Friday, April 18, 2025 Thiruvananthapuram

ഭയപ്പെടുത്തുന്ന മുഴകൾ

banner

3 years, 10 months Ago | 2692 Views

ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന മുഴകൾ ഭയം സൃഷ്ടിക്കുന്നു. രണ്ടു തരം മുഴകളാണുള്ളത്. തെന്നിനീങ്ങുന്നതും അല്ലാത്തതും. കാൻസറിനെ ലക്ഷണമാണെന്ന തോന്നലാണ് ഭയപ്പെടാൻ കാരണം. എന്നാൽ വേദനയില്ലാതെ ശരീരത്തിൽ തെന്നിനീങ്ങുന്ന തരത്തിൽ കാണുന്ന മുഴകൾ ലൈപോമ എന്ന രോഗത്തിന്റെ ലക്ഷണമായേക്കാം. ശരീരത്തിൽ കൊഴുപ്പു കലകൾ കൂടിച്ചേർന്നുണ്ടാകുന്ന അസുഖമാണ് ലൈപോമ.

ശരീരത്തിൽ തെന്നിനീങ്ങാവുന്ന  മുഴകളായാണ്  പലപ്പോഴും ഇവ കാണപ്പെടുന്നത്. മാരകമല്ലാത്ത ട്യൂമറുകളാണ് ഇവ. വിരളമായി മാത്രമേ അപകടകാരികളാവൂ. ആന്തരികാവയവങ്ങളിലോ അവയുടെ സമീപത്തോ സ്ഥിതി ചെയ്യുന്ന മുഴകളാണ്  ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുക. ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയയിലൂടെ ഇവ എടുത്തു കളയുന്നതാണ് പ്രതിവിധി. ലൈപോമ മൂലമുള്ള മുഴകൾ മരുന്ന് കഴിച്ചു ഭേദമാക്കാൻ സാധിക്കില്ല. ലൈപോമ മൂലം ശരീരത്തിൽ ഒന്നോ അതിലധികമോ മുഴകളുണ്ടായേക്കാം. പുരുഷന്മാരിലാണ് മൾട്ടിപ്പിൾ ലൈപോമ അഥവാ ഒന്നിൽ കൂടുതൽ മുഴകളുണ്ടാകുന്ന അവസ്ഥ കണ്ടുവരുന്നത്. ചിലരിൽ വർഷങ്ങളോളം ലൈപോമ മൂലമുള്ള മുഴ ഓരേവലിപ്പത്തിലായിരിക്കും. 

വർഷങ്ങൾ കഴിയുന്നതനുസരിച്ച് ശരീരത്തിലെ മുഴ സാവധാനം വളരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. പൊതുവെ വേദനയോ മറ്റ് അസ്വസ്ഥതകളോ സൃഷ്ടിക്കാത്ത ചെറിയ മുഴകൾക്ക് ശസ്ത്രക്രിയ വേണ്ടി വരാറില്ല. എന്നാൽ വേദനയോ മറ്റ് അസ്വസ്ഥതകളോ രൂക്ഷംമാവുകയാണെങ്കിൽ ആവശ്യ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും.

മധ്യവയസ്കരിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.  കൊഴുപ്പു കലകൾ അടിഞ്ഞുണ്ടാകുന്നതിനാൽ പൊണ്ണത്തടിയുള്ളവർക്കേ ഈ രോഗം ബാധിക്കൂ എന്ന ധാരണയുണ്ട്. പൊണ്ണത്തടിയുള്ളവരിൽ കൂടുതലായി കാണപ്പെടാറുണ്ടെങ്കിലും  ജനിതക ഘടകങ്ങളാണ് ലൈപോമയിലേക്ക് നയിക്കുന്നത്. സാധാരണയായി ലൈപോമ മൂലമുണ്ടാകുന്ന മുഴകൾ വേദനയുണ്ടാകാറില്ല. ശരീരഭാഗങ്ങളിൽ ഇവയുണ്ടാക്കുന്ന മർദ്ദത്തിനനുസരിച്ചായിരിക്കും വേദനയനുഭവപ്പെടുക.  ഏതു ഭാഗത്താണ് കൊഴുപ്പ് കലകൾ അടിഞ്ഞു കൂടിയത് എന്നതിന്റെ അടിസ്ഥാനത്തിൽ വേദനയുടെ തോത് വ്യത്യാസപ്പെട്ടിരിക്കും. ത്വക്കിനടിയിലുണ്ടാകൂന്ന ലൈപോമ കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കാറില്ല. അതേസമയം ശ്വാസനാളം, അന്നനാളം, ഞരമ്പുകൾ എന്നിവയിലുണ്ടാകുന്ന ലൈപോമ അങ്ങനെയല്ല. ശ്വസന നാളത്തിലുണ്ടാകുന്ന ശ്വാസംമുട്ടലിന് കാരണമായേക്കും. അന്നനാളത്തിലാണെങ്കിൽ ഭക്ഷണമിറക്കാൻ ബുദ്ധിമുട്ടുണ്ടാകും.

നാല് സെന്റീമീറ്ററിൽ കൂടുതൽ വലിപ്പമുള്ള മുഴകളാണ് പൊതുവേ എടുത്തുകളയുക. താരതമ്യേന ഉപദ്രവമില്ലാത്ത രീതിയിൽ കാണപ്പെടുന്ന ചെറിയ മുഴകൾ ശസ്ത്രക്രിയ ചെയ്യാറില്ല. കാഴ്ചയിൽ ഭംഗിയായി തോന്നിക്കുന്ന വലിപ്പമുള്ള മുഴകൾ നീക്കം ചെയ്യാറുണ്ട്. ശസ്ത്രക്രിയയിലൂടെ മുഴകൾ എടുത്തു കളഞ്ഞാൽ ഇവ പിന്നീട് വരാറില്ല. എന്നാൽ മൾട്ടിപ്പിൾ ലൈപോമയാണെങ്കിൽ ശസ്ത്രക്രിയയ്കുശേഷവും ശരീരത്തിൽ മുഴകളുണ്ടാവാൻ സാധ്യതയുണ്ട്.

മാലിഗ്നന്റ് രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടമെന്നതാണ്  ലൈപോമ മൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥ.  മാലിഗ്നന്റ് ട്യൂമർ എന്നത് കാൻസർ വിഭാഗത്തിൽപ്പെടുന്ന രോഗമാണ്. വിരളമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കുക. അതിവേഗത്തിൽ വളരുന്ന ഇത്തരം മുഴകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും ബാധിക്കും. കടുത്ത വേദനയുമുണ്ടാകും. നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് മാലിഗ്നന്റ് ലൈപോമ മാരകമാകുന്നത് തടയുന്നതിനുള്ള പ്രതിവിധി.



Read More in Health

Comments