday, April 10, 2025 Thiruvananthapuram

കനിവ് തേടുന്നവർ

banner

1 year, 11 months Ago | 313 Views

സമസ്ത ലോകജനതയോടൊപ്പം കേരളമെന്ന ഈ ഭൂമികയിലും പാലിയേറ്റീവ് കെയർ പ്രസ്ഥാനം ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു. എങ്കിൽക്കൂടി സാന്ത്വന പരിചരണം  ആവശ്യമുള്ളിടത്തെല്ലാം എത്തിക്കുവാൻ നമുക്കായിട്ടില്ല. ഇന്ത്യയിലാദ്യമായി സ്വന്തമായി ഒരു പാലിയേറ്റീവ് പോളിസി രൂപം കൊണ്ടത് കേരളത്തിലാണ് (2008). വികേന്ദ്രീകൃതാസൂത്രണത്തിന്റെ വളക്കൂറുള്ള ഈ മണ്ണിൽ അത് നിയമപരമാക്കുവാനുള്ള ശ്രമങ്ങൾ  ഊർജ്ജിതപ്പെട്ടിട്ടുണ്ട്. കേരള മോഡൽ പാലിയേറ്റിവ് കെയർ ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 1993 ൽ ഡോ.എം.ആർ രാജഗോപാലും ഡോ. സുരേഷ്കുമാറും ചേർന്ന് കോഴിക്കോട്ട് ആരംഭിച്ച  പാലിയേറ്റീവ് പ്രസ്ഥാനം കേരളത്തിൽ രൂഢമൂലമായിക്കഴിഞ്ഞു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'പാലിയം ഇന്ത്യൻ മോഡൽ പാലിയേറ്റീവ് കെയറും' സാന്ത്വനമേകാൻ അന്ദ്രംയൽക്കണ്ണികൾ എന്ന കേരള മോഡലും ആരോഗ്യകേരളം, ആർദ്രം മിഷൻ പദ്ധതികളുമൊക്കെ ഏറെ ജനശ്രദ്ധയാർജ്ജിച്ചുകഴിഞ്ഞു. 

രാജ്യത്തെ 1900 ൽ പരം സാന്ത്വന പരിചരണ യൂണിറ്റുകളിൽ ഏതാണ്ട് 1600ൽ അധികവും കേരളത്തിലാണെങ്കിലും അതിനൊരു ഏകീകൃത സ്വഭാവം ഇന്നും പൂർണ്ണമായി വന്നിട്ടില്ല. 2019 ൽ പാലിയേറ്റീവ് കെയർ നയരേഖ പരിഷ്ക്കരിക്കുകയും മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ വിഭാഗമുണ്ടാക്കണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായി ല്ല. വേദാഹരണവും ജീവിതാന്ത്യ ശുശ്രഷയും  കിടപ്പുരോഗി പരിചരണവും ചികിത്സയില്ലാത്ത രോഗികളുടെ പരിചരണവും മാത്രമാണ് പാലിയേറ്റീവ് കെയർ എന്ന വി ശ്വാസത്തെ പാടേ തകിടം മറിച്ചുകൊണ്ടായിരുന്നു വെളപ്പൊക്കക്കാലത്തെയും കോവിഡ് കാലത്തെയും (പാലികോവിഡ്) സ്വാന്ത്വന മുന്നേറ്റങ്ങൾ രോഗത്തെയല്ല രോഗിയെയും കുടുബത്തെയും കൈക്കുടന്നയിലെ നിലാവുപോലെ പരിരക്ഷിച്ച് സ്വാന്ത്വന സ്പർശമേകിയപ്പോൾ ഒരു ജനത മുഴുവൻ ശ്വാസമടക്കിനിന്നു അതിനെ ശിരസാ വരവേൽക്കുകയായിരുന്നു. രോഗിയുടെയും കുടുംബത്തിന്റെയും ശാരീരിക-മാനസിക-സാമൂഹ്യ-ആത്മീയ-സാമ്പത്തിക തലങ്ങളുടെ സമഗ്രമായ കരുതലാണ് പാലിയേറ്റിവ് കെയർ എന്ന ജീവശാസ്ത്ര സമുന്വയം. ഇതിലൂടെ രോഗിയുടെയും കുടുംബത്തിന്റെയും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 

വാർദ്ധക്യത്തിന്റെയും സങ്കീർണ്ണമായ ദീർഘസ്ഥായീരോഗങ്ങളുടെയും കിടപ്പുരോഗങ്ങളുടെയും മറവിരോഗങ്ങളുടെയും മറ്റും കണ്ണീരാഴങ്ങൾക്ക് കടലോളം പരപ്പും വിസ് തൃതിയുമുണ്ട്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും ഇനി ചികിത്സയില്ല മരണം മാത്രമേ മുന്നിലുള്ളൂ എന്നും തിരിച്ചറിയുമ്പോൾ രോഗിക്കുണ്ടാകുന്ന ആ ചങ്കുലച്ചിലുണ്ടല്ലോ അതിന്റെ തീവ്രത കനത്തതായിരിക്കും. അത് മനസ്സിലാക്കാനുള്ള തന്മയീ ഭാവവും ആത്മസമർപ്പണവുമുണ്ടാകണമെങ്കിൽ നാം ആദ്യം മനുഷ്യരാകണം. രോഗനാളുകളിലെ ചികിത്സപോലെ ജീവിതാന്ത്യ ശുശ്രൂഷകൂടി മഹത്തരമായാലേ ദൗത്യം പൂർ ണ്ണമാകൂ. ജാതി-മത-രാഷ്ട്രീയ- വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ കാലോചിതമായ മാറ്റങ്ങളോടെയാണ് 2008 ലെ ആദ്യ പാലിയേറ്റീവ് നയം 2019 ൽ കേരള സർക്കാർ പരിഷ്ക്കരിച്ചത്. സന്നദ്ധ സമൂഹ്യ സംഘടനകളുടെ കലവറയില്ലാത്ത പിന്തുണയാർജ്ജിക്കാൻ ഒരു പരിധിവരെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കാകുന്നു. തനിക്ക് ആരുമില്ലെന്ന തോന്നലിൽ ഉരുകിയൊലിക്കുന്ന നിരാശ യുടെ വിഷാദങ്ങൾ തുടച്ചുമാറ്റി, "ഞങ്ങളുണ്ട് കൂടെ" എന്ന സ്നേഹശബ്ദം കാതുകളിലോതി സാന്ത്വനപ്പെടുത്തുവാൻ തക്ക പരിശീലനം സിദ്ധിച്ച ആയിരക്കണക്കിനാളുകൾ സന്നദ്ധ പ്രവർത്തകരായുണ്ട്. സാന്ത്വന പരിചരണം പ്രധാന ദൗത്യമാക്കി മാറ്റാൻ ചിലർക്കെങ്കിലും കഴിയുന്നുണ്ട്. വേദന, നൊമ്പരപ്പെടുത്തുന്ന ലഹരിയായി പടർന്നുകത്തുമ്പോൾ മോർഫിൻ പോലുള്ള വേദന സംഹാരികളുടെ ലഭ്യത നമ്മുടെ മെഡിക്കൽ കോളേജുകളിൽപ്പോലും ഇല്ലെന്നതാണ് ദുഃഖസത്യം. വേദനിക്കുന്നവർ വേദനിച്ചുകൊണ്ടേയിരിക്കുമെന്നാണ് ഈ രംഗത്ത് അതി കായകനായ പത്മശ്രീ ഡോ. എം.ആർ. രാജഗോപാൽ പരിതപിക്കുന്നത്.

പ്രകടമായ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ ഒരു വൈദ്യശാസ്ത്രത്തിനും രോഗിയെ രക്ഷിക്കാനാവില്ല. രോഗി മരണ വെപ്രാളത്തോടെ സെല്ലിലടയ്ക്കപ്പെടുമ്പോൾ പാലിയേറ്റീവ് കെയർ പോലും നിലവിൽ നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് ക്രൂരത തന്നെയാണ്. ഏകാന്തവാസത്തിന്റെ അനിവാര്യതയിൽ തടവിലാക്കപ്പെടുന്ന രോഗിക്ക് സാന്ത്വന സ്പർശത്തിന്റെ ഊഷ്മളത ആശ്വാസമാകുമെന്നത് തീർച്ച. പാലി യേറ്റീവ് കെയറിനെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടിനും മാറ്റമുണ്ടാകണം. സാന്ത്വന പരി ചരണത്തിന്റെ ആർദ്രതയും തന്മയീഭാവവും അറിഞ്ഞോ അറിയാതെയോ റാബീസ് രോഗികൾക്ക് അന്യമാക്കപ്പെട്ടിരിക്കുന്നു. സെല്ലുകളിൽ അടയ്ക്കപ്പെടുന്ന റാബീസ് രോഗികൾ മരണംവരെ തൂക്കിലേറ്റാൻ വിധിക്കപ്പെടുന്നവരുടെ പട്ടികയിലാണ് ഇന്നും. 2017 ലെ ലാൻസർ കമ്മീഷൻ റിപ്പോർട്ട് രോഗിയുടെ മരണവേളയുടേയും മരണാനന്തര ശുശ്രൂഷയുടേയും അന്തസ്സോടെയുള്ള ജീവിതനിലവാരത്തിന്റേയും ഗുണമേന്മയുറപ്പാക്കാൻ വേദനാഹരണത്തിന്റെയും മനഃശാന്തിയുടേയും അനിവാര്യതയായി പാലിയേ റ്റീവ് കെയറിനെ വിലയിരുത്തുന്നുണ്ട്. വേദനിക്കുന്നവരുടെ പൂമരമായ മോർഫിന്റെ ലഭ്യതക്കുറവിലാണ് ഡോ. രാജഗോപാൽ പരിതപിക്കുന്നത്. ഒരു മനുഷ്യനിൽ നിന്നും മറ്റൊരാളിലേയ്ക്ക് റാബീസ് പകർന്ന റിപ്പോർട്ടില്ലെങ്കിലും (അവയവദാനമൊഴികെ) പലരും രോഗിയുടെ അടുത്ത് പോകാനോ എന്തിന് സംസാരിക്കാനോപോലും ഭയക്കുന്നു. മനുഷ്യത്വപരമായി കടമയായി കണ്ട് യുവജനങ്ങൾ ഈ രംഗത്ത് വോളണ്ടിയർമാരായി കടന്നുവരണം. കടമ്പകളേറെയുണ്ട്. പലയിടത്തും സെല്ലുകളിൽ അടയ്ക്കപ്പെടുന്ന റാബീസ് രോഗിയെ കാണാൻ പോലും അനുവദിക്കാറില്ല എന്നത് മറ്റൊരു സത്യം. വെള്ളം കുടിക്കാനുള്ള അതീവ ആഗ്രഹത്തിലാവും റാബീസ് രോഗി. പക്ഷേ കഴുത്തിലെയും തൊണ്ടയിലെയും പേശികളുടെ കോച്ചിപ്പിടുത്തമുണ്ടാക്കുന്ന വേദന തീവ്രമായിരിക്കും. വേദനാഹരണം, കോച്ചിപ്പിടിത്തമൊഴിവാക്കൽ, നിർജ്ജലീകരണം തടയൽ തുടങ്ങി രോഗിയുടെ എല്ലാ ആത്മവിലാപങ്ങൾക്കുമൊപ്പം ജീവാംശമായി പാലിയേറ്റീവ് കെയർ അനിവാര്യമാണ്. ശുദ്ധ അസംബന്ധമെന്ന് തോന്നാമെങ്കിലും പാലിയേറ്റീവ് സംവിധാനങ്ങൾ ഇവിടെ ഒരു 'ഇടം' തീർച്ചയായുമുണ്ട്. വെള്ളപ്പൊക്കക്കാലത്തും കോവിഡുകാലത്തും രൂപംകൊണ്ട വ്യത്യസ്തങ്ങളായ പാലിയേറ്റീവ് മുന്നേറ്റങ്ങൾ ഈ മണ്ണിലുണ്ടായത് മറക്കാറായിട്ടില്ല. “പാലിക്കോവിഡിന്റെ ഉദയംതന്നെ പാലിയം ഇന്ത്യയിൽ നിന്നായിരുന്നുവല്ലോ. അയൽക്കണ്ണികളാകാൻ ഐ.എ.പി.സി പോലുള്ള കുട്ടായ്മകൾക്കും കഴിഞ്ഞുവെന്നത് ജ്വലിക്കുന്ന ചെരാതുകളായി ശോഭയുണർത്തുന്നു. റാബീസ് മൂലമുള്ള മസ്തിഷ്ക്ക വീക്ക (Rabies Encephalomyelitis) ബന്ധപ്പെട്ടുണ്ടാകുന്ന നിർജ്ജലീകരണം, പനി, ഉത്കണ്ഠ, പേടി, അസ്ക്യത, വിക്ഷോഭം, പിടുങ്ങൽ, ഉമിനീരൊലിപ്പ്, വേദന ഇവയൊക്കെ ക്രമീകരിച്ച് സ്വാസ്ഥ്യപ്പെടുത്താൻ പാലിയേറ്റീവ് ചികിത്സയ്ക്കാകും. ജലഭീതി, പ്രകാശഭീതി, വായുഭീതി എന്നിവ കഴിവതും ഒഴിവാക്കുന്ന സ്ഥലത്താക്കി ഏറ്റവും അടുത്ത ബന്ധുക്കളുമായി സംവദിക്കുവാൻ മരണക്കിടക്കയിലുള്ള റാബിസ് രോഗിക്കാവണം. മരണാന്ത്യ ശുശ്രൂഷ അന്തസുറ്റതും സുരക്ഷിതവും സ്വകാര്യവു മാക്കുന്നതോടൊപ്പം രോഗിയുടെ സാംസ്കാരിക-മത പൈതൃകങ്ങൾ പാലിച്ചുകൊണ്ടുമാകണം. അപരിചിതരോ ആശുപത്രി ജീവനക്കാർ തന്നെയോ ഇക്കാര്യങ്ങളിലിടപെടാനുള്ള സാഹചര്യമുണ്ടാക്കാൻ പാടി ല്ല. എന്നാൽ രോഗിയുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ടുമായിരിക്കണം. വെള്ളം കുടിക്കാനാകാതെ കേഴുന്ന രോഗിക്ക് റിനഗർ ലാക്റ്റേറ്റ്, നോർമൻ സലൈൻ മുതലായവ കുത്തിവെച്ച് നിർജ്ജലീകരണം ഒഴിവാക്കണം. പനിയ്ക്കെതിരെയും കുത്തിവെയ്പ്പുകൾ അനിവാര്യമാണ്. റാബിസ് മൂലമുള്ള മസ്തിഷ്കവീക്കത്തിനുള്ള പാലിയേറ്റീവ് മരുന്നുകൾ മാർച്ച് 2017ലെ അത്യാവശ്യ ലിസ്റ്റിൽ (20th) ലോകാരോഗ്യ സംഘടന തന്നെ നിഷ്ക്കർഷിച്ചിട്ടുണ്ട്. മോർഫിനുൾപ്പെടെയുള്ള വേദന സംഹാരികൾ കൂടുതൽ കൈകാര്യം ചെയ്തുവരുന്നത് പാലിയേറ്റീവ് ചികിത്സാ രംഗത്താണ്. ഓറൽ മോർഫിൻ കിട്ടാതായാൽ വേദനിക്കുന്നവർ വേദനിച്ചു കൊണ്ടേയിരിക്കുമെന്നതാണ് യാഥാർത്ഥ്യം. രജിസ്റ്റേർഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾക്കേ ഓറൽ മോർഫിൻ ഉപയോഗത്തിനും കരുതലിനും അവകാശമുള്ളൂ.

റാബീസ് മസ്തിഷ്കവീക്കം ബാധിച്ച് തടവറകളിൽ പൊലിയുന്നവരുടെ മരണമെങ്കിലും സുഖദമാക്കാൻ മരണാന്ത്യവേളകൾക്കും ചരമ ശുശ്രൂഷകൾക്കും അന്തസ്സുപകരാൻ പാലിയേറ്റീവ് കെയറിനേ കഴിയു എന്ന സത്യം വിസ്മരിച്ചുകൂടാ. സാന്ത്വനത്തിന്റെ ഉറവ വറ്റാതെ നമുക്ക് കാവലാളാകാം. കരുണയുടെയും തന്മയീഭാവത്തിന്റെയും അണയാത്ത ചെരാതുകൾ സാന്ത്വന പരിചരണ പ്രസ്ഥാനത്തെ ദീപ്തമാക്കുക തന്നെ ചെയ്യും.



Read More in Health

Comments