Thursday, April 10, 2025 Thiruvananthapuram

വിദ്യാഭ്യാസ ചാനല്‍ അനിവാര്യമെന്ന് ബോംബെ ഹൈക്കോടതി

banner

3 years, 8 months Ago | 453 Views

കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ചാനല്‍ തുടങ്ങണമെന്ന നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

മോശം മൊബൈല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുകളാണ് പ്രധാന കാരണം. കൂടാതെ  ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്ന കുട്ടികളില്‍ പലര്‍ക്കും മൊബൈല്‍ ഫോണുകള്‍ വാങ്ങുവാന്‍ പ്രാപ്തിയില്ലാത്തവരാണെന്നും കോടതി പറഞ്ഞു. മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ ചൂണ്ടി കാട്ടുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്.

ഔറംഗബാദ്, നാഗ്‌പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോൾ തനിക്ക് മൊബൈല്‍ നെറ്റവര്‍ക്ക് ലഭിക്കാറില്ലെന്നും ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ഥിതി ഇതിലും പരിതാപകരണമെന്നും ചീഫ് ജസ്റ്റിസ് ദത്ത പറഞ്ഞു. അത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മൊബൈലിനെ മാത്രം വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഫലം കാണില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ വിദ്യാഭ്യാസത്തിനായി ഒരു പ്രത്യേക ചാനല്‍ തുടങ്ങുന്ന കാര്യം പരിഗണിക്കണമെന്നും ദത്ത നിര്‍ദേശിച്ചു. സിനിമകള്‍ക്കും വിനോദങ്ങള്‍ക്കുമായി നൂറു കണക്കിന് ചാനലുകള്‍ ഉള്ളപ്പോള്‍ വിദ്യാഭ്യാസത്തിനായി മാത്രം ഒരു ചാനലും ഇല്ല.  

ഈ പകര്‍ച്ചവ്യാധി സമയത്ത് ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുമ്പോൾ ഇത്തരം പ്രായോഗികമായ പരിഹാരങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. സ്മാര്‍ട്ട്ഫോണ്‍ സൗകര്യങ്ങളുടെ അഭാവം മൂലം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ലെന്നും ബെഞ്ച് പറഞ്ഞു.



Read More in Education

Comments