കാഴ്ച വിസ്മയമൊരുക്കി വെംബ്ലി വെള്ളച്ചാട്ടങ്ങള്‍
.jpg)
4 years Ago | 507 Views
കാഴ്ചക്കാരുടെ മനസ്സില്‍ മായാതെ പതഞ്ഞെത്തുകയാണ് വെംബ്ലിയിലെ വെള്ളച്ചാട്ടങ്ങള്‍. ഒന്നല്ല, മൂന്ന് വെള്ളച്ചാട്ടമാണ് മലയോരം കാഴ്ചക്കാര്‍ക്ക് കാത്തുവെച്ചിരിക്കുന്നത്. ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലി, വടക്കേമല എന്നിവിടങ്ങളിലായുള്ള നൂറേക്കര്‍, പാപ്പാനി, വെള്ളപ്പാറ ജലപ്രവാഹങ്ങളാണ് കാഴ്ചക്കാരുടെ കണ്ണിന് കുളിര്‍മയേകുന്നത്. 2000 അടി ഉയരത്തില്‍നിന്ന് പാറക്കെട്ടുകളെ തഴുകി പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ നിരവധി പേര് എത്തുന്നുണ്ട്.
മുണ്ടക്കയം കൂട്ടിക്കല്‍ കൊക്കയാര്‍-വെംബ്ലി ഉറുമ്പിക്കര റോഡിന് സമീപത്താണ് വെള്ളച്ചാട്ടങ്ങള്‍. വെംബ്ലിയില്‍നിന്ന് ഒരുകി.മീ. സഞ്ചരിച്ചാല്‍ നൂറേക്കര്‍ വെള്ളച്ചാട്ടത്തിനരികിലെത്താം. സ്വകാര്യവ്യക്തിയുടെ 100 ഏക്കര്‍ ഭൂമിയോട് ചേര്‍ന്നു കിടക്കുന്നതിനാലാണ് വെള്ളച്ചാട്ടത്തിന് ഈ പേര് വന്നത്. പാപ്പാനി തോടിന്റ ശാഖയിലാണ് വെള്ളച്ചാട്ടം. ഇതിന്റെ ഉപശാഖയായി മറ്റൊരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്.
നൂറേക്കറില്നിന്ന് 400 മീറ്റര്‍ സ്വകാര്യ റബര്‍ തോട്ടത്തിലൂടെ യാത്ര ചെയ്താല്‍ വെള്ളപ്പാറ വെള്ളച്ചാട്ടത്തിലെത്താം. രണ്ടായിരത്തിലധികം അടി ഉയരത്തില്‍നിന്ന് തട്ടുപാറയിലൂടെ ഒഴുകി പതിക്കുകയാണ് വെള്ളം. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ റബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ജോലിസ്ഥലത്തിനിട്ട പേരായിരുന്നു വെള്ളപ്പാറ. അന്നും വെള്ളച്ചാട്ടമുണ്ടായിരുന്നെങ്കിലും വെള്ളപ്പാറ വെള്ളച്ചാട്ടമെന്ന അംഗീകാരം തേടിയെത്തിയത് അടുത്ത കാലത്താണ്. കാല്‍നടയായി മാത്രമേ ഇവിടെ എത്താന്‍ കഴിയൂവെങ്കിലും കാഴ്ചക്കാര്‍ക്ക് കുറവില്ല.
ആദ്യകാലത്ത് കാഴ്ചക്കാരില്ലാതിരുന്ന പാപ്പാനി വെള്ളച്ചാട്ടം കാണാനും ഇപ്പോള്‍ നിരവധി പേരാണ് എത്തുന്നത്. ഇടുക്കി പാക്കേജില്‍പെടുത്തി ഈ പ്രദേശത്തേക്ക് പാലം നിര്‍മിച്ചതോടെയാണ് പാപ്പാനി വെള്ളച്ചാട്ടം പുറംലോകം അറിയുന്നത്. വാഹനങ്ങളില്‍ എത്താനും പാര്‍ക്കിങ്ങിനും സൗകര്യമുള്ളതിനാല്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതും ഇവിടെതന്നെ. തട്ടുപാറകളിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന് ദൃശ്യഭംഗിയും ഏറെയാണ്. നാട്ടുകാര്‍ക്ക് പാപ്പാനി തോട് കുറുകെ കടക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കമ്പിപ്പാലം വെള്ളച്ചാട്ടത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. സഞ്ചാരികള്‍ ഏറെ എത്തുന്നുണ്ടെങ്കിലും വിനോദസഞ്ചാരികളെ സ്വീകരിക്കാനോ അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനോ നടപടിയൊന്നുമില്ല.
Read More in Environment
Related Stories
തേരട്ടയ്ക്ക് 1306 കാലുകള്‍ കണ്ടെത്തിയത് ഓസ്ട്രേലിയയില്‍
3 years, 7 months Ago
സമുദ്രത്തിന്റെ ഓര്‍ക്കസ്ട്ര പുറത്തു വിട്ട് നാസ
3 years, 1 month Ago
കടുവ പൂമ്പാറ്റകളെ 37 വര്‍ഷത്തിന് ശേഷം കണ്ടെത്തി
4 years Ago
നൂർ ജഹാൻ മാമ്പഴം : ഒരെണ്ണത്തിനു 500 മുതൽ 1000 രൂപ വരെ വില
4 years, 2 months Ago
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം
4 years Ago
Comments