Tuesday, April 22, 2025 Thiruvananthapuram

നൂർ ജഹാൻ മാമ്പഴം : ഒരെണ്ണത്തിനു 500 മുതൽ 1000 രൂപ വരെ വില

banner

3 years, 10 months Ago | 428 Views

'നൂര്‍ ജഹാന്‍' മാമ്പഴത്തിന്  ഇക്കൊല്ലവും മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ്. 500 മുതല്‍ 1000 രൂപ വരെയാണ് ഒരു മാമ്പഴത്തിന്റെ വില. 

പേരില്‍ പോലും ആഢ്യത്വം തുളുമ്പുന്ന ഈ മാമ്പഴത്തിന്റെ ജന്മദേശം അഫ്‌ഗാനിസ്ഥാനാണ്. ഇന്ത്യയില്‍ മധ്യപ്രദേശിലെ അലിരാജ്‌പൂർ  ജില്ലയില്‍ കത്തിയവാഡില്‍ മാത്രമാണ് നൂര്‍ ജഹാന്‍ കൃഷി ചെയ്യുന്നതെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് അലിരാജ്‌പൂർ. ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. 

തന്റെ തോട്ടത്തിലെ മൂന്ന് നൂര്‍ ജഹാന്‍ മാവുകളില്‍ നിന്ന് 250 മാങ്ങയാണ് ലഭിച്ചതെന്നും, 500 മുതല്‍ 1000 രൂപ വരെ ഓരോ മാങ്ങയ്ക്കും വില നിശ്ചയിച്ചിട്ടുണ്ടെന്നും പഴങ്ങളെല്ലാം തന്നെ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതാണെന്നും ശിവ് രാജ് സിങ് ജാദവ് എന്ന കര്‍ഷകന്‍ പറയുന്നു. 

രണ്ട് മുതല്‍ മൂന്നര കിലോ വരെ തൂക്കമുണ്ടാകും ഒരു മാമ്പഴം. കഴിഞ്ഞ സീസണിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാവുകള്‍ വേണ്ട വിധത്തില്‍ പൂത്തിരുന്നില്ല. എന്നാല്‍ ഇക്കൊല്ലം നല്ല രീതിയില്‍ പൂവിടുകയും കായ്ക്കുകയും ചെയ്ത സന്തോഷത്തിലാണ് കര്‍ഷകര്‍. 

ജൂണ്‍ ആദ്യത്തോടെയാണ് നൂര്‍ ജഹാന്‍ മാവുകള്‍ വിളവെടുപ്പിന് തയ്യാറാവുന്നത്. ജനുവരി-ഫെബ്രുവരി മാസത്തിലാണ് പൂവിടല്‍. ഒരടി വരെ നൂര്‍ ജഹാന്‍ മാങ്ങയ്ക്ക് വലിപ്പമുണ്ടാകാറുണ്ടെന്നും മാങ്ങയുടെ വിത്തിന് 150 മുതല്‍ 200 ഗ്രാം വരെ ഭാരമുണ്ടാകാറുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. 

Read More in Environment

Comments