Friday, April 18, 2025 Thiruvananthapuram

കാലാവസ്ഥാ വ്യതിയാനം; ദിനോസര്‍ സസ്യമെന്നറിയപ്പെടുന്ന 'സൈകാഡ് റിവോളൂട്ട'യ്ക്കും പൂവ് !

banner

3 years, 9 months Ago | 362 Views

കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങള്‍ ഇന്ന് നമ്മുക്ക് മുന്നിലുണ്ട്. അന്‍റാര്‍ട്ടിക്കില്‍ ചൂട് കൂടുകയാണെന്നും അതിന്‍റെ തുടര്‍ച്ചയില്‍ കാനഡയിലും പടിഞ്ഞാന്‍ അമേരിക്കയിലും ചൂടുകാറ്റും കാട്ടുതീയും വ്യാപിക്കുകയാണെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്തകളാണ്. അതോടൊപ്പം മധ്യപശ്ചിമേഷ്യയില്‍ ചൂട് കുടുന്നതും ഓസ്ട്രേലിയയിലെ കാട്ടുതീയും ഇന്ത്യയിലെ മണ്‍സൂണ്‍ നിശ്ചലതയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമാണെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ ആകുലത. എന്നാല്‍ സസ്യശാസ്ത്രജ്ഞര്‍ കാലാവസ്ഥാ വ്യതിയാനത്തിനിടെ അല്‍പം സന്തോഷത്തിലാണ് ! കാരണമെന്താണെന്നോ ? കാലാവസ്ഥാ വ്യതിയാനം മൂലം ഭൗമോപരിതലത്തിലെ ചൂട് കൂടിയതിനാല്‍ നൂറ്റാണ്ടുകളായി പൂക്കാതിരുന്ന ഒരു സസ്യം ആദ്യമായി പൂവിട്ടുവെന്നത് തന്നെ. അതും ദിനോസറുകളോടൊപ്പം ജീവിച്ചിരുന്ന ഒരു പുരാതന സസ്യം. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ദിനോസറിന്‍റെ കാലം മുതല്‍ ഭൂമുഖത്തുണ്ടായിരുന്ന ഈ വൃക്ഷം പൂവിട്ടതെന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്.

ദിനോസറുകളുടെ കാലത്ത് ഭൂമിയിൽ ഉണ്ടായിരുന്ന സസ്യമാണ് സൈകാഡ് റിവോളൂട്ട. അതിപുരാതനമായ ഈ സസ്യം ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടനില്‍ സാധാരണയായി കണ്ടിരുന്ന സസ്യമാണെന്ന് വിദഗ്ദ്ധർ അവകാശപ്പെട്ടതായി ദി പ്ലാനറ്റ് വേയ്സസ് റിപ്പോര്‍ട്ട് ചെയ്തു. ഗവേഷകർ പറയുന്നതനുസരിച്ച്, ഗ്രഹത്തിന്റെ താപനില ഉയരുന്നതിന്‍റെ ഫലമായി സൈകാഡ് സസ്യം ഭൂമിയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ്. ( സൈകാഡ് റിവോളൂട്ടയുടെ പെണ്‍ പൂവും ആണ്‍ പൂവും)

ഭൂമിയില്‍ വംശനാശം നേരിടുന്ന സസ്യങ്ങളെ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി ബ്രിട്ടന്‍റെ തെക്ക് കിഴക്കന്‍ ദ്വീപായ ഐൽ ഓഫ് വൈറ്റിലെ വെന്‍റനറിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സൈകാഡ് റിവോളൂട്ട പരിപാലിക്കുന്നുണ്ട്. ഇത്തരത്തില്‍ സംരക്ഷിക്കപ്പെടുന്ന സൈകാഡ് റിവോളൂട്ട ബ്രിട്ടനില്‍ നിന്നാണ് എത്തിച്ചതെന്ന് ബോട്ടാനിക്കല്‍ ഗാർഡന്‍ അധികൃതര്‍ പറയുന്നു. 

നൂറ്റാണ്ടുകളായി ഭൂമുഖത്ത് ഉണ്ടായിരുന്ന ഒരു സസ്യമെന്നത് കൊണ്ട് ഈ സസ്യത്തെ 'ദിനോസര്‍ സസ്യം' എന്നും വിളിപ്പേരുണ്ട്. ഏകദേശം 280 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ആധിപത്യം പുലർത്തിയിരുന്ന  അതിപ്രാകൃത വൃക്ഷമാണ് സൈകാഡ് റിവോളൂട്ട. ഇന്ന് ഈ സസ്യത്തിന്‍റെ സ്ത്രീ പുരുഷ ക്ലോണുകള്‍ കൃത്രിമമായി നിര്‍മ്മിച്ചാണ് ഈ സസ്യത്തെ വെന്‍റനറിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സംരക്ഷിക്കുന്നത്. 

ഏകദേശം ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടനിലെ വിവിധ പ്രദേശങ്ങളിൽ സൈകാഡ് സസ്യങ്ങള്‍ വളര്‍ന്നിരുന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഐൽ ഓഫ് വൈറ്റിലെ ഡോർസെറ്റ് തീരം വരെ നീളുന്ന ജുറാസിക് പാറയുടെ പ്രതലത്തില്‍ സൈകാഡ് സസ്യങ്ങളുടെ ഫോസിൽ കണ്ടെത്തിയിരുന്നു. ഈ സസ്യം വളര്‍ന്നിരുന്ന കാലഘട്ടത്തിൽ ഭൂമിയുടെ കാലാവസ്ഥയിൽ പ്രകൃതിദത്തമായ രീതിയിൽ കാർബൺ ഡൈ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. 

കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ സസ്യം വെന്‍റ്നോറിൽ വളര്‍ത്തുന്നു. എന്നാല്‍ അടുത്ത കാലത്തായി ആഗോളതാപനം ശക്തമായതോടെ സൈകാഡ് റിവോളൂട്ടയുടെ വര്‍ച്ച ത്വരിതഗതിയിലായതായി അധികൃതര്‍ അവകാശപ്പെടുന്നു. 30 വർഷം മുമ്പ് ഇത് സാധ്യമല്ലെങ്കിലും കഴിഞ്ഞ 15 വർഷമായി ഈ സസ്യങ്ങൾ തോട്ടങ്ങളിൽ വളരെ നന്നായി വളരുകയാണെന്ന് അധികൃതര്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ സ്വാഭാവിക ചക്രങ്ങൾ സൈകാഡിന്‍റെ വളര്‍ച്ച ശക്തമാക്കിയെന്നും അധികൃതര്‍ അവകാശപ്പെടുന്നു. അതിനിടെയാണ് ഏവരെയും അതിശയിപ്പിച്ച് സൈകാഡ് റിവോളൂട്ട പൂ വിട്ടത്. ഇത് സസ്യത്തിന്‍റെ പുനരുത്പാദനത്തെ ത്വരിതപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. ബ്രിട്ടനില്‍ ആദ്യമായിട്ടാണ് ഈ സസ്യം പൂവിടുന്നതെങ്കിലും ജപ്പാനിലെ എണ്ണപ്പന ഗാര്‍ഡനായ ഗാർട്ടൻ ഡെർ ക്വിന്‍റ വിജിയയില്‍ സൈകാഡ് നേരത്തെ പൂവിട്ടിരുന്നു. 



Read More in Environment

Comments