126 തരം മാർബിളുകൾ നിറയുന്ന പടുകൂറ്റൻ കൊട്ടാരം! ഇത് ഇന്ത്യയിലാണ്
4 years, 4 months Ago | 425 Views
മാർബിളിൽ തീർത്ത നിർമ്മിതി എന്ന് കേൾക്കുമ്പോൾ താജ്മഹലാവും ആദ്യം മനസ്സിലേക്ക് എത്തുക. എന്നാൽ രൂപകല്പനയിൽ താജ്മഹലിനൊപ്പമോ ഒരുപക്ഷേ ഒരു പടി മുകളിലോ നിൽക്കുന്ന മറ്റൊരു നിർമ്മിതി കൂടി ഇന്ത്യയിലുണ്ട്. കൊൽക്കത്തയിലെ മാർബിൾ കൊട്ടാരമാണ് അത്.
രാജ രാജേന്ദ്ര മാലിക് എന്ന ധനികനായ ബംഗാളി വ്യാപാരി 1835 ൽ നിർമ്മിച്ച കൊട്ടാരമാണ് ഇത്. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഇന്നും ഇവിടെ തന്നെയാണ് കഴിയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൊണ്ടുവന്ന 126 തരം മാർബിളുകൾ ഉപയോഗിച്ചാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ശില്പങ്ങളും ചിത്രപ്പണികളും തറയും ഭിത്തികളും എല്ലാ മാർബിളിൽ തന്നെ നിർമ്മിച്ചവയാണ്. പുരാതന ലോകമഹാത്ഭുതങ്ങളിൽ ഒന്നായ തുർക്കിയിലെ ഹാലികർണാസിസ് മസോളിയത്തോട് കിടപിടിക്കുന്ന തരത്തിലാണ് ഭിത്തികളും തറയും സങ്കീർണമായ കൊത്തുപണികളും ഒരുക്കിയിരിക്കുന്നത്.നിയോ ക്ലാസിക്കൽ വാസ്തുവിദ്യാ ശൈലി പിന്തുടർന്നാണ് കൊട്ടാരത്തിന്റെ രൂപകല്പന.
മൂന്നു നിലകളിലായാണ് ഈ പടുകൂറ്റൻ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. കൊറിന്ത്യൻ ശൈലിയിലുള്ള തൂണുകളും ചരിവിൽ നിർമ്മിച്ചിരിക്കുന്ന മേൽക്കൂരയോട് ചേർന്നുള്ള ഫ്രറ്റ്വ വർക്കുകളും എല്ലാം ബംഗ്ലാവിന്റെ പ്രൗഢി എടുത്ത് അറിയിക്കുന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും അക്കാലത്തെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ പെയിന്റിംഗുകളും കൊട്ടാരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. തറ മുതൽ മേൽക്കൂര വരെ എത്തി നിൽക്കുന്ന കണ്ണാടികൾ, വലിയ ഷാൻലിയറുകൾ, വിക്ടോറിയൻ കാലഘട്ടത്തിലെ ഫർണിച്ചറുകൾ എന്നിവയാണ് മറ്റു കാഴ്ചകൾ. ഇറ്റലി, ബെൽജിയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കപ്പൽമാർഗം എത്തിച്ച 76 അപൂർവ്വ കലാസൃഷ്ടികളും ഇവിടെയുണ്ട്.
പരമ്പരാഗത ബംഗാളി ശൈലി പിന്തുടർന്ന് തുറസ്സായ മുറ്റങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് മാത്രമായുള്ള ആരാധനാലയമാണ് മറ്റൊരാകർഷണം. വിശാലമായ പൂന്തോട്ടം, റോക്ക് ഗാർഡൻ , പുൽത്തകിടികൾ, തടാകം എന്തിനേറെ ഒരു ചെറിയ മൃഗശാല വരെ കൊട്ടാരവളപ്പിൽ ഒരുക്കിയിട്ടുണ്ട്. കൊട്ടാരത്തിൽ ഇപ്പോഴും താമസക്കാരുണ്ടെങ്കിലും സന്ദർശകർക്ക് ഈ വിസ്മയിപ്പിക്കുന്ന നിർമ്മിതി കാണാനുള്ള അനുമതി നൽകുന്നുണ്ട്. എന്നാൽ കൊട്ടാരത്തിലെ ചില പ്രധാന ഭാഗങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല എന്ന് മാത്രം.
Read More in India
Related Stories
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍
4 years, 9 months Ago
കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്
4 years, 6 months Ago
ജോണ്സണ് ആന്റ് ജോണ്‍സണും ഇന്ത്യയില്‍ വാക്സിന് നിര്‍മ്മാണത്തിലേക്ക്
4 years, 7 months Ago
ഇന്ത്യയിലെ 'ആദ്യത്തെ' ഹ്യൂമന്‍ പാപ്പിലോമാവൈറസ് വാക്സിന് പുറത്തിറക്കി
4 years, 2 months Ago
Comments