Friday, April 4, 2025 Thiruvananthapuram

"നേച്ചർ ക്ലബ് വേൾഡ് വൈഡ്"

banner

9 months, 2 weeks Ago | 62 Views

കഴിഞ്ഞ അര നൂറ്റാണ്ടു കാലമായി ലോക പരിസിഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചുവരുന്നു. ഇക്കൊല്ലവും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഗവൺമെന്റുകളുടെയുമെല്ലാം ആഭിമുഖ്യത്തിൽ സമ്മേളനങ്ങളും ശില്പശാലകളും പ്രതിജ്‌ഞ പുതുക്കലുമെല്ലാം നടന്നു. അൻപത് വർഷങ്ങളായി തുടരുന്ന ചടങ്ങിൻ്റെ ആവർത്തനം.

ഇതുമതിയോ...?

ലോകത്തിന്റെ സർവ്വനാശം മുന്നിൽക്കണ്ട് വിഷണ്ണരായി നിൽക്കുന്നവരും സഹജീവി സ്നേഹികളായ പരിസ്‌ഥിതി പ്രവർത്തകരുമെല്ലാം തെല്ലൊരസ്വസ്‌ഥതയോടെ ഉയർത്തുന്ന ചോദ്യമാണിത്. ആനുകാലിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ചോദ്യം തികച്ചും പ്രസക്ത‌മാണുതാനും.

ഇതിനു മറുപടിയെന്നോണവും വെറുമൊരു ചടങ്ങന്ന നിലയിലല്ലാതെ ലോകം അഭിമുഖീകരിക്കുന്ന പാരിസ്‌ഥിതിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് ആഴത്തിലും പരപ്പിലും പ്രവർത്തിക്കുവാൻ സന്നദ്ധമായും രംഗത്തുള്ള അന്താരാഷ്ട്ര സംഘടനയാണ് "നേച്ചർ ക്ലബ് വേൾഡ് വൈഡ്"

 

കാടുകളും മരങ്ങളും സംരക്ഷിക്കുക, വനഭൂമി പരമാവധി വിസ്തൃതമാക്കാൻ ശ്രമിക്കുക, ആഗോളപാരിസ്‌ഥിതിക സംതുലനവും കാലാവസ്‌ഥാ സുസ്‌ഥിരതയും ഉറപ്പാക്കുക തുടങ്ങിയുള്ള യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ. ഇ.പി)ൻ്റെ പരിസ്‌ഥിതി ദിനാചരണ ഉദ്ദേശ്യലക്ഷ്യങ്ങളുമായി പൂർണ്ണമായി ചേർന്നുനിന്നുള്ള പ്രവർത്തനമാണ് "നേച്ചർ ക്ലബ് വേൾഡ് വൈഡ്" വിഭാവനം ചെയ്‌തിട്ടുള്ളത്. വായുവും ജലവും മനുഷ്യോപയോഗ യോഗ്യമാക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധയുണ്ടാവണം.

 

സംഘടന ഈവർഷം മുതൽ പരിസ്‌ഥിതി ദിനമല്ല, മറിച്ച് പരിസ്‌ഥിതി മാസമായിരിക്കും ആചരിക്കുക. ജൂൺ 5 മുതൽ ജൂലൈ 4 വരെയുള്ള ഒരുമാസക്കാലം വിവിധങ്ങളായുള്ള കർമ്മപരിപാടികളുമായി "നേച്ചർ ക്ലബ് വേൾഡ് വൈഡ്" പരിസ്‌ഥിതിമാസം ആചരിക്കും. വരും വർഷങ്ങളിലും പരിസ്‌ഥിതി മാസാചരണം കൃത്യമായി തുടരുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പംതന്നെ ദിന-വാര-മാസ-വത്സര പരിധിവെയ്ക്കാതെയുള്ള തുടർച്ചയായ ബോധവത്ക്കരണ-പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ഉദ്ദേശിക്കുന്നു. "നേച്ചർ ക്ലബ് വേൾഡ് വൈഡ്" എന്ന സംഘടനയുടെ സംരംഭങ്ങളെ പരിസ്ഥിതി പ്രവർത്തകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ആഗോളപാരിസ്‌ഥിതിക സംരക്ഷണത്തിന്റെ ആണിക്കല്ല് കേരളം ഉൾപ്പെടുന്ന പശ്ചിമ ഘട്ടമേഖലയാണ്. പശ്ചിമഘട്ട ഭൂമേഖലാ സംരക്ഷണത്തിലൂടെ മാത്രമേ ലോക പരിസ്‌ഥിതി സംരക്ഷണവും ലോക പരിസ്‌ഥിതി സംതുലിതാവസ്‌ഥാ പരിപാലനവും സാധിതപ്രായമാവുകയുള്ളു എന്നതാണ് വസ്‌തുത. ലോകമെമ്പാടുമുള്ള പരിസ്ഥിതി ശാസ്ത്രജ്‌ഞരും ഭൗമശാസ്ത്രവിദഗ്‌ധരുമെല്ലാം ഇക്കാര്യം ആവർത്തിച്ചു വ്യക്‌തമാക്കിക്കൊണ്ടിരിക്കുന്നതനു കാരണവും മറ്റൊന്നല്ല.

 

പശ്ചിമഘട്ടമേഖലയിലെ പലേടങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണ്. പശ്ചിമഘട്ട മേഖല അപകടപ്പെടുന്നപക്ഷം അത് ലോകത്തിന്റെ തന്നെ നിലനിൽപ്പിനെ അപകടകരമാം വിധം ബാധിക്കും! ‌സ്ഫോടകാത്മകമായ ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ പ്രാധാന്യവും ആവശ്യകതയും വർദ്ധിക്കുന്നത്.

പരമപ്രധാനമായ ഈ വസ്തുതകൾ ഉൾക്കൊണ്ട് 'നേച്ചർ ക്ലബ്ബ് വേൾഡ് വൈഡ്'ന്റെ പരിസ്‌ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ പ്രധാന മേഖലയായി പശ്ചിമഘട്ടത്തെ ഏറ്റെടുത്തിരിക്കുകയാണ്. "ബിവിത്ത് വെസ്റ്റേൺ ഗാർട്ട്സ് (നാം പശ്ചിമ മേഖലക്കൊപ്പം)" എന്ന മുദ്രാവാക്യമുയർത്തിയാണ് അന്താരാഷ്ട്ര സംഘടനയായ നേച്ചർ ക്ലബ്ബ് വേൾഡിന്റെ പശ്ചിമഘട്ട മേഖലയിലൂന്നിനിന്നുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കുന്നത്.

നാടിന്റെ പാരിസ്ഥിതിക സംതുലിതാവസ്‌ഥ പരിപാലിക്കപ്പെടാനുതകുംവിധമുള്ള പ്രവർത്തനങ്ങൾ ഓരോരുത്തരിലും ഉണ്ടായേതീരൂ. നമ്മുടെ നാടിനെക്കുറിച്ച് ധാരാളം കവികളും മഹത്തുക്കളുമെല്ലാം പാടുകയും പുകഴ്ത്തുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ അതേ ഭൂപ്രദേശത്തിന് ഇന്ന് പലപ്പോഴും കടുത്ത വരൾച്ചയിലും കനത്ത പേമാരിയിലും ഭീതിദ ഉരുൾപൊട്ടലിലുമെല്ലാം വിറങ്ങലിച്ചു
നിൽക്കേണ്ടിവരുന്നു?

കേരളത്തിന്റെ മനോഹാരിതയേയും പരിശുദ്ധിയേയുംകുറിച്ച് കവി പണ്ട് പാടിയത്:

'പുഴകൾ; മലകൾ; പൂവനങ്ങൾ ഭൂമിക്കുകിട്ടിയ സ്ത്രീധനങ്ങൾ സന്ധ്യകൾ മന്ദാരചാമരംവീഴുന്ന 

ചന്ദന ശീതള മണൽപ്പുറങ്ങൾ....." എന്നാണ്.

 

തീർന്നില്ല; ഈ മനോഹാരിതയിൽ മയങ്ങി ദൈവം ആദ്യമായി വന്നിറങ്ങിയത് ഇവിടെയാണെന്നും കവിപാടുന്നു: "ഇവിടമാണിവിടമാണിതിഹാസ രൂപിയാം ഈശ്വരനിറങ്ങിയ തീരം; ഇവിടമാണാദ്യമായ് മനുജാഭിലാഷങ്ങൾ ഇതളിട്ട സുന്ദരതീരം...." എന്നാൽ ഇന്നോ....? കവി ദർശിച്ചതുപോലുള്ള തെളിമയാർന്ന പുഴകളോ, പച്ചപ്പുള്ള മലകളോ, പൂവനങ്ങളോ, മന്ദാര ചാമരംവീശുന്ന ശുദ്ധമായ കുളിർതെന്നലോ, ചന്ദന ശീതള മണൽപ്പുറങ്ങളോ എന്തെങ്കിലും നമുക്ക് കാണാനാവുമോ.....? ഇന്നത്തെ നിലയിൽ ദൈവം ഇതുവഴി വരുമോ...? സ്വന്തം ജീവനും ലോകംതന്നെയും നാശത്തിലേക്ക് നീങ്ങുമ്പോൾ മനുഷ്യന്റെ ഏതഭിലാഷമാണ് ഇവിടെ ഇതളിട്ടുണരുക....?

ഈ ചോദ്യങ്ങൾക്ക് നമുക്ക് മറുപടിയില്ലായെന്നുമാത്രമല്ല പകരം കവി അയ്യപ്പപ്പണിക്കർ വിലപിച്ചതുപോലെ "കാടെവിടെ മക്കളേ മേടെവിടെ മക്കളേ കാടുപുൽത്തകിടിയുടെ വേരെവിടെ മക്കളേ...." എന്ന് പാടി പരിതപിക്കാനേ നമുക്കാവൂ... ഇതെന്ത്? എന്തുകൊണ്ട്? എന്ന ചോദ്യങ്ങൾക്ക് ഒരൊറ്റ മറുപടിയേയുള്ളൂ: "സ്വയംകൃതാനർത്ഥം"! ഈ ദുഃസ്‌ഥിതിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിച്ചുപിടിക്കാൻ നാം തന്നെ സർവ്വാത്മനാ തയ്യാറായേ മതിയാവു. പരമപ്രധാനമായ ഈ തിരിച്ചറിവ് ഓരോരുത്തരിലുമുണ്ടാവണം. നാം ഓരോരുത്തരും ഇതിനെക്കുറിച്ച് വ്യക്‌തമായ ബോധമുള്ളവരുമാവണം. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ.

ഈയടുത്തകാലത്ത് ആഗോള തലത്തിൽ നടന്ന ഒരു പഠനം വ്യക്ത‌മാക്കുന്നത് ഭാവിയിൽ ആഫ്രിക്ക രണ്ടായി പിളർന്നുമാറും എന്നാണ്! ആ നിലയിലുള്ള ശാസ്ത്രസൂചനകളാണ് ഉണ്ടായിരിക്കുന്നത്. അങ്ങിനെ വരുന്നപക്ഷം ആഫ്രിക്കയുടെ ഒരുഭാഗം പശ്ചിമ ഘട്ടമേഖലയിലായിരിക്കും വന്നടിയുകയെന്നും കണക്കുകൂട്ടുന്നു. ആ വിധം സംഭവിച്ചെന്നാൽ അതിന്റെ ഫലം ഈ നാടിന്റെ പൂർണ്ണമാ നാശം തന്നെയായിരിക്കും. നമ്മുടെ നാടെല്ലാം ഹിമത്താൽ മൂടപ്പെടും. അതോടെ ഇവിടുത്തെ കാലാവസ്‌ഥ അടിമുടി മാറും. ഏതു നിമിഷവും എന്തുനിലയിലുള്ള അപകടവും വന്നുഭവിച്ചേക്കാവുന്ന സാഹചര്യത്തിലേക്ക് നാം എത്തിപ്പെടും. ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. പ്രകൃതി സംരക്ഷണം.

പ്രകൃതിയിലുണ്ടാവുന്ന മാറ്റങ്ങൾക്കും പ്രശ്ന‌ങ്ങൾക്കും ദുരന്തങ്ങൾക്കുമൊന്നും സമയം നിശ്ചയിക്കാനാവില്ല. എപ്പോൾ നടക്കുമെന്നോ എന്ത് നടക്കുമെന്നോ ആർക്കും കൃത്യമായി പ്രവചിക്കാനുമാവില്ല. കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞർ ഇക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്‌തമാക്കുകയുണ്ടായി. അതായത് പ്രകൃതിക്ഷോഭങ്ങൾ ഏതുനിലയിലും ഏതുസമയത്തും സംഭവിക്കാം. ഇതിനുള്ള മകുടോദാഹരണമാണ് 'സുനാമി'. സുനാമി ഉണ്ടാവുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. ഓർക്കാപ്പുറത്ത് നാടിനേറ്റ ഉഗ്രൻ പ്രഹരമായിരുന്നു അത്. അതേപോലെതന്നെയാണ് ഈയടുത്തിടെ നമുക്ക് നേരിടേണ്ടിവന്ന കനത്ത വെള്ളപ്പൊക്കവും. പത്തനംതിട്ടപോലുള്ള ജില്ലകൾപോലും വെള്ളത്തിനടിയിലായത് നാം കണ്ടു. ഇതും ഓർക്കാപ്പുറത്ത് സംഭവിച്ച ദുരന്തമാണ്. സുനാമിയും പ്രളയവും ഉരുൾപൊട്ടലുമെല്ലാം നിമിഷങ്ങൾക്കുള്ളിലാണ് സംഭവിക്കുന്നത്. പ്രകൃതി സംരക്ഷണ കാര്യത്തിൽ നാം കാട്ടിയ അകർമ്മണ്യതയാണ് ഇതിനൊക്കെയും വഴിവെച്ചതെങ്കിലും ഇത്തരം അപകടാവസ്‌ഥകളെ പ്രതിരോധിക്കാനുമാവില്ലല്ലോ? അതിന് പ്രകൃതിയെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

 

ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ ശുദ്ധജലവും ലഭിക്കുക എന്നത് ജന്മാവകാശമാണ്. എന്നാൽ അന്തരീക്ഷ മലിനീകരണത്തിലൂടെ അത് നിഷേധിക്കപ്പെടുന്ന അവസ്ഥയാണിന്നുള്ളത്. ജലമലിനീകരണം എന്നത് സാർവ്വത്രികമായിരിക്കുന്നു. കായലും പുഴകളും കുളങ്ങളുമെന്നുവേണ്ട  ജലശയങ്ങളൊക്കെയും ഇന്ന് മലിനമാണ്. ശുദ്ധജല തടാകമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശാസ്താംകാട്ട കായലടക്കമുള്ള സർവ്വ തടാകങ്ങളിലേയും ജലം ഉപയോഗ്യമല്ലാതായിരിക്കുന്നു. പുഴകൾക്കാകട്ടെ അവയുടെ തനതായ സ്വഭാവം തന്നെ നഷ്‌ടപ്പെട്ടിട്ട് കാലം ഏറെയായി. ഭാരതപ്പുഴപോലെ എന്നും നിറഞ്ഞൊഴുകിയിരുന്ന വലിയ പുഴകൾപോലും ഇന്ന് നന്നെ മെലിഞ്ഞാണൊഴുകുന്നത്. പല പുഴകളും തോടുകൾക്ക് സമാനമായിരിക്കുന്നു.

പുഴകളുടെയും തോടുകളുടെയും ഇരുവശങ്ങളും വ്യാപകമായി കയ്യേറപ്പെടുന്നു. ദേശീയപാതയ്ക് കുറുകേ ഒഴുകിയിരുന്ന തോടുകൾ നികത്തി ഭൂമി കയ്യേറിയ സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ കയ്യേറപ്പെടുന്ന ഭൂമിയിൽ വീടുകളും ഫ്ളാറ്റുകളും ബഹുനില സ്‌ഥാപനങ്ങളുമെല്ലാം ഉയർന്നുവരുന്നു. ഇത് പറയുമ്പോൾ വീടുകളും ഫ്ളാറ്റുകളുമൊന്നും നിർമ്മിക്കപ്പെടേണ്ട എന്നർത്ഥമാക്കേണ്ടതില്ല. മറിച്ച് ഇത്തരം നിർമ്മാണങ്ങൾക്ക് വ്യക്തമായ നിയന്ത്രണങ്ങളും കൃത്യമായ പരിശോധനകളും ഉണ്ടാവണമെന്നുമാത്രമേ അഭിപ്രായമുള്ളൂ.

ദേശീയപാത വികസനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്. പകരം വച്ചുപിടിപ്പിക്കാൻ ആരും തയ്യാറായി കാണുന്നുമില്ല. 'പുതിയമരം വച്ചുപിടിപ്പിച്ചതിനുശേഷം മാത്രം മരം മുറിക്കുക' എന്ന സംസ്‌കാരത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുഖംതിരിക്കുന്നു എന്നത് ഖേദകരമാണ്. വലിയ ആവേശത്തോടെയും നിഷ്ക്കരുണവും നിർദാക്ഷണ്വുമായാണ് വൻ മരങ്ങളുടെ ചുവട്ടിൽ കോടാലി വയ്ക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ ദേശവ്യാപകമായി നടക്കുന്ന ഈ ക്രൂരതമുലം വൻതോതിലുള്ള ഓക്സിജൻ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ ഭവിഷ്യത്തുകളെ സ്വീകരിച്ചാനയിക്കലാണ് എന്ന വസ്തുത വിസ്മ‌രിക്കാതിരുന്നാൽ നന്ന്.

പരിസ്‌ഥിതി സംരക്ഷണം എന്താണെന്നും എങ്ങിനെയാവണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബോധവത്ക്കരിക്കുക എന്ന തീവ്രയത്ന പരിപാടിയാണ് 'നേച്ചർ ക്ലബ്ബ് വേൾഡ് വൈഡിൻ്റെ പരിസ്ഥിതി മാസാചരണത്തിലൂടെ നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ഉത്തരവാദിത്വം, കടമ എന്നിവയെക്കുറിച്ച് ഓരോരുത്തരേയും ബോധവത്ക്കരിക്കുകയും ആ നിലയിലുള്ള പ്രവർത്തനങ്ങളിലേയ്ക്ക് അവരെ കൈപിടിച്ചു നടത്തുകയും ചെയ്യുക എന്ന കാര്യത്തിൽ ക്ലബ്ബ് പ്രവർത്തകർ പ്രതിജ്‌ഞാബദ്ധരായിരിക്കും. മരങ്ങൾ വച്ചു പിടിപ്പിക്കേണ്ടതിന്റെയും വായു-ജല മലിനീകരണം തടയുന്നതിന്റെയും പ്രക്യതിയെ സംരക്ഷിച്ചു നിർത്തേണ്ടതിന്റെയും അനിവാര്യതയെക്കുറിച്ചുമെല്ലാം ജനങ്ങളെ വെവ്വേറെയും കൂട്ടായും പറഞ്ഞു മനസ്സിലാക്കുവാനുള്ള കർമ്മപരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്‌ഥാ വ്യതിയാനമാണ്. ഈയടുത്ത കാലത്താണ് കാനഡ, ആസ്ട്രേലിയ തുടങ്ങി റഷ്യ അടക്കമുള്ള പല രാജ്യങ്ങളിലും കടുത്ത വർണ്ണങ്ങളിലുള്ള പ്രകാശം പരന്നത്. സൂര്യനിൽ നിന്നും ഭൂമിയിലേക്ക് പതിച്ച അഗ്‌നിസമാന താപമാണ് രൂപാന്തരപ്പെട്ട് കടുത്ത വർണ്ണങ്ങളായി മാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ കാന്തികവലയത്തിൽ പ്രതിരോധിക്കപ്പെട്ടതിലൂടെ ഉഗ്രതാപം വിവിധ വർണ്ണങ്ങളായി മാറി ഭൂമിയിൽ പതിക്കുകയായിരുന്നുവത്രേ! അഗ്നിസമാന താപം ഭൂമിയിലേക്ക് പതിക്കുക എന്നതിന്റെ അപകടത്തെക്കുറിച്ച് പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ അതിശക്തവും ഊർജ്ജിതവുമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും വൈകിയാൽ അത് ആത്മഹത്യാപരമായിരിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട. പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രഥമവും പ്രധാനവുമായ നീക്കം ആരംഭിക്കേണ്ടത് വ്യാപകമായ നിലയിൽ നേച്ചർ ക്ലബ്ബുകൾ രൂപീകരിച്ചുകൊണ്ടാവണം. ലോകത്തിന്റെയും മനുഷ്യ ജീവൻ്റെയും നിലനിൽപ്പിന്റെ പ്രശ്ന‌മെന്ന നിലയിൽ അതീവ ഗൗരവത്തോടെയുള്ള നീക്കങ്ങൾ തന്നെയാണ് വേണ്ടിയിരിക്കുന്നത്. നേച്ചർക്ലബ്ബുകൾക്ക് ഇക്കാര്യത്തിൽ വളരെ വലിയ സംഭാവനകൾ നൽകാൻ കഴിയും. ലോകത്തിന്റെ നിലനിൽപ്പിന് ആധാരമായി നിൽക്കുന്നത് പശ്ചിമഘട്ട പരിസ്‌ഥിതി സംരക്ഷണമാണെന്ന പരമപ്രധാന വസ്തുത കണക്കിലെടുക്കുമ്പോൾ പശ്ചിമഘട്ടത്തിലെ അതിപ്രധാന മേഖലയായ കേരളം പുലർത്തേണ്ട ജാഗ്രതയും കരുതലും ഉത്തരവാദിത്വവും ഒരുതരത്തിലും വിസ്മ‌രിച്ചുകൂടാത്തതാണ്. അതു കൊണ്ടുതന്നെ എല്ലായിടങ്ങളിലും നേച്ചർ ക്ലബ്ബുകൾ രൂപികരിച്ച് പ്രവർത്തിക്കുന്നതിനോടൊപ്പം നാം ഓരോരുത്തരും ഓർക്കുക "ബിവിത്ത് വെസ്റ്റേൺ ഗാർട്ട്സ് (നാം പശ്ചിമഘട്ടത്തോടൊപ്പം.)"

മറിച്ചായാൽ കാലം നമുക്ക് മാപ്പ് നൽകിയെന്ന് വരില്ല!



Read More in Environment

Comments