വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗബാധയേറ്റത് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക്
.jpg)
3 years, 9 months Ago | 369 Views
വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ വിദഗ്ദ സംഘം സ്ഥലം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്.
രോഗലക്ഷണം കാണിച്ച 34 കുട്ടികളുടെ സാംപിളുകള്‍ മാത്രമാണ് വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കുട്ടികളെല്ലാം കാമ്പസിന് പുറത്തുള്ള ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞമാസം 22-നും കാമ്പസിസിനുള്ളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന 50-ഓളം പേര്‍ക്ക് സമാനരോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അന്ന് പരിശോധനയില്‍ മൂന്നുപേര്‍ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ അവസാനംവരെ കാമ്പസ് അടച്ചിടുകയും കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ക്ലാസുകള്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ വീണ്ടും രോഗബാധ ആവര്‍ത്തിച്ചതോടെയാണ് മറ്റു രോഗസാധ്യതകള്‍ പരിശോധിച്ചത്. വൈറസ് ബാധിച്ച് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. അതിനാല്‍ നിലവില്‍ കൂടുതല്‍ രോഗികളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും ശ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍മുതല്‍ ഏപ്രില്‍വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമെന്യെ എല്ലാവരിലും വൈറസ് ബാധിക്കാം.
വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കേണ്ടതുമാണ്.
രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകംചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുമുതല്‍ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ടുദിവസങ്ങള്‍വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.
Read More in Health
Related Stories
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം
3 years, 2 months Ago
ആസ്ത്മ
2 years, 3 months Ago
കോവിഡ് വാക്സീൻ മൂന്നാം ഡോസ്; കേന്ദ്ര തീരുമാനം ഉടൻ
3 years, 8 months Ago
മത്തി എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങള്‍
4 years Ago
കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി
3 years, 6 months Ago
ഡ്രാഗൺ പഴം അഥവാ പിതായ
4 years, 4 months Ago
Comments