Thursday, April 10, 2025 Thiruvananthapuram

ഇന്ന് ലോക ആന ദിനം: ഒരു വര്‍ഷം വേട്ടയാടുന്നത് 15000 ആനകളെ, ആനകളുടെ വംശനാശത്തെക്കുറിച്ച്‌ അറിയാം

banner

3 years, 8 months Ago | 494 Views

'ഹാതി മേരാ സാഥി' മുതല്‍ 'ലവ് ആന്‍ഡ് ബനാനസ്: ഒരു എലിഫന്റ് സ്റ്റോറി' വരെയുള്ള നിരവധി ചിത്രങ്ങള്‍ ആനകളോടുള്ള മനുഷ്യരുടെ സ്‌നേഹം ഓര്‍മ്മിപ്പിക്കുന്ന സിനിമകളാണ്. നമ്മുടെ സ്‌നേഹവും അവബോധവും വെറും സിനിമകളില്‍ മാത്രം നിലനിന്നാല്‍ പോരാ, സിനിമകള്‍ക്ക് അപ്പുറവും ആനകളോടുള്ള സ്‌നേഹം നീണ്ടുനില്‍ക്കണം. അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും, ഓഗസ്റ്റ് 12 ന്, നമ്മുടെ പരിസ്ഥിതിയില്‍ ആനകള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിയുന്നതിനായാണ് ലോകം ആനദിനം ആചരിക്കുന്നത്.

 

ആനകളുടെ സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ച്‌ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ആനകളുടെ എണ്ണം നിരന്തരം കുറയുന്നത് വാര്‍ത്തയല്ല. വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നഷ്ടം, ആനകളോടുള്ള മോശമായ പെരുമാറ്റം, ഏഷ്യന്‍, ആഫ്രിക്കന്‍ ആനകള്‍ നേരിടുന്ന വിവിധ ഭീഷണികള്‍ എന്നിവ ആനകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്.

ലോക ആന ദിനത്തിന്റെ ചരിത്രം

2012 ഓഗസ്റ്റ് 12 മുതലാണ് ലോക ആനദിനം ആചരിച്ച്‌ തുടങ്ങിയത്. ഏഷ്യന്‍, ആഫ്രിക്കന്‍ ആനകളുടെ ദയനീയാവസ്ഥ എടുത്തു കാണിച്ച ദിവസമായിരുന്നു ഇത്. തായ്ലന്‍ഡ് ആസ്ഥാനമായുള്ള എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷന്‍, കനേഡിയന്‍ ചലച്ചിത്രകാരിയായ പട്രീഷ്യ സിംസിനൊപ്പം ചേര്‍ന്നാണ് ഈ ദിവസം പരിപാടികള്‍ സംഘടിപ്പിച്ചത്. 2012 മുതല്‍, സിംസ് ആണ് ലോക ആനദിനം നയിക്കുന്നത്.

 

സിംസിന്റെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ വേള്‍ഡ് എലിഫന്റ് സൊസൈറ്റി വര്‍ഷങ്ങളായി നിരവധി പേരെ ആനകളെക്കുറിച്ച്‌ പഠിപ്പിക്കുകയും ആന സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്തു. 100 ആന സംരക്ഷണ സംഘടനകളുമായി സഹകരിച്ചാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം, ലോകമെമ്പാടും പരിപാടികള്‍ നടത്തി ഈ ദിവസം ആചരിക്കാന്‍ വ്യക്തികളോടും സംഘടനകളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

ലോക ആന ദിനത്തിന്റെ പ്രാധാന്യം

WWF (വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍) ന്റെ സമീപകാല ഡാറ്റ അനുസരിച്ച്‌, ഏകദേശം 440,000 ആനകള്‍ ഭൂമിയില്‍ അവശേഷിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഏകദേശം 15,000 ആനകളെ വേട്ടക്കാര്‍ വേട്ടയാടുന്നുണ്ടെന്നും ഡബ്ല്യുഡബ്ല്യുഎഫ് വെളിപ്പെടുത്തി. അവയുടെ സംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളുക മാത്രമല്ല, 'ആനകളുടെ വംശനാശം' സംബന്ധിച്ച്‌ അവബോധം സൃഷ്ടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

 

ഇന്ത്യയില്‍, സാംസ്‌കാരികവും മതപരവുമായ ചടങ്ങുകള്‍ക്കും ആനകളെ ഉപയോഗിക്കുന്നുണ്ട്. നിരവധി ആനകള്‍ വര്‍ഷം തോറും വേട്ടയാടല്‍, വൈദ്യുതാഘാതം, ട്രെയിന്‍ അപകടങ്ങള്‍, വിഷബാധ എന്നിവയ്ക്ക് ഇരയായി ചാകുന്നുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഏഷ്യാട്ടിക് ആനകളുടെ എണ്ണം 50,000 ല്‍ താഴെയായി കുറഞ്ഞു, ഇത് ആനകളുടെ ചരിത്ര ശരാശരിയുടെ 15% മാത്രമാണ്. ഏഷ്യാട്ടിക് ആനകള്‍ പ്രധാനമായും ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്.



Read More in Environment

Comments