Saturday, April 19, 2025 Thiruvananthapuram

വാക്സിൻ പേറ്റന്റ് ഒഴിവാക്കാൻ ഒരുങ്ങി യുഎസ്; തീരുമാനം മരുന്നു കമ്പനികളുടെ എതിർപ്പ് അവഗണിച്ച്

banner

3 years, 11 months Ago | 335 Views

കോവിഡ് വാക്സിന്റെ പേറ്റന്റ് ഒഴിവാക്കാനൊരുങ്ങി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പേറ്റന്റ് നീക്കിയാൽ ലോകത്താകമാനം വാക്സിൻ ഉത്പാദനം വർധിപ്പിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്.

എന്നാൽ, മരുന്നു കമ്പനികൾ ഈ നീക്കം എതിർക്കുന്നുണ്ട്. അതിന് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകണമെന്നില്ലെന്നാണ് മരുന്നു കമ്പനികളുടെ നിലപാട്. ഫൈസര്‍,മോഡേണ കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ചാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റിന്റെ  നടപടി. ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് സമ്മര്‍ദംചെലുത്തിയിരുന്നു.

ബൗദ്ധിക സ്വത്തവാകാശം ഒഴിവാക്കുന്നതോടെ ഏത് ഉല്‍പാദകര്‍ക്കും വാക്സീന്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിലൂടെ വാക്സീന്‍ ക്ഷാമം പരിഹരിക്കാം.

കഴിഞ്ഞ ആറുമാസമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും അടക്കം 60 ഓളം രാജ്യങ്ങൾ വാക്സിനുകളുടെ പേറ്റന്റുകൾ നീക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഇതിന് എതിരായിരുന്നു.

ജോ ബൈഡൻ യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഈ ആവശ്യത്തിൽ ഇപ്പോൾ മാറ്റമുണ്ടായിരിക്കുകയാണ്. വാക്സിന്റെ ബൗദ്ധികാവകാശം നീക്കുന്നതിൽ അനുകൂലമായ നിലപാടാണ് ബൈഡന്റേത്. കോവിഡ് -19 നെതിരായ പോരാട്ടത്തിലെ മഹത്തായ നിമിഷം എന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

പേറ്റന്റ് നീക്കാനുള്ള തീരുമാനം ലോകവ്യാപാര സംഘടനയെ അറിയിക്കും. അംഗീകാരം ലഭിക്കുകയാണെങ്കിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്കും താങ്ങാനാവുന്ന വിലയിൽ വാക്സിൻ ലഭിക്കും.

അതേസമയം, ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകുന്നു. പുതിയ കോവിഡ് തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന്‍ പറഞ്ഞു.

'നിലവിലെ കോവിഡ് വകഭേദങ്ങള്‍ക്ക് വാക്‌സിന്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെട്ടേക്കാം. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ വകഭേദങ്ങള്‍ വ്യാപിച്ചേക്കും' അദ്ദേഹം വ്യക്തമാക്കി.



Read More in Health

Comments