Saturday, April 19, 2025 Thiruvananthapuram

കോവിഡ് വാക്സീൻ തോളിലെടുക്കുന്നതിനുള്ള കാരണം ഇതാ...

banner

3 years, 10 months Ago | 425 Views

നമ്മുടെ കൈയിലെ തോളുകളിലുള്ള ‘ഡെൽറ്റോയ്ഡ്’ പേശികളിലാണ് കോവിഡ് വാക്സീൻ സ്വീകരിക്കുന്നത്. ശരീരത്തിൽ കുറെയേറെ പേശികളുണ്ടായിട്ടും എന്തുകൊണ്ടാണു കോവിഡ് വാക്സീൻ കുത്തിവയ്ക്കുന്നതിനു ഡെൽറ്റോയ്ഡ് പേശികൾ തന്നെ തിരഞ്ഞെടുത്തത്?

സാധാരണഗതിയിൽ ഇടതു കൈയിലെ തോളിലെ ഡെൽറ്റോയ്ഡ് പേശികളിലാണു കോവിഡ് വാക്സീൻ കുത്തിവയ്ക്കുന്നത്.  വാക്സീൻ കുത്തിവയ്ക്കുമ്പോൾ പേശികളിലെ കോശങ്ങൾ ആന്റിജനെ തിരിച്ചറിയുകയും രോഗ പ്രതിരോധ പ്രതികരണങ്ങൾക്കു തുടക്കമിടുകയും ചെയ്യുന്നു. എന്നാൽ, അതിനു ചില വഴികളുണ്ട്.  പേശികളിലെ രക്തക്കുഴലുകൾ വഴി ഈ ആന്റിജൻ ആദ്യമെത്തുന്നത് ലിംഫ് നോഡ്സ് അഥവാ ലസികാ ഗ്രന്ഥികളിലാണ്.  ഡെൽറ്റോയ്ഡ് പേശികളെ സംബന്ധിച്ചിടത്തോളമാണെങ്കിൽ ലസികാ ഗ്രന്ഥിയുടെ സ്ഥാനം കക്ഷത്തിലാണ്.

എന്താണ് ലിംഫ് നോഡ് അഥവാ ലസികാ ഗ്രന്ഥി

നമ്മുടെ രോഗ പ്രതിരോധത്തിൽ നിർണായക സ്ഥാനമുള്ളവയാണു ലസികാ ഗ്രന്ഥികൾ. നമ്മുടെ ശരീരത്തിൽ ഒട്ടനവധി ലസികാ ഗ്രന്ഥികളുണ്ട്. വൃക്കയുടെ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് ഇവ. പൂർണ വളർച്ചയെത്തിയ ഒരാളിന്റെ ശരീരത്തിൽ ഒന്നും രണ്ടുമല്ല, 450 ലസികാ ഗ്രന്ഥികളാണുണ്ടാകുക. കഴുത്ത്, ആമാശയം, കക്ഷം തുടങ്ങി ശരീരത്തിന്റെ പല ഭാഗങ്ങളിലും ഈ ഗ്രന്ഥികളുണ്ട്. ഈ ലസികാ ഗ്രന്ഥികൾ ലസികാ വാഹിനികളാൽ പരസ്പരം ബന്ധപ്പെട്ടിരിക്കും.

പുറത്തു നിന്നുള്ള ഒരു വൈറസോ, ബാക്ടീരിയയോ ശരീരത്തിന്റെ ഉള്ളിലെത്തിയാൽ അവയെ ആദ്യം ഫിൽറ്റർ ചെയ്തു തിരിച്ചറിയുന്നത് ലസികാ ഗ്രന്ഥികളാണ്. രോഗബാധയുള്ള സമയങ്ങളിൽ ഈ ഗ്രന്ഥികളിൽ വീക്കമുണ്ടാകും. മുണ്ടിനീര്, താട വീക്കം, കഴല എന്നിവയെല്ലാം ഇത്തരത്തിൽ ലസികാ ഗ്രാന്ഥികളിലുണ്ടാകുന്ന രോഗ ലക്ഷണങ്ങളാണ്. ലസിക ഗ്രന്ഥിയിലുണ്ടാകുന്ന വീക്കങ്ങളിലൂടെ കാൻസർ പോലുള്ള മാരക രോഗങ്ങൾ പോലും തിരിച്ചറിയാനാകും.

ഡെൽറ്റോയ്ഡ് പേശിയും കോവിഡ് വാക്സീനും

ഡെൽറ്റോയ്ഡ് പേശിയുടെ തൊട്ടടുത്തുള്ള ലസികാ ഗ്രന്ഥി കക്ഷത്തിലാണ്. കക്ഷത്തിൽ ഒരു ലസികാ ഗ്രന്ഥി മാത്രമാണുള്ളതെന്നു കരുതരുത്. നെഞ്ച്, കൈകൾ, തോളിലെ പേശികൾ എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിയിരിക്കുന്ന 20 ലസിക ഗ്രാന്ഥികൾ നമ്മുടെ കൊച്ചു കക്ഷത്തിലുണ്ട്.

തോളിലെ പേശികളിൽ കുത്തിവയ്ക്കുന്ന വാക്സീനിലെ ആന്റിജനെ വളരെ പെട്ടെന്നു തന്നെ ലസികാവാഹികളായ രക്തക്കുഴലുകൾക്കു കക്ഷത്തിലെ ലസികാ ഗ്രന്ഥിയിൽ എത്തിക്കാനാകും. ഇടുപ്പിലെയോ തുടകളിലെയോ പേശികളിൽ കുത്തിവച്ചാൽ ആന്റിജനെ ലസികാ ഗ്രന്ധിയിലെത്തിക്കാൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതായി വരും.

ലസികാ ഗ്രന്ഥികളിൽ ഇമ്യൂൺ സെല്ലുകൾ കൂടുതലുണ്ട്. അവ വാക്സീനിലെ ആന്റിജനെ തിരിച്ചറിഞ്ഞാലുടൻ രോഗ പ്രതിരോധ പ്രതികരണമുണ്ടാകും. പുറത്തു നിന്നെത്തിയ ‘ശത്രു’വിനെ തുരത്താനായി ശരീരം ആന്റിബോഡി ഉൽപാദനം ഇതോടെ ആരംഭിക്കും.

പാർശ്വഫലങ്ങൾ കുറവ്

വാക്സീൻ കുത്തിവയ്ക്കുന്ന ഭാഗത്തെ പേശികളിലെ കോശങ്ങളെ മാത്രമാണ് ഇതു ബാധിക്കുന്നത്. വാക്സീൻ കുത്തിവയ്ക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തോളിന്റെ പേശിയുടെ ഭാഗത്തു മാത്രമായി അതു ചുരുങ്ങും. രോഗ പ്രതിരോധ പ്രതികരണത്തിന്റെ തോത് വധിപ്പിക്കാനായി വാക്സീനുകളിൽ ‘അഡ്ജുവന്റുകൾ’ ഉപയോഗിക്കാറുണ്ട്. ഇത്തരം അഡ്ജുവന്റുകൾ ഉൾപ്പെട്ട വാക്സീനുകൾ പൊതുവേ പേശികളിലാണു നൽകുന്നത്. ഏതെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടെങ്കിൽ അത് കുറച്ചു ഭാഗത്തു മാത്രം ഒതുക്കാൻ ഇതുവഴി സാധിക്കും.

കോവിഡ് വാക്സീൻ എടുക്കുന്ന സമയത്തിന് അടുത്ത ദിവസങ്ങളിൽ മറ്റൊരു വാക്സീൻ എടുക്കുമ്പോൾ മറ്റൊരു പേശിയാണു തിരഞ്ഞെടുക്കുക. അതിനുള്ള കാരണം വാക്സീനോടുള്ള റിയാക്‌ഷൻ ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രം ഒതുങ്ങി നിൽക്കാൻ വേണ്ടിയാണിത്. ഇൻട്രാമസ്കുലാർ രീതിയിൽ വാക്സീൻ കുത്തിവയ്ക്കുമ്പോൾ പാർശ്വ ഫലങ്ങൾ വളരെ കുറവു മാത്രമാണ് ഉണ്ടാകുന്നതെന്നും പഠനങ്ങൾ പറയുന്നു.

 

 



Read More in Health

Comments