Sunday, Aug. 17, 2025 Thiruvananthapuram

ചെങ്കണ്ണ്

banner

4 years, 1 month Ago | 654 Views


 കണ്ണുകളെ ബാധിക്കുന്ന പകർച്ചവ്യാധി മുഖ്യമായും കൺപോളകൾക്കിടയിലുള്ള ചർമ്മ പാളിയെ ( കൺപോളകളുടെ ഉൾവശവും കണ്ണിലെ വെള്ളനിറത്തിലുള്ള ഭാഗത്തെയും പൊതിയുന്ന ചർമ്മപാളിയെ) ബാധിക്കുന്നു. വൈറസ്, ബാക്ടീരിയ എന്നിവ മൂലം രോഗമുണ്ടാവാം. ചൂടുകാലത്ത് സാധാരണം. ചിലരിൽ അലർജിയും  ഇതിനിടയാക്കുന്നു. ലക്ഷണങ്ങൾ രോഗാണുക്കൾ രോഗാണുബാധയുണ്ടായി രണ്ടുദിവസത്തിനകം കണ്ണുകൾ കലങ്ങുകയും ചുവക്കുകയും ചെയ്യുന്നു.

 കണ്ണിനു ചുറ്റും ചൊറിച്ചിലും കരട് വീണ പോലുള്ള അനുഭവവും ഉണ്ടാകും കൺപോളകളിൽ നീര്, കൺപോളകളിൽ പഴുപ്പ് എന്നിവയുണ്ടാകും. പനി, തലവേദന, കണ്ണുകൾക്ക് ചൊറിച്ചിൽ, ചൂട്, കൺപോളകൾക്ക് തടിപ്പ്, പീളകെട്ടൽ, പ്രകാശമേൽക്കുമ്പോൾ  അസ്വസ്ഥത, കാഴ്ചയിൽ അവ്യക്തത, കണ്ണുവേദന, കണ്ണുകൾക്ക് ചുവപ്പുനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഉണർന്നെണീക്കുമ്പോൾ കൺപോളകൾ തമ്മിൽ ഒട്ടിയിരിക്കും. ചിലപ്പോൾ കൺപോളകൾക്ക് കൂടുതൽ വീക്കവും ഉണ്ടാകും. എങ്കിലും ചെങ്കണ്ണ് അപകടകരമായ രോഗമല്ല.

 ബാക്ടീരിയ, വൈറസ് തുടങ്ങിയ അന്യപദാർഥങ്ങൾ കണ്ണിൽ അകപ്പെട്ടാൽ അവയെ നശിപ്പിക്കുന്നതിന് സഹായകരമായ എൻസൈമുകളും ആന്റിബോഡികളുമുള്ള കണ്ണുനീർ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാൽ പ്രത്യേകിച്ച് ചികിത്സ കൂടാതെ തന്നെ മൂന്ന്നാലു ദിവസങ്ങൾക്കകം സുഖപ്പെടും. എന്നാൽ അസ്വസ്ഥതകൾ അസഹ്യമാണെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടുക. തുള്ളി മരുന്നുകളും ഓയിൻമെന്റുകളും ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം.

 സ്വയം ചികിത്സ പാടില്ല. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണിന് കണ്ണിലൊഴിക്കാൻ ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ ലഭ്യമാണ്. ശ്രദ്ധിക്കുക *കണ്ണിൽ തൊടുകയോ, തിരുമുകയോ ചെയ്യരുത്  *ദിവസം മൂന്നു തവണയെങ്കിലും ഇളം ചൂടുവെള്ളത്തിൽ കണ്ണ് കഴുകി വൃത്തിയുള്ള തുണികൊണ്ട് മെല്ലെ ഒപ്പിയെടുക്കുക. *കണ്ണു കെട്ടിവയ്ക്കരുത്. *പ്രകാശത്തിന്റെ തീവ്രത കണ്ണിലേക്കെത്തുന്നത് തടയാൻ കറുത്ത കണ്ണട ധരിക്കുക. *ശുദ്ധജലത്തിൽ ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് നല്ലതാണ്. രോഗം മാറുന്നതുവരെ വീട്ടിൽ കഴിയുന്നതും ഉത്തമം. *തലയിണയുടെ കവറുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുക. ഇവ ചൂടുവെള്ളത്തിൽ കഴുകുക. *രോഗബാധയുള്ളവർക്ക് കണ്ണിൽ പുരട്ടാനുപയോഗിക്കുന്ന സൗന്ദര്യവർധക  വസ്തുക്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് ഒഴിവാക്കുക. ടവ്വലുകൾ, തൂവാല, തോർത്ത്  എന്നിവയും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. *കൈകൾ ഇടയ്ക്കിടെ ഹാൻഡ് വാഷ്  ഉപയോഗിച്ച് കഴുകി തുടയ്ക്കുക.



Read More in Health

Comments