കാര്ഡിയാക് അറസ്റ്റ്. അറിയേണ്ട ചിലത്...
.jpg)
3 years, 9 months Ago | 687 Views
കാര്ഡിയാക് അറസ്റ്റ് എന്നത് ഹൃദയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളില് ഏറ്റവും സാധാരണമായ ഒന്നാണ്. എന്നാല് സംഗതി നിസാരവുമല്ല. സമയത്തിന് സഹായം ലഭിച്ചില്ലെങ്കില് മരണം തന്നെയാണ് ഇതിന്റെ ഫലം.
ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണ് കാര്ഡിയാക് അറസ്റ്റില് സംഭവിക്കുന്നത്. ആദ്യം ഹൃദയമിടിപ്പിന്റെ താളഗതി മാറുന്നു. പിന്നീട് ഇത് നിലയ്ക്കുകയാണ് ചെയ്യുന്നത്. കാര്ഡിയാക് അറസ്റ്റിന് മുമ്പായും ചില സൂചനകള് രോഗി കാണിച്ചേക്കാം.
കണ്സള്ട്ടന്റ് കാര്ഡിയോളജിസ്റ്റും കാര്ഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. അമേയ ഉദ്യവര് പറയുന്നത്..
'കാര്ഡിയാക് അറസ്റ്റും ഹാര്ട്ട് അറ്റാക്കും രണ്ടാണ്. കാര്ഡിയാക് അറസ്റ്റില് ഹൃദയമിടിപ്പ് വളരെ പതിയെയോ വളരെ വേഗത്തിലോ ആകാം. തുടര്ന്ന് ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്ത്തുന്നു. ഹാര്ട്ട് അറ്റാക്കിനെക്കാള് വലിയ എമര്ജന്സി അഥവാ ഗുരുതരമാണ് കാര്ഡിയാക് അറസ്റ്റ്. ഹാര്ട്ട് അറ്റാക്കിലാകുമ്പോള് രക്തയോട്ടം കുറയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്...'- ഡോ. അമേയ പറയുന്നു.
തുടര്ച്ചയായി ബോധം കെട്ടുവീഴുന്ന സംഭവങ്ങള്, അതുപോലെ തുടര്ച്ചയായ നെഞ്ചുവേദന എന്നിവയാണ് കാര്ഡിയാക് അറസ്റ്റിന് മുന്നോടിയായി രോഗിയില് കാണുന്ന രണ്ട് പ്രധാന സൂചനകളെന്നും ഡോ. അമേയ പറയുന്നു.
'ഒരു രോഗി, അല്ലെങ്കിലൊരു വ്യക്തി പെട്ടെന്ന് ബോധം നിലച്ച് വീഴുന്നുവെങ്കില് അത് ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്നമാകാനുള്ള സാധ്യത കൂടുതലാണ്. ഒന്നുകില് ഹൃദയമിടിപ്പ് കൂടുകയോ അല്ലെങ്കില് കുറയുകയോ ചെയ്യുകയാവാം. എപ്പോഴും നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കില് തീര്ച്ചയായും ഇസിജി എടുത്തുനോക്കുക തന്നെ വേണം. അതില് ബ്ലോക്ക് കണ്ടെത്തില് ആന്ജിയോഗ്രാഫി ചെയ്യുകയും വേണം. ഇതോടെ കാര്ഡിയാക് അറസ്റ്റിനുള്ള സാധ്യത കുറയ്ക്കാം...'- ഡോക്ടര് പറയുന്നു.
ആരോഗ്യമുള്ള ചെറുപ്പക്കാര്ക്ക് കാര്ഡിയാക് അറസ്റ്റ്?
കാര്ഡിയാക് അറസ്റ്റ് ആരിലും സംഭവിക്കാം . ഡാനിഷ് ഫുട്ബോള് താരത്തിന്റെ കാര്യം തന്നെയെടുക്കാം. ഇരുപത്തിയൊമ്പത് വയസ് മാത്രം പ്രായം. 'ഫിറ്റ്' ആയ ശരീരം. എന്നിട്ടും അദ്ദേഹത്തിന് കാര്ഡിയാക് അറസ്റ്റ് സംഭവിച്ചു. എങ്ങനെ എന്ന് ചോദ്യം ഉയരാം.
മിക്കവാറും ഇത്തരം കേസുകളില് പാരമ്പര്യമാണ് ഘടകമാകുന്നതെന്ന് ഡോ. അമേയ സൂചിപ്പിക്കുന്നു. ജനിതകമായ ഘടകങ്ങള് ഒരാളില് കാര്ഡിയാക് അറസ്റ്റിനുള്ള സാധ്യത നിലനിര്ത്തുന്നുണ്ട് എങ്കില് അത് എപ്പോള് വേണമെങ്കിലും പ്രായോഗികമായി സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു.
'അത്ലറ്റുകളുടെ കാര്യമെടുത്താല് കായികാധ്വാനത്തിന്റെ ഫലമായി അവരുടെ ഹൃദയം വിസ്തൃതമായി മാറിയിരിക്കും. അത്ലറ്റ്സ് ഹാര്ട്ട് എന്നൊരു വിശേഷണം തന്നെയുണ്ട്. ഇത്തരക്കാരില് ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്കുള്ള സാധ്യതകള് കൂടുതലാണ്. കാരണം അവര് കായികമായി വര്ക്ക് ചെയ്യുമ്പോള് ഹൃദയമിടിപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് പ്രൊഫഷണല് ആയ അത്ലെറ്റുകള്ക്ക് എപ്പോഴും ഇസിജി, എക്കോ ടെസ്റ്റ് എന്നിവയെല്ലാം നിര്ദേശിക്കപ്പെടുന്നത്. ഈ വിഭാഗക്കാരില് ഹൃദയസംബന്ധമായ പ്രശ്നങ്ങള് നേരത്തെ കണ്ടെത്താന് സാധിക്കുന്നതും ഇങ്ങനെയാണ്'- ഡോക്ടര് പറയുന്നു.
എങ്ങനെ പ്രതിരോധിക്കാം?
കാര്ഡിയാക് അറസ്റ്റിനെ പരിപൂര്ണ്ണമായി പ്രതിരോധിക്കാന് സാധിക്കുകയില്ല. എങ്കിലും ആരോഗ്യപൂര്ണ്ണമായ ജീവിതരീതിയിലൂടെ വലിയൊരു പരിധി വരെ തടയാനും കഴിയും. പോഷകങ്ങളടങ്ങിയ ഡയറ്റ് പിന്തുടരാം. എണ്ണമയം ഉള്ള ഭക്ഷണം, കാര്ബോഹൈഡ്രേറ്റ്- കൊളസ്ട്രോള് എന്നിവ കൂടുതലുള്ള ഭക്ഷണം, കൃത്രിമമധുരം അടങ്ങിയ ഭക്ഷണപാനീയങ്ങള് എന്നിവയെല്ലാം പരമാവധി ഒഴിവാക്കാം. വ്യായാമം പതിവാക്കാം. അമിതവണ്ണം വരാതിരിക്കാന് ശ്രദ്ധിക്കാം.
മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളും ഹൃദയത്തെ പെട്ടെന്ന് ദോഷകരമായി ബാധിക്കാം. അതുപോലെ ഇടവിട്ട് ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പിക്കുന്നതും നല്ലൊരു ശീലമാണ്.
Read More in Health
Related Stories
കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഒഴിവാക്കണം : ഡബ്ല്യു.എച്ച്.ഒ
3 years, 4 months Ago
വീടുകളില് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
3 years, 2 months Ago
കുട്ടികള്ക്കായി ഫൈസര് കുറഞ്ഞ അളവിലുള്ള കോവിഡ് വാക്സിന് നല്കണമെന്ന് ലോകാരോഗ്യ സംഘടന
3 years, 2 months Ago
നെയ്യ് തുടർച്ചയായി ഡയറ്റിൽ ഉൾപ്പെടുത്താമോ? വ്യക്തമാക്കി ന്യൂട്രീഷനിസ്റ്റ്.
2 years, 10 months Ago
സ്ട്രോക്ക്: ഓൺലൈൻ ഫിസിയോതെറപ്പിക്ക് ഇനി പ്രത്യേക ഗ്ലൗസ്
2 years, 11 months Ago
Comments