Thursday, April 17, 2025 Thiruvananthapuram

ക്യാസി ഓടിയത് രണ്ടു കാലിൽ : റെക്കോർഡിട്ട് റോബോട്ട്

banner

3 years, 8 months Ago | 419 Views

ഓണ്‍ലൈനില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നത് ക്യാസിയെ (Cassie) പോലെയുള്ള റോബോട്ടുകളാകാം! അമേരിക്കയിലെ ഓറിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ക്യാസിയെ സൃഷ്ടിച്ചത്. രണ്ടു കാലുകളുള്ള റോബോട്ട് മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് റെക്കോർഡിട്ടത്.

റോബോട്ട് 53 മിനിറ്റുകൊണ്ട് അഞ്ച് കിലോമീറ്റര്‍ (3.1 മൈൽ) ആണ് ഓടിയെത്തിയത്. അതായത് ഒരു മൈല്‍ ഓടിയെത്താൻ  17 മിനിറ്റാണ് എടുത്തത്. മനുഷ്യര്‍ക്ക് ഇത്രയും ദൂരം താണ്ടാന്‍ വേണ്ടത് ഏകദേശം പന്ത്രണ്ടര മിനിറ്റാണ്. കൂടാതെ, ഓട്ടത്തിനിടയില്‍ റോബോട്ട് രണ്ടു തവണ നിലത്തു വീഴുകയും ചെയ്തു. 

ചുവന്ന രണ്ടു 'കാലുകളാണ്  ക്യാസിക്കുള്ളത്. ക്യാസിയുടെ പാദങ്ങള്‍ റോഡില്‍ പതിയുമ്പോള്‍ ലോഹം തട്ടുന്ന ശബ്ദമായിരുന്നു. മനുഷ്യന്റെ വയറിരിക്കുന്ന സ്ഥലത്താണ് റോബർട്ടിന്റെ മോട്ടോറുകളും നയന്ത്രണ സാമഗ്രികളും ഇരിക്കുന്നത്. ഓട്ടത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ കാര്യം അത് ഡൈനാമിക്കലായി അല്ലെങ്കില്‍ ചലനശാസ്ത്രപരമായി ബാലന്‍സ് ചെയ്യാന്‍ പഠിച്ചു എന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. നേരെനില്‍ക്കാന്‍ വേണ്ട ബാലന്‍സിങ് കാര്യങ്ങള്‍ അത് സ്വയം പഠിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ലഭിച്ച 10 ലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് ക്യാസിയെ വികസിപ്പിച്ചെടുത്തത്. എജിലിറ്റി റോബോട്ടിക്‌സ് എന്ന കമ്പനിയാണ് റോബോട്ടിനെ നിര്‍മിക്കാന്‍ സഹായിച്ചത്.

തലയോ ഉടലോ ഇല്ലാത്ത റോബോട്ട് മികച്ച നേട്ടമാണ് പരീക്ഷണ ഓട്ടത്തില്‍ കൈവരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ഒറ്റ ബാറ്ററി ചാര്‍ജിലായിരുന്നു ഓട്ടം പൂര്‍ത്തിയാക്കിയത്. ഓട്ടത്തിനിടയില്‍ വലിയ പ്രശ്‌നത്തില്‍ ചെന്നു പെടില്ലെന്ന് ഉറപ്പാക്കാനായി റോബോട്ടിനെ റിമോട്ടായി ഗവേഷകര്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു. 

ഓട്ടത്തിനിടയില്‍ ക്യാസി രണ്ടു തവണയാണ് വീണത്. ഒരിക്കല്‍ അതിന്റെ കംപ്യൂട്ടര്‍ കൂടുതല്‍ ചൂടായതിനാലും മറ്റൊരിക്കല്‍ നിയന്ത്രിച്ചയാള്‍ അല്‍പം തിടുക്കത്തില്‍ വളവു തിരിയാന്‍ പ്രേരിപ്പിച്ചതുമാണ് കാരണങ്ങള്‍. ഓട്ടത്തിനിടയില്‍ ചിലയിടങ്ങളില്‍ റോബോട്ട് പിന്നോട്ട് പോകുക പോലും ഉണ്ടായി. എന്നാല്‍, അതെല്ലാം ക്യാസിയുടെ കാലുകള്‍ക്ക് സവിശേഷമായ സന്ദേശങ്ങളാണ് കൈമാറിയത്. ഇങ്ങനെ ഇരട്ടക്കാലുകളുള്ള റോബോട്ടുകളെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഇനി പഠനങ്ങള്‍ നടക്കും. ഇത്തരം ഒന്ന് നമ്മുടെ വീട്ടിലേക്ക് ഓടിക്കയറാന്‍ ചിലപ്പോള്‍ അധികം കാലമെടുത്തേക്കില്ലെന്നും ബിബിസി പറയുന്നു.



Read More in Technology

Comments

Related Stories