Wednesday, April 16, 2025 Thiruvananthapuram

ദേശീയ ആരോഗ്യസർവേ സൂചിക: കേരളം തന്നെ ഒന്നാമത്

banner

3 years, 3 months Ago | 541 Views

നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചിക നാലാംഘട്ട സർവേയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുന്നേറ്റം. തുടർച്ചയായി നാലാമതും കേരളം തന്നെയാണ് മുന്നിൽ (സ്കോർ-82.20)‍. തമിഴ്‌നാടും (72.42) തെലങ്കാനയും (69.96) ആന്ധ്ര പ്രദേശുമാണ് (69.95) തുടർന്നുള്ള സ്ഥാനങ്ങളിൽ.

ഉത്തർപ്രദേശാണ് (30.57) 19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലെങ്കിലും ആരോഗ്യരംഗത്തെ പദ്ധതി നിർവഹണ വളർച്ചയിൽ (5.52 ശതമാനം) അവർ മറ്റെല്ലാവരെക്കാളും മുന്നിലാണ്. ഇക്കാര്യത്തിൽ കേരളം പന്ത്രണ്ടാമതും (0.60 ശതമാനം) തമിഴ്‌നാട് എട്ടാം സ്ഥാനത്തുമാണ് (1.62 ശതമാനം). പശ്ചിമബംഗാളിന്റെ വിവരം ലഭിക്കാത്തതിനാൽ ഉൾപ്പെടുത്തിയില്ല. ആകെ പ്രകടനവും വളർച്ചാനിരക്കും ഒന്നിച്ചെടുക്കുമ്പോൾ തെലങ്കാനയാണ് ഒന്നാമത്.

ആരോഗ്യ പരിപാലനപദ്ധതി ഫലങ്ങൾ, ഭരണവും വിവരങ്ങളും പ്രധാന നിർദേശങ്ങളും നടപടികളും എന്നീ വിഭാഗങ്ങളിലായി 100 മാർക്കിനുള്ള 43 സൂചികകളാണ് സർവേക്കായി പരിഗണിച്ചത്. ഒന്നാംസ്ഥാനത്തു തുടരുന്നുണ്ടെങ്കിലും ഈ സൂചികകളിൽ പകുതിയിലും കേരളം പിന്നോട്ടുപോവുകയോ നിലനിർത്തുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. 19 സൂചികകളിൽ മാത്രമാണ് കേരളം നില മെച്ചപ്പെടുത്തിയിട്ടുള്ളത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് അടിസ്ഥാന വർഷത്തിൽനിന്നുള്ള നില മെച്ചപ്പെടുത്തിയത്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാണ, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ സ്ഥാനം നിലനിർത്തി. ആന്ധ്രപ്രദേശ്, ഹിമാചൽ, കർണാടകം, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവ പിന്നോട്ടുപോയി.

ചെറിയ സംസ്ഥാനങ്ങളിൽ മിസോറം ആണ് ആകെ പ്രകടനത്തിലും നിർവഹണ നിരക്കിലും മുന്നിൽ. പ്രകടനത്തിൽ പിന്നിലുള്ള ഡൽഹിയും ജമ്മു-കശ്മീരും നിർവഹണത്തിൽ മുന്നിലാണ്. ചെറിയ സംസ്ഥാനങ്ങളിൽ മിസോറം, സിക്കിം, മേഘാലയ എന്നിവ സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ നാഗാലാൻഡ് സ്ഥാനം നിലനിർത്തി. ത്രിപുര, ഗോവ, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നിവ പിന്നാക്കംപോയി. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢ്, പുതുച്ചേരി, ആൻഡമാൻ എന്നിവ മാത്രമാണ് സ്ഥാനം മോശമാക്കിയത്.

ലോകബാങ്കിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സംസ്ഥാനങ്ങളിലെ ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുന്നതിൽ മത്സരസ്വഭാവം കൊണ്ടുവരുന്നതിന് 2017-ലാണ് നീതി ആയോഗ് ആരോഗ്യസർവേ ആവിഷ്കരിച്ചത്. 2018-19 അടിസ്ഥാന വർഷമായും 2019-20 റഫറൻസ് വർഷമായും പരിഗണിച്ചായിരുന്നു നാലുഘട്ട സർവേ. അടിസ്ഥാന വർഷത്തിൽ നിന്നും റഫറൻസ് വർഷത്തിലേക്കുള്ള വളർച്ച ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾ നടത്തണം. ഇതിലാണ് യു.പി. മുന്നിൽ. കോവിഡ് കാലത്തിനു മുമ്പാണ് സർവേ നടത്തിയതെന്നതിനാൽ കോവിഡിനു ശേഷമുള്ള സംവിധാനങ്ങൾ ഇതിൽപ്പെടില്ല.



Read More in India

Comments