Thursday, July 31, 2025 Thiruvananthapuram

അസം റൈഫിൾസിലെ ഏക മലയാളി വനിത, കാശ്മീർ താഴ്വര കാക്കാൻ കായംകുളത്തെ ആതി​ര

banner

4 years Ago | 370 Views

അസാം റൈഫിൾസിലെ ഏക മലയാളി യുവതിയായ ആതിര കെ. പിള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ് എ.കെ.47 തോക്കുമായി രാജ്യത്തിനുവേണ്ടി കാവൽ നിൽക്കുകയാണ് കാശ്മീർ താഴ്‌വരയിലെ ഗന്ധർ ബല്ലിലെ ഇന്ത്യയുടെ സൈനിക പോസ്റ്റിൽ. അതിർത്തി കാക്കുന്ന വിവിധ സേനകളിലെ വനിതാ സൈനികരിലെ ഏക മലയാളി പെൺകുട്ടി എന്ന ഖ്യാതിയും ആതിരയ്ക്ക് സ്വന്തം.

കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതിൽ വീട്ടിൽ നിന്ന് പിതാവിന്റെ പാത പിന്തുടർന്നാണ് ഈ ഇരുപത്തിയഞ്ചുകാരി ഇവിടെ എത്തിയത് .

അസാം റൈഫിൾസിൽ സൈനികനായിരിക്കെ പതിമൂന്ന് വർഷം മുൻപാണ് അച്ഛൻ കേശവപിള്ള മരിച്ചത്. അച്ഛനെ മാത്രമല്ല, അച്ഛന്റെ ജോലിയോടും കുട്ടിക്കാലത്തേ ആതിരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. സേനയിൽ ചേരണമെന്ന മോഹം ചെറുപ്പത്തിലേ വേരുറച്ചു. അച്ഛൻ മരിക്കുമ്പോൾ ആതിരയ്ക്ക് പ്രായം പന്ത്രണ്ട്. മന്ദിരം എൽ. പി. എസ്, വി. വി. എച്ച്. എസ് താമരക്കുളം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പ്രൈവറ്റായി പഠിച്ച് ഡിഗ്രി സമ്പാദി​ച്ചു. പഠനം പൂർത്തിയായതോടെ അച്ഛൻ ജോലി ചെയ്തിരുന്ന അസാം റൈഫിൾസിൽത്തന്നെ ജോലി തേടിപ്പോയി.

ഷില്ലോംഗിലെ റിക്രൂട്മെന്റ് ക്യാമ്പിൽ പങ്കെടുത്തു. നാലുവർഷം മുൻപ് സൈന്യത്തിൽ ചേർന്ന ആതിര നാഗാലാന്റ്, മണിപ്പൂർ എന്നിവിടങ്ങളിലെ സേവനത്തിനുശേഷമാണ് നാലു മാസം മുമ്പ് കാശ്മീരിലെ അതിർത്തി ജില്ലയായ ഗന്ധർബാലിൽ എത്തിയത്.

ദേശസ്നേഹം ലക്ഷ്യം

ആതിര ഉൾപ്പെടെ നാല് വനിതകളുണ്ട് ഗന്ധർബാലിൽ. അസം റൈഫിൾസിലെ ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് ജോലി.

പട്രോളിംഗിനൊപ്പം നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പ്രധാന ചുമതല. അതിർത്തിയിലെ പെൺകുട്ടികളിൽ ദേശസ്നേഹം വളർത്തുകയും ഇവരുടെ ലക്ഷ്യമാണ്. വീടുകൾ കയറിയുള്ള പരിശോധനകളുമുണ്ട്.

കാശ്മീർ താഴ്‌വരകളിൽ കരുത്തോടെ കാവൽ നിൽക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷ മാത്രമാണ് ആതിരയുടെ മനസിൽ.  ജയലക്ഷ്മിയാണ് മാതാവ്. ഭർത്താവ് സ്മിതീഷ് പ്രവാസിയാണ്. അഭിലാഷാണ് സഹോദരൻ.



Read More in India

Comments

Related Stories