ഭൂമിക്ക് താങ്ങാവുന്നതിലും അധികം ജനസംഖ്യ; മനുഷ്യരാശിക്ക് കടുത്ത മുന്നറിയിപ്പുമായി ശാസ്ത്രലോകം
1 month, 3 weeks Ago | 53 Views
ഭൂമിയിലെ ജനസംഖ്യാ വർധനവ് വൻ പ്രതിസന്ധിയിലേക്കെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. സുസ്ഥിരമായി നിലനിർത്താൻ കഴിയുന്ന പരിധിക്കപ്പുറത്തേക്ക് മനുഷ്യജനസംഖ്യ വളർന്നുകഴിഞ്ഞതായി പഠനത്തിൽ പറയുന്നു. ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ കോറി ബ്രാഡ്‌ഷായുടെ നേതൃത്വത്തിൽ നടന്ന പഠനമാണ് നിലവിലെ വിഭവ ഉപഭോഗം ഭൂമിയുടെ താങ്ങാനുള്ള ശേഷി അഥവാ കാരിയിംഗ് കപ്പാസിറ്റി മറികടന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
എന്താണ് കാരിയിംഗ് കപ്പാസിറ്റി ?
ഒരു ആവാസവ്യവസ്ഥയിലെ വിഭവങ്ങൾ നശിപ്പിക്കാതെ എത്രത്തോളം ജീവികളെ ദീർഘകാലം നിലനിർത്താൻ ആ പരിസ്ഥിതിക്ക് സാധിക്കും എന്നതിനെയാണ് കാരിയിംഗ് കപ്പാസിറ്റി എന്ന് പറയുന്നത്. പഠനമനുസരിച്ച് പ്രകൃതി വിഭവങ്ങൾ കൃത്യമായി പുനരുജ്ജീവിപ്പിക്കപ്പെടുന്ന രീതിയിൽ ഭൂമിക്ക് സുസ്ഥിരമായി താങ്ങാവുന്നത് 250 കോടി മനുഷ്യരെ മാത്രമാണ്. എന്നാൽ നിലവിൽ ലോകജനസംഖ്യ 830 കോടി കടന്നിരിക്കുകയാണ്.
ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം
പെട്രോളിയം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗത്തിലൂടെയും സാങ്കേതിക വിദ്യയിലൂടെയും സാങ്കേതിക വിദ്യയിലൂടെയും മനുഷ്യർ ഭൂമിയുടെ സ്വാഭാവിക പരിമിതികളെ മറികടന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന രാസവളങ്ങളും ഊർജ്ജ സംവിധാനങ്ങളുമാണ് ഇത്രയും വലിയ ജനസംഖ്യയെ നിലവിൽ പട്ടിണിയില്ലാതെ നിലനിർത്തുന്നത്. എന്നാൽ ഇത് ഭൂമിയുടെ സ്വാഭാവിക പുനരുജ്ജീവന ശേഷിയെ തകർക്കുന്നു. ഭൂമിയെ അമിതമായി ചൂഷണം ചെയ്യുന്നത് ആഗോള താപനത്തിനും ജൈവവൈവിധ്യ നാശത്തിനും കാരണമാകുന്നു. നിലവിലെ പോക്ക് തുടരുകയാണെങ്കിൽ 2060-കളിലോ 2070-കളിലോ ലോകജനസംഖ്യ 1170 കോടി മുതൽ 1240 കോടി വരെ എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് താങ്ങാവുന്നതിന്റെ പരമാവധി പരിധിയാണ്. ഇത്രയും വലിയ ജനസംഖ്യയെ ഉൾക്കൊള്ളാൻ നിലവിലെ സാമൂഹിക-സാംസ്കാരിക രീതികളിൽ വൻതോതിലുള്ള മാറ്റം വരുത്താതെ ഭൂമിക്ക് സാധിക്കില്ല.
അപായ മുന്നറിയിപ്പുകൾ
ഭൂമി ഇതിനകം തന്നെ ജല പാപ്പരത്തം നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. വിഭവങ് ങൾക്കായി മനുഷ്യർ നടത്തുന്ന മത്സരത്തിൽ മറ്റ് ജീവജാലങ്ങൾ വംശനാശം നേരിടുകയാണ്. ഭൂമിക്ക് നമ്മോടൊപ്പം ഓടിയെത്താൻ കഴിയുന്നില്ലെന്നും നിലവിലെ ആവശ്യങ്ങൾ പോലും നിറവേറ്റാൻ തന്നെ പാടുപെടുകയാണെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ബ്രാഡ്‌ഷാ പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ ഇപ്പോഴും സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഊർജ്ജം, ഭൂമി, ഭക്ഷണം എന്നിവയുടെ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തണം. ജനസംഖ്യ കുറയുന്നതും വിഭവങ്ങളുടെ മിതമായ ഉപയോഗവുമാണ് വരുംതലമുറയുടെ നിലനിൽപ്പിന് അനിവാര്യം. എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read More in Environment
Related Stories
ജലം; അമൂല്യം
5 years, 3 months Ago
ബിവിത്ത് വെസ്റ്റേൺ ഗാർട്ട്സ്
2 years, 1 month Ago
ആസിഡ് മഴ
5 years Ago
ടെക്സാസിലുണ്ടായ മത്സ്യമഴയില്‍ അമ്പരന്ന് ജനങ്ങള്‍
4 years, 6 months Ago
ചിനാർ ഇലകളുടെ സൗന്ദര്യത്തിൽ മുങ്ങി കാശ്മീർ താഴ് വര.
4 years, 7 months Ago
കടുവ പൂമ്പാറ്റകളെ 37 വര്‍ഷത്തിന് ശേഷം കണ്ടെത്തി
4 years, 11 months Ago
Comments