Thursday, April 10, 2025 Thiruvananthapuram

റെഡ് ലിസ്റ്റിൽ ഇനി തുമ്പികളും ലോകത്താകമാനം തുമ്പികളുടെ എണ്ണം കുറയുന്നു

banner

3 years, 3 months Ago | 480 Views

ഐയുസിഎന്നിന്റെ (international union for conservation of nature) വംശനാശ പട്ടികയിൽ ഇനി തുമ്പികളും. ഇതോടുകൂടി വംശനാശത്തിന്റെ വക്കിലുള്ള ചുവന്ന പട്ടികയിലുൾപ്പെട്ട ജീവികളുടെ എണ്ണം 40,000 കടന്നു. 1.42 ലക്ഷം (1,42,577) ജീവികളാണ് നിലവിൽ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ളത്. ഇതിൽ 40,084 ജീവികൾ വംശനാശ ഭീഷണി നേരിടുന്നവയാണ്.

ചതുപ്പ് പ്രദേശങ്ങളും പാടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് തുമ്പികളുടെ എണ്ണത്തിലെ കുറവ് കാണിക്കുന്നത്. ലോകത്തിലെ 6016 ഓളം വർഗ്ഗങ്ങളിൽപ്പെട്ട തുമ്പികളിൽ 16 ശതമാനവും വംശനാശത്തിന്റെ വക്കിലാണ്. ഇവ പ്രത്യുത്പാദനം നടത്തുന്ന ചതുപ്പ് പ്രദേശങ്ങളും പാടങ്ങളുമെല്ലാം ശോഷിച്ചതാണ് ഇവയുടെ എണ്ണത്തിലും കുറവുണ്ടാക്കിയത്.

പശ്ചിമേഷ്യയിലെ നാലിലൊന്ന് വർഗ്ഗങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. മധ്യ ദക്ഷിണ അമേരിക്കയിൽ തുമ്പികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനുള്ള പ്രധാന കാരണം വനനശീകരണമാണ്. കീടനാശിനികളുടെ ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മിക്ക ജീവികളുടെയും അതിജീവനത്തിന് ഭീഷണിയാണ്. പ്രത്യേകിച്ച് യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും തുമ്പികൾക്ക്.

ആദ്യമായിട്ടാണ് ലോകത്താകമാനമുള്ള തുമ്പികളുടെ എണ്ണത്തിലുണ്ടായ കുറവിനെ കുറിച്ചുള്ള വിവരംപുറത്തു വരുന്നത്.
തുമ്പികളെ സംരക്ഷിക്കുന്നതിന് സർക്കാരുകളും മറ്റ് സംവിധാനങ്ങളും തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് മുൻഗണന കൊടുക്കേണ്ടതുണ്ട്. കൊതുക് ലാർവകളുടെ അന്തകരാണ് തുമ്പികൾ. കൊതുകുകൾ പരത്തുന്ന മഹാമാരികൾ തടയുന്നതിൽ തുമ്പികൾ ചെറുതല്ലാത്ത സേവനമാണ് മനുഷ്യർക്കായി ചെയ്യുന്നത്. അതിനാൽ തന്നെ ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല നഗരങ്ങളിലും തണ്ണീർത്തടങ്ങളും ചതുപ്പുകളും നിലനിർത്തേണ്ടത് അവശ്യമാണെന്നും പഠനം ഓർമ്മിപ്പിക്കുന്നുണ്ട്.



Read More in Environment

Comments