ആന്റിജൻ ടെസ്റ്റ് ഇനി വീട്ടിൽ : സ്വയം ചെയ്യാം

3 years, 11 months Ago | 351 Views
കോവിഡ് 19 പരിശോധന വീട്ടിൽ നടത്താൻ പ്രത്യേക ടെസ്റ്റ് കിറ്റിന് അംഗീകാരവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR).
കോവിസെൽഫ് എന്നാണ് കോവിഡ് 19 ഹോം ടെസ്റ്റ് കിറ്റ് അറിയപ്പെടുന്നത്. രണ്ട് മിനിറ്റിനകം ചെയ്യാൻ കഴിയുന്ന ടെസ്റ്റിന്റെ ഫലം 15 മിനിറ്റിനകം ലഭിക്കുമെന്ന് കിറ്റ് പുറത്തിറക്കിയ പൂണെയിലെ മെെലാബ് അവകാശപ്പെടുന്നു. പ്രായപൂർത്തിയായ ആർക്കും ഈ കിറ്റ് ഉപയോഗിച്ച് സ്വയം ടെസ്റ്റ് ചെയ്യാം.
അടുത്ത ആഴ്ചയോടെ ഏഴ് ലക്ഷത്തിലധികം ഫാർമസികൾ വഴിയും ഓൺലെെൻ പാർട്ണർമാർ വഴിയും ടെസ്റ്റ് കിറ്റുകൾ ലഭ്യമാകുമെന്ന് മെെലാബ് ഡിസ്കവറി സൊല്യൂഷൻസ് ഡയറക്ടർ സൂജീത് ജെയിൻ പറഞ്ഞു.
ഈ ടെസ്റ്റിൽ പോസിറ്റീവായാൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെ ആവശ്യമില്ലെന്നും ഐ.സി.എം.ആർ. വ്യക്തമാക്കുന്നു.
കോവിഡ് ലക്ഷണങ്ങൾ ഉള്ളവരും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരും മാത്രം ഈ കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്താൽ മതി. ഒരു കിറ്റിന് 250 രൂപയാണ് വില.
മൂക്കിൽ നിന്ന് സ്രവമെടുക്കാനുള്ള നേസൽ സ്വാബ്, ഒരു പ്രീ ഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബ്, ഒരു ടെസ്റ്റ് കാർഡ്, ടെസ്റ്റിന് ഉപയോഗിച്ച വസ്തുക്കൾ ശേഖരിക്കാനുള്ള പൗച്ച് എന്നിവ ഉൾപ്പെടുന്നതാണ് കോവിസെൽഫ് ടെസ്റ്റ് കിറ്റ്.
ചെയ്യേണ്ട വിധം
ആദ്യമായി കെെകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.
മെെലാബിന്റെ ആപ്പ് മൊബെെൽഫോണിൽ ഡൗൺലോഡ് ചെയ്യണം. ഇതിൽ ചോദിക്കുന്ന വിവരങ്ങൾ ചേർക്കണം.
ടെസ്റ്റ് കിറ്റ് തുറക്കുക. ഇതിന് മുകളിലെ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ ലിങ്ക് ചെയ്യുക.
പ്രീ ഫിൽഡ് ബഫർ ട്യൂബ് കിറ്റിൽ നിന്നും പുറത്തെടുത്ത് നിരപ്പായ പ്രതലത്തിൽ ലംബമായി നിർത്തുക. ഇതിലെ എക്സ്ട്രാക്ഷൻ ബഫർ ട്യൂബിൽ അടിയിൽ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇതിന്റെ അടപ്പ് നീക്കി കെെയിൽ പിടിക്കുക.
സ്വാബ് പാക്കറ്റിൽ നിന്നും പുറത്തെടുക്കുക. ഈ സ്വാബിന്റെ തലഭാഗം തൊടരുത്. താഴെ ഭാഗത്ത് മാത്രമേ പിടിക്കാവൂ.
സ്വാബ് മൂക്കിലേക്ക് കടത്തി സാംപിൾ എടുക്കാം. സൂക്ഷ്മതയോടെ വേണം മൂക്കിൽ നിന്ന് സ്വയം സാംപിൾ എടുക്കാൻ. നാസാദ്വാരത്തിൽ രണ്ടോ നാലോ സെന്റിമീറ്റർ അകത്തേക്ക് സ്വാബ് കടത്തണം. തുടർന്ന് ഉള്ളിൽ അഞ്ച് തവണ സ്വാബ് കറക്കി സ്രവം കിട്ടിയെന്ന് ഉറപ്പാക്കണം. ഇതിന് ശേഷം രണ്ടാമത്തെ നാസാദ്വാരത്തിലും ഇതുപോലെ സ്വാബ് കടത്തി സ്രവം ശേഖരിക്കണം.
ടെസ്റ്റ് ചെയ്യാൻ സ്രവം അടങ്ങിയ നേസൽ സ്വാബ് കിറ്റിലെ പ്രീ ഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബിൽ മുക്കുക. ഇതിനുശേഷം പ്രീ ഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബിന്റെ അടിവശത്ത് ഞെക്കിപ്പിടിച്ച് സ്വാബ് പത്തുതവണ കറക്കുക. ഈ സമയത്ത് സ്വാബിന്റെ സ്രവമുള്ള ഭാഗം ട്യൂബിലെ ലായനിയിൽ മുങ്ങിയിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
സ്വാബിന്റെ മുകളിൽ ഒരു ബ്രേക്ക് പോയിന്റ് കാണാം. അവിടെ വെച്ച് സ്വാബ് പൊട്ടിച്ച് കളയുക. ലായനിയിൽ ബാക്കിയുള്ള ഭാഗം നന്നായി അതിൽ മിക്സ് ചെയ്യുക.
ടെസ്റ്റ് കാർഡ് തുറക്കുക. ഇത് തുറന്നാൽ അഞ്ച് മിനിറ്റിൽ കൂടുതൽ തുറന്നുവെക്കരുത്. ഈ കാർഡിലേക്ക് ട്യൂബ് ഞെക്കി രണ്ട് വലിയ തുള്ളി വീഴ്ത്തുക. ഇനി 10-15 മിനിറ്റ് നേരം കാത്തിരിക്കുക.
20 മിനിറ്റിനകം റിസൾട്ട് ലഭിക്കും. വെെറസ് അളവ് കൂടുതലുള്ള പോസിറ്റീവ് കേസുകളാണെങ്കിൽ അത് 10-15 മിനിറ്റിനകം തന്നെ അറിയാനാകും. 20 മിനിറ്റിന് ശേഷം വരുന്ന റിസൾട്ട് കണക്കിലെടുക്കില്ല.
റിസൾട്ട് വന്നാൽ ഫോണിൽ അലാം വരും. അപ്പോൾ ടെസ്റ്റ് കാർഡ് ഡിവെെസിന്റെ ചിത്രമെടുക്കുക. ആപ്പ് റിസൾട്ട് വിശകലനം ചെയ്യാനായി കുറച്ചുസമയം കാത്തിരിക്കുക.
ടെസ്റ്റ് കാർഡ് ഡിവെെസിലെ ക്വാളിറ്റി കൺട്രോൾ ലെെനിലും ടി ടെസ്റ്റ് ലെെനിലും വരകൾ കണ്ടാൽ റിസൾട്ട് പോസിറ്റീവ് എന്ന് ഉറപ്പിക്കാം. ടി ടെസ്റ്റ് ലെെനിൽ നേരിയതോ പിങ്ക്/ പർപ്പിൾ നിറങ്ങളിലുള്ള നേരിയ വര കണ്ടാലും പോസിറ്റീവാണ്. നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ സി കൺട്രോൾ ലെെനിൽ മാത്രമേ വര കാണുകയുള്ളൂ.
സി കൺട്രോൾ ലെെനിൽ ഒന്നും കാണാതിരിക്കുകയും ടി ലെെനിൽ വര കാണുകയും ചെയ്താൽ ഫലം ഇൻവാലിഡ് ആണ്.
ഡൗൺലോഡ് ചെയ്ത മൊബെെൽ ആപ്പിലും റിസൾട്ട് ലഭിക്കും. ഇത് ഐ.സി.എം.ആറിന്റെ ഏജൻസിയുമായി ബന്ധിപ്പിച്ചിരിക്കും.
കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ടെസ്റ്റിൽ നെഗറ്റീവ് കാണിച്ചാൽ ആർ.ടി.പി.സി.ആർ. ചെയ്യണം.
Read More in Health
Related Stories
ചർമ്മ സംബദ്ധമായ അണുബാധ തടയാൻ കട്ടൻ ചായ
3 years, 1 month Ago
ഇ-സഞ്ജീവനി ടെലി മെഡിക്കൽ പ്ലാറ്റ്ഫോം
4 years Ago
സൈകോവ് ഡി വാക്സിന് അനുമതി; സൂചി കൊണ്ട് കുത്തിവയ്പ്പില്ല
3 years, 7 months Ago
ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര
2 years, 9 months Ago
കോവിഡിനെ ചെറുക്കാൻ ഇന്ത്യയുടെ ആദ്യ എം.ആർ.എൻ.എ. വാക്സിൻ
2 years, 11 months Ago
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
2 years, 9 months Ago
Comments