തിരുവനന്തപുരം മെട്രോ: DPR സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും
1 month, 2 weeks Ago | 115 Views
തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. സർക്കാരിനു സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവുമുൾപ്പെടെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യറാക്കുന്ന പൂർണമായ ഡി.പി.ആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.
മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഡി.പി.ആർ. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു സമർപ്പിക്കും. കേന്ദ്ര അനുമതി ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എലിന്റെ നിഗമനം.
പാപ്പനംകോട്ടുനിന്നു തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടംവരെയും അവിടെനിന്ന് ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽവരെയും എത്തുന്ന 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ നവംബറിൽ സർക്കാർ ഈ അലൈൻമെന്റിന് അംഗീകാരം നൽകിയിരുന്നു. തുടർന്ന് പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ തുടങ്ങിയവ ഉൾപ്പെടെ വിശദമായ ഡി.പി.ആർ. തയ്യാറാക്കാനും സർക്കാർ കെ.എം.ആർ.എലിനോട് ആവശ്യപ്പെട്ടിരുന്നു. കെ.എം.ആർ.എലിനായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡി.പി.ആർ. തയ്യാറാക്കുന്നത്.
പൂർണമായും എലിവേറ്റഡ് (ഉയരപ്പാത) എന്നനിലയിലുള്ള നിർമാണമാണ് ഡി.പി.ആറിൽ നിർദേശിക്കുകയെന്നാണ് സൂചന. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന പ്രധാന പാതയിൽ മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നഗരസൗന്ദര്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നതിനാൽ ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തിയിരുന്നു. എന്നാൽ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകുമെന്നാണ് നിഗമനം. ഉയരപ്പാതയ്ക്ക് 10000 കോടി രൂപയാകുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ വിലയിരുത്തൽ.
കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും 20 ശതമാനംവീതം സംസ്ഥാന, കേന്ദ്ര സർക്കാർ വിഹിതവുമുപയോഗിച്ച് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Read More in Kerala
Related Stories
കുതിരാനിലെ ഒരു തുരങ്കം തുറന്നു;
5 years Ago
സീറോ ഷാഡോ ഡേ - കേരളത്തിൽ സൂര്യൻ നിഴലില്ലാനിമിഷങ്ങൾ
5 years, 4 months Ago
പുതുചരിത്രം; സാമാജികരെ നിയന്ത്രിക്കാന്‍ വനിതാ സ്പീക്കര്‍ പാനല്‍
3 years, 8 months Ago
പഞ്ചായത്തുകളിലെ ഇ ഗവേണൻസിന് ഇനി ആമസോൺ ക്ലൗഡ് സേവനം.
4 years, 5 months Ago
മലയാളം; പഴയ ലിപിയിലേക്ക് ഭാഗികമായി മാറാൻ ശുപാർശ
4 years, 6 months Ago
കേരളത്തിലാദ്യമായി 10 ഹൈഡ്രജൻ ബസുകൾ ; പൊതു ഗതാഗതത്തിന് രാജ്യത്താദ്യം
4 years, 4 months Ago
Comments