Tuesday, April 15, 2025 Thiruvananthapuram

വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ, ബിൽ ലോക്‌സഭ പാസാക്കി

banner

3 years, 3 months Ago | 423 Views

കള്ളവോട്ട് തടയാനും വോട്ടർമാരുടെ പേര് ആവർത്തിക്കുന്നത് ഒഴിവാക്കാനും ആധാർ കാർഡും വോട്ടർപട്ടികയും ബന്ധിപ്പിക്കാൻ വ്യവസ്ഥകളുള്ള ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. വർഷത്തിൽ നാലു തവണ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.

വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന സമയത്ത് വോട്ടറുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്ക് അധികാരം നൽകുന്നതാണ് വ്യവസ്ഥ. ഇതിനായി 1950ലെ ജനപ്രാതിനിദ്ധ്യ നിയമത്തിലെ 23-ാം വകുപ്പ് ഭേദഗതി ചെയ്തു. പുതിയ വോട്ടർ പട്ടികയ്‌ക്കൊപ്പം നിലവിലെ പട്ടികയിലുള്ള ഒരാളെ തിരിച്ചറിയാനും ആധാർ കാർഡ് വിവരങ്ങൾ ശേഖരിക്കാം. ഇതു നോക്കി ആളിന്റെ പേര് ഒന്നിലധികം മണ്ഡലങ്ങളിൽ, അല്ലെങ്കിൽ ഒരു മണ്ഡലത്തിൽ തന്നെ ആവർത്തിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം.

കേന്ദ്രസർക്കാർ ഗസറ്റിലൂടെ പ്രസിദ്ധീകരിക്കുന്ന നിശ്ചിത തിയതിക്കുള്ളിൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ പ്രത്യേക ഫോറത്തിൽ ആധാർ വിവരങ്ങൾ നൽകണം.

ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിലോ, മതിയായ കാരണങ്ങളാൽ ആധാർ വിവരങ്ങൾ ഹാജരാക്കാൻ കഴിയാതെ വരികയോ വന്നാൽ അതിന്റെ പേരിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാതിരിക്കുകയോ, നിലവിലുള്ള പേര് ഒഴിവാക്കുകയോ ചെയ്യരുതെന്നും വ്യവസ്ഥയുണ്ട്. അത്തരക്കാർ ആധാറിന് പകരം മറ്റു തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം.

നാലു തവണ പേരു ചേർക്കാം

പ്രായപൂർത്തിയായാലും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ജനുവരി ഒന്നുവരെ കാത്തിരിക്കുന്ന പതിവ് അവസാനിപ്പിക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. 1950ലെ ജനപ്രാതിനിദ്ധ്യ നിയമത്തിലെ 23-ാം വകുപ്പിൽ വരുത്തിയ ഭേദഗതി പ്രകാരം ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്‌ടോബർ ഒന്ന് ദിവസങ്ങളിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അനുവദിക്കും.

വോട്ടർപട്ടികയിൽ ഇടം നേടാൻ സ്ഥിരതാമസക്കാരൻ ആയിരിക്കണമെന്ന് വിശദീകരിക്കുന്ന 20-ാം വകുപ്പിലും ഭേദഗതിയുണ്ട്. താമസക്കാരന്റെ ഭാര്യയ്‌ക്കും വോട്ടവകാശമുണ്ടെന്ന ഭാഗത്ത് 'ഭാര്യ' എന്ന വാക്ക് 'പങ്കാളി' എന്നാക്കി ഭേദഗതി ചെയ്‌തു.



Read More in India

Comments