Friday, Dec. 19, 2025 Thiruvananthapuram

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം- ആരോഗ്യ മന്ത്രാലയം

banner

4 years, 1 month Ago | 392 Views

കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. കോവിഷീൽഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്സിനുകളും എടുത്തവരുടെ സർട്ടിഫിക്കറ്റുകൾ ഈ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളും അനുവദിക്കും. കോവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും.

96 രാജ്യങ്ങളിൽ കാനഡ, യുഎസ്എ, യുകെ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, നെതർലൻഡ്സ്, സ്പെയ്ൻ, ബംഗ്ലാദേശ്, മാലി, ഘാന, സിയേറലിയോൺ, അംഗോള, നൈജീരിയ, ബെനിൻ, ചാഡ്, ഹംഗറി, സെർബിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലൻഡ്, എസ്റ്റോണിയ, റൊമാനിയ, മോൾഡോവ, അൽബേനിയ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റെയ്ൻ, സ്വീഡൻ, ഓസ്ട്രിയ, മോണ്ടെനെഗ്രോ, ഐസ്ലൻഡ് എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു.

ഇന്ത്യയുടെ കോവീഷീൽഡ്, കോവാക്സിൻ എന്നിവ 96 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കോവിൻ പോർട്ടലിൽ കാണാനാകുമെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ കോവാക്സിൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബർ 22ന് ശേഷം ക്വാറന്റീൻ ഇല്ലാതെ ബ്രിട്ടനിൽ പ്രവേശിക്കാൻ അനുവദിക്കും.

രാജ്യത്ത് 109 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. ഇനിയും വാക്സിൻ ലഭിക്കാത്ത മേഖലകളിലേക്ക് ആരോഗ്യ പ്രവർത്തകർ എത്തിച്ചേരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 



Read More in Health

Comments

Related Stories