Saturday, April 19, 2025 Thiruvananthapuram

30 കഴിഞ്ഞവരെ ആരോഗ്യമുള്ളവരാക്കും ; പരിശോധന ജനുവരിമുതല്‍

banner

3 years, 4 months Ago | 352 Views

സാംക്രമികേതര രോഗങ്ങള്‍ തടയാന്‍ 30 വയസ്സ് പിന്നിട്ടവരില്‍ വര്‍ഷവും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യവകുപ്പ്.

ഇതിനായി സ്ക്രീനിങ് ക്യാമ്പയിന്‍ നടത്താനും പദ്ധതി ആസൂത്രണം കൃത്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. 2022 ജനുവരി ആദ്യ ആഴ്ച പരിശോധനാ ക്യാമ്പയിന്‍ ആരംഭിക്കും. പഞ്ചായത്ത് തലത്തിലാണ് നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായ ക്യാമ്പ് സംഘടിപ്പിക്കുക.

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാംക്രമികേതര രോഗങ്ങളുടെ പട്ടിക തയാറാക്കുക, രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കി ഗുരുതരമാകുന്നത് തടയുക, സാംക്രമികേതര രോഗങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസം നല്‍കുക, ആശാവര്‍ക്കര്‍, കുടുംബശ്രീ, പാലിയേറ്റീവ് കെയര്‍ വര്‍ക്കേഴ്സ്, അങ്കണവാടി വര്‍ക്കര്‍മാര്‍, വാര്‍ഡുതല രോഗപ്രതിരോധ യൂണിറ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് പ്രത്യേക സംഘം രൂപീകരിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഡിസംബറില്‍ പദ്ധതി ആസൂത്രണവും പഞ്ചായത്ത്, ജില്ല, സംസ്ഥാനതല നോഡല്‍ യൂണിറ്റുകള്‍ക്ക് രൂപം നല്‍കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

സാംക്രമികേതര രോഗങ്ങള്‍ 

ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ ചികിത്സയുടെയും പരിചരണത്തിന്റെയും ആവശ്യമുള്ള രോഗങ്ങളാണ് സാംക്രമികേതര രോഗങ്ങള്‍. അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, അമിതവണ്ണം, അപസ്മാരം, മറവി, ബൈപോളാര്‍ ഡിസോര്‍ഡര്‍, കരള്‍, വൃക്ക രോഗങ്ങള്‍ എന്നിവ സാംക്രമികേതര രോഗങ്ങളില്‍പെടും.



Read More in Health

Comments