Sunday, Aug. 17, 2025 Thiruvananthapuram

കോവിഷീൽഡ്: പ്രശ്നങ്ങൾ 20 ദിവസത്തിൽ.

banner

4 years, 3 months Ago | 410 Views

കോവിഷീൽഡ് വാക്സീനെടുത്ത ശേഷമുള്ള 20 ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ശരീര ലക്ഷണങ്ങളുടെ കാര്യത്തിൽ പ്രത്യേക മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം. വളരെ ചുരുക്കം പേരിലാണെങ്കിലും രക്തം കട്ടപിടിക്കുന്നതും രക്തസ്രാവം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ കുത്തിവയ്പെടുത്ത് 20 ദിവസത്തിനുള്ളിൽ പ്രതിഫലിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ശ്വാസംമുട്ട്, നെഞ്ചുവേദന, കാൽവണ്ണയിലെയോ കൈത്തണ്ടയിലെയോ വേദന, കുത്തിവയ്പെടുത്ത സ്ഥലത്തല്ലാതെ ചുവന്ന പാടും ചതവും, ഛർദിയോടെയും അല്ലാതെയും അടിവയറ്റിൽ വേദന, കടുത്ത തലചുറ്റൽ, കടുത്തതും തുടർച്ചയായതുമായ തലവേദന (നേരത്തേ മൈഗ്രേൻ ഇല്ലാത്തവരിൽ), ബലക്ഷയം, പെട്ടെന്നുള്ള തളർച്ച, തുടർച്ചയായ ഛർദി, കാഴ്ച മങ്ങൽ, കണ്ണുകളിൽ വേദന, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, ബോധം മറയുന്ന അവസ്ഥ തുടങ്ങിയവ ശ്രദ്ധിക്കണം. ഇവയും ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന മറ്റേതു മാറ്റവും വാക്സീനെടുത്ത കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തണം.

ഏപ്രിൽ വരെ കോവിഷീൽഡ് വാക്സീനെടുത്ത 13.4 കോടിയിൽ 26 പേർക്കു മാത്രമാണു രക്തസ്രാവം–രക്തം കട്ടപിടിക്കൽ പ്രശ്നം റിപ്പോർട്ട് ചെയ്തത്. ഓരോ 10 ലക്ഷം പേരിലും 0.69 പേർക്ക് എന്ന നിരക്കിലാണ് കേസുകൾ.

ഇതേ വാക്സീന് വിദേശരാജ്യങ്ങളിലും സമാന പ്രശ്നമുണ്ടായിരുന്നെങ്കിലും ഇന്ത്യയിലേതിനെക്കാൾ കൂടുതലായിരുന്നു (യുകെയിൽ 10 ലക്ഷത്തിൽ 4 പേർക്ക്, ജർമനിയിൽ 10 ലക്ഷത്തിൽ 10 പേർക്ക്).

 



Read More in Health

Comments