കുഞ്ഞുങ്ങളില് ആര്.എസ്.വി. രോഗം; നടപടി തുടങ്ങി ആരോഗ്യവകുപ്പ്

3 years, 9 months Ago | 435 Views
കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്.എസ്.വി. (റെസ്പിറേറ്ററി സിന്സിഷ്യല് വൈറസ്) കോഴിക്കോട്ട് കുഞ്ഞുങ്ങളില് കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയില് നാലു മാസത്തിനിടെ പരിശോധനനടത്തിയ 55 കുട്ടികളില് 24 പേര്ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
നിലവില് നാലുപേര് ആശുപത്രിയില് ചികിത്സയിലുണ്ട്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തില് രോഗികളുടെ ലിസ്റ്റ് പരിശോധിച്ച് പ്രാദേശികമായ കാരണങ്ങളുണ്ടോ എന്ന് ജില്ലാ മെഡിക്കല് ഓഫീസ് അധികൃതര് വിലയിരുത്തിവരികയാണ്.
18 മാസത്തില് താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്.താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്. ചില കുഞ്ഞുങ്ങളില് ന്യുമോണിയയുടേതുപോലുള്ള ലക്ഷണങ്ങങ്ങളും പ്രകടമാവും. മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലുമാണ് കൂടുതലായി കാണുന്നത്.
ലോകത്ത് പ്രതിവര്ഷം 1,60,000 കുട്ടികള് ഈ രോഗം മൂലം മരണപ്പെടുന്നുവെന്നാണ് കണക്ക്. അതിവേഗം പകരുന്ന രോഗമായതിനാല് ഐസൊലേഷന് വേണ്ടിവരും. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് രോഗസൗഖ്യം ലഭിക്കാറുണ്ട്. രോഗബാധയെത്തുടര്ന്ന് കോഴിക്കോട് ആസ്റ്റര് മിംസ് ആശുപത്രിയില് ചികിത്സതേടിയ കുഞ്ഞുങ്ങളില് ആറുപേര്ക്ക് വെന്റിലേറ്റര് സപ്പോര്ട്ട് നല്കേണ്ടിവന്നു. ആന്റിജന് ടെസ്റ്റ്, മോളിക്യുലര് ടെസ്റ്റിങ്, വൈറല് കള്ച്ചര് തുടങ്ങിയവയിലൂടെയാണ് രോഗനിര്ണയം നടത്തുന്നത്. റാപ്പിഡ് ടെസ്റ്റുമുണ്ട്.
ഈ രോഗത്തിന് രണ്ട് അംഗീകൃത മരുന്നുകളുണ്ട്. രോഗം സങ്കീര്ണമായാല് ചികിത്സച്ചെലവ് ഏറും. ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമല്ല. ഒരിക്കല് രോഗംവന്ന കുട്ടികള്ക്ക് വീണ്ടും രോഗം വരുന്നതായും രണ്ടാമത് വരുമ്പോള് ശക്തി കുറയുന്നതായും ഡോക്ടര്മാര് നിരീക്ഷിക്കുന്നു.
കോവിഡ് അടച്ചിടലിനെ തുടര്ന്ന് ഒന്നര വര്ഷത്തോളം കുട്ടികള് പുറത്തിറങ്ങാതിരുന്നതിനാല് അവരുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുകയും ഇപ്പോള് പുറത്തിറങ്ങുകയും ചെയ്തത് കാരണമാവാം രോഗം കൂടുതലായി കാണപ്പെടുന്നതെന്ന് മിംസിലെ സീനിയര് കണ്സള്ട്ടന്റ് പീഡിയാട്രീഷ്യന് ഡോ. റോഷ്നി ഗംഗന് മാതൃഭൂമിയോട് പറഞ്ഞു
ആര്.എസ്.വി. രോഗം കാണപ്പെട്ടതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കുട്ടികളില് ചുരുക്കമായി ഈ രോഗം മുമ്പും കാണാറുണ്ട്.ഇപ്പോള് കൂടുതലായി കണ്ടതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പഠിക്കും. പകരാവുന്ന രോഗമായതിനാല് ജാഗ്രത പുലര്ത്തണം.
Read More in Health
Related Stories
ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ
3 years, 8 months Ago
ക്ഷയരോഗ നിവാരണ പ്രവര്ത്തനങ്ങള്ക്ക് കേരളത്തിന് ദേശീയ പുരസ്കാരം
3 years, 4 months Ago
ഇഞ്ചിപ്പുല്ല് ചായ കുടിക്കൂ , ആരോഗ്യ ഗുണങ്ങള് ഏറെ..
4 years, 1 month Ago
കോവിഡ് മുക്തരില് എട്ട് മാസംവരെ ആന്റിബോഡി നിലനില്ക്കുമെന്ന് പഠനം.
4 years, 3 months Ago
കോവിഡ് പ്രതിരോധം: സ്കൂൾ വിദ്യാർഥികൾക്ക് പ്രതിരോധ ഹോമിയോ മരുന്ന് പരിഗണനയില്
3 years, 10 months Ago
കണ്ണിന് നല്കാം ആരോഗ്യം : നേത്ര വ്യായാമം
4 years, 4 months Ago
Comments