Friday, April 4, 2025 Thiruvananthapuram

തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം

banner

1 year, 1 month Ago | 145 Views

അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾ, തങ്ങളുടെ കഴിവിനും താത്പര്യത്തിനും അനുസരിച്ച് നൂതന സാങ്കേതിക മേഖലകളിൽ നൈപുണ്യ പരിശീലനം നേടുന്നത്, വിപണിയിൽ ഇപ്പോൾ ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ സഹായകരമാണ്. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വിവിധ സാങ്കേതിക വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ ഈയൊരു ഉദ്ദേശലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഈ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ സ്‌കോളർഷിപ്പോടെ പഠിക്കാനും അവരാഗ്രഹിക്കുന്ന തൊഴിൽ നേടാനും ഇതുവഴി അവസരമൊരുങ്ങുന്നു. വിവിധ പരിശീലനങ്ങളിലൂടെ വ്യക്തികളെ തൊഴിൽ സജ്ജരാക്കുന്നതു വഴി വ്യക്തിപരവും തൊഴിൽപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഐ.സി.ടി. അക്കാദമി.
 
നൂതന സാങ്കേതികവിദ്യ കോഴ്‌സുകളിൽ ചേരാം
ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്‌, ഫുൾ സ്റ്റാക്ക് ഡെവലപ്മെൻ്റ് (MEAN / MERN / .NET), മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, 2D/3D ഗെയിം എൻജിനീറിങ് എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എൻജിനീറിങ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും / ഏതെങ്കിലും എൻജിനീറിങ് ബ്രാഞ്ചുകളിൽ മൂന്ന് വർഷ ഡിപ്ലോമ, മാത്തമാറ്റിക്സിലും കമ്പ്യൂട്ടർ വിഷയങ്ങളിലും അടിസ്ഥാന തലത്തിലുള്ള പരിജ്ഞാനം (പ്ലസ് ടു തത്തുല്യം) ഉള്ള തത്പരവിദ്യാർഥികൾക്കും ഈ കോഴ്സുകളിൽ ചേർന്ന് പഠിക്കാവുന്നതാണ്. ബിരുദം പൂർത്തിയാക്കി അന്തിമ ഫലങ്ങൾക്കായി കാത്തിരിക്കുന്ന വിദ്യാർഥികൾക്കും ഈ കോഴ്‌സുകളിൽ ചേരാൻ സാധിക്കും. മാത്രമല്ല, നിലവിലെ ജോലിയിൽ നിന്നും മറ്റൊന്നിലേക്കൊരു മാറ്റം ആഗ്രഹിക്കുന്നവർക്കും നിലവിലെ തൊഴിൽമേഖലയിൽ തന്നെ മുന്നേറ്റമാഗ്രഹിക്കുന്നവർക്കുമൊക്കെ പ്രയോജനപ്രദമാണ് ഈ ആറുമാസ കോഴ്‌സുകൾ.

ലഭ്യമായ സ്കോളർഷിപ്പുകൾ
വെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികൾക്ക് അവസരങ്ങൾ നൽകുക എന്നതിൽ ഊന്നൽ നൽകി, കേരള നോളജ് ഇക്കണോമി മിഷൻ നൽകുന്ന 20,000 രൂപ സ്കോളർഷിപ്പ് ഏവർക്കും ഈ കോഴ്‌സുകളിൽ ചേരാൻ സാഹചര്യമൊരുക്കുന്നു. പട്ടികജാതി-പട്ടികവർഗ, മത്സ്യത്തൊഴിലാളി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക്, അതുപോലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾ, ഏക-മാതാപിതാക്കളുടെ കുടുംബം എന്നിങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത. കൂടാതെ, ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും ഈ പ്രത്യേക സ്കോളർഷിപ്പിന് അർഹതയുണ്ട്. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടാത്ത ഉദ്യോഗാർഥികൾക്ക്, ഐ.സി.ടി. അക്കാദമിയുടെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രവേശന പരീക്ഷയിൽ 60%- ന് മുകളിൽ പോയിൻ്റ് നേടുന്ന ഉദ്യോഗാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹതയുണ്ടാവുന്നത്. ഫീസിൽ 40% ഇളവാണ് ഇതുവഴി നൽകുന്നത്. മുകളിൽ പറഞ്ഞ രണ്ട് സ്കോളർഷിപ്പുകളും ലഭിക്കാത്ത ഉദ്യോഗാർഥികൾ, വിജയകരമായി പ്രോഗ്രാം പൂർത്തിയാക്കുമ്പോൾ കോഴ്‌സ് ഫീസിന്റെ 15% തിരികെ നൽകുകയും ചെയ്യുന്നു.
 
കൂടുതൽ സാധ്യതകൾ
ഐ.സി.ടി. അക്കാദമിയുടെ ആറുമാസ പരിശീലനത്തിന് ചേരുന്നതിലൂടെ ആറു മാസത്തെ ലിങ്ക്‌ഡ് ഇൻ ലേണിംഗ് അക്കൗണ്ട് സൗജന്യമായി ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നു. ഇതുവഴി ഉദ്യോഗാർഥികൾക്ക് 14,000-ലധികം കോഴ്സുകളിൽ നിന്നും താത്പര്യമുള്ള വിഷയങ്ങളിൽ അധിക സർട്ടിഫിക്കേഷനുകൾ നേടാൻ സാധിക്കും. ഇതു കൂടാതെ എല്ലാ
പഠിതാക്കൾക്കും അക്കാദമിയുടെ എംപ്ലോയബിലിറ്റി സ്‌കിൽസ് ട്രെയിനിംഗ് ആഡോൺ ആയി നൽകുന്നു. മാത്രമല്ല, ഈ രംഗത്തെ വിദഗ്‌ധർ നയിക്കുന്ന
ക്യാപ്സ്റ്റോൺ പ്രോജക്റ്റിൻ്റെ ഭാഗമാകാനും തുടർന്ന് ഐ.സി.ടി.എ.കെ. റിസർച്ച് ആൻഡ് സൊല്യൂഷൻസ് യൂണിറ്റ് മെൻ്റർ ചെയ്യുന്ന 125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് ചെയ്യാനും അവസരമുണ്ട്. വൈവിധ്യമാർന്ന കരിയർ പാതകൾക്കായി വ്യക്തികളെ തയ്യാറാക്കുകയും
കൂടുതൽ ചടുലവും മത്സരാധിഷ്ഠിതവുമായ തൊഴിൽ മേഖലയിൽ ഇടം നേടാൻ യുവജനതയെ ശാക്തീകരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ഐ.സി.ടി.
അക്കാദമി ഏറ്റെടുത്തിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഈ തരത്തിലുള്ള പ്രോഗ്രാമുകൾ ഉദ്യോഗാർഥികളെ ആഗോള സമ്പദ്
വ്യവസ്ഥയിലേക്ക് അർത്ഥപൂർണമായി സംഭാവന നൽകാനും പ്രാപ്തരാക്കുന്നു. തൊഴിലധിഷ്ഠിതമായി തയ്യാറാക്കിയിരിക്കുന്ന ഈ പ്രോഗ്രാമുകളുടെ കൂടുതൽ
വിവരങ്ങൾക്കും, താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ളകോഴ്‌സുകളിൽ ചേരാനും https://ictkerala.org/open-courses എന്ന ലിങ്ക്
സന്ദർശിക്കുക. ഫെബ്രുവരിയിൽ തുടങ്ങുന്ന ബാച്ചുകളിലേക്കാണ് നിലവിൽ അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നത്.



Read More in Opportunities

Comments