Wednesday, April 16, 2025 Thiruvananthapuram

വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗം; കുറ്റിക്കുരുമുളക് കൃഷിയും പരിപാലനവും

banner

3 years, 9 months Ago | 714 Views

കുരുമുളകുകൊടിയുടെ മധ്യപ്രായമുള്ള പച്ചനിറം മാറാത്ത പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കുന്നത്. സാധാരണഗതിയിൽ താങ്ങുകളിൽ പറ്റിപ്പിടിച്ചു മുകളിലേക്ക് വളരുന്ന സ്വഭാവം ഇത്തരം തൈകൾക്ക് ഉണ്ടാകില്ല. ഇവ മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തിൽ കലർത്തിനിറച്ച ചട്ടിയിലോ പോളിബാഗിലോ നിലത്തോ കുറ്റിച്ചെടിയായി വളർത്താം. മേയ് -ജൂൺ മാസങ്ങളിൽ ഇത് ചെയ്യാം. 

ശാഖകൾ നാലഞ്ചു മുട്ടുള്ള കഷണങ്ങളാക്കി മുറിച്ചെടുത്തിട്ട് ചുവടുഭാഗം 1000 പി.പി.എം. ഇൻഡോൾ ബ്യുട്ടിറിക് ആസിഡ് ലായനിയിൽ (ഒരു ഗ്രാം ഇൻഡോൾ ബ്യുട്ടീറിക് ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത്) 45 സെക്കൻഡ് മുക്കിയശേഷം വേണം നടാൻ. വേഗം വേര് പൊട്ടാനാണിത്. തടത്തിൽ പുതയിടുന്നത് നല്ലത്. പിടിച്ചുതുടങ്ങുമ്പോൾ 15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിൻപിണ്ണാക്കും ഒരാഴ്ച ഇടവിട്ട് ചേർത്താൽ വളർച്ച മെച്ചപ്പെടും. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, നേർപ്പിച്ച ഗോമൂത്രം എന്നിവയും നല്ല ജൈവവളങ്ങളാണ്. കൂടുതൽ വിളവ് കിട്ടണമെങ്കിൽ രണ്ട് ഗ്രാം യൂറിയ, 2.5 ഗ്രാം ഫോസ്ഫറസ്, നാല് ഗ്രാം പൊട്ടാഷ് എന്നിവ രണ്ടു മാസം ഇടവിട്ട് ചേർക്കണം.

തൈകൾക്ക് ഭാഗികമായ തണലാണ് ഇഷ്ടം. പ്രത്യേകിച്ച് ആദ്യത്തെ രണ്ടാഴ്ചക്കാലം. നീണ്ടു വളരുന്ന തണ്ടുകൾ യഥാസമയം മുറിച്ചു കുരുമുളക് കുറ്റിയായി നിലനിർത്താനും ശ്രദ്ധിക്കണം. വളർച്ച നോക്കി രണ്ടു വർഷം ആകുമ്പോൾ ചട്ടി മാറ്റിക്കൊടുക്കുകയും വേണം. രണ്ടാം വർഷം ഏതാണ്ട് അര കിലോയ്ക്കടുത്തു പച്ചക്കുരുമുളക് കിട്ടും. മൂന്ന് വർഷം പ്രായമായ കുറ്റിക്കുരുമുളകു ചെടിയിൽനിന്ന് ഏകദേശം ഒരു കിലോ പച്ചക്കുരുമുളക് കിട്ടും. നന്നായി പരിപാലിച്ചാൽ ഏറ്റവും കുറഞ്ഞത് 10 വർഷമെങ്കിലും ഇതിൽനിന്ന് വിളവ് കിട്ടും. 



Read More in Environment

Comments