Thursday, April 10, 2025 Thiruvananthapuram

മലബാർ തീരത്തെ സമുദ്രജലത്തിൽ മൈക്രോ പ്ലാസ്റ്റിക്; മലയാളി ഗവേഷകയുടെ പഠനത്തിന് അംഗീകാരം.

banner

3 years, 9 months Ago | 343 Views

 കോഴിക്കോട് മുതൽ കണ്ണൂർവരെയുള്ള വിവിധ ഭാഗങ്ങളിലെ തീരദേശ സമുദ്രജലത്തിൽ മൈക്രോ പ്ലാസ്റ്റിക് കലർന്നതായി കണ്ടെത്തിയ മലയാളി ഗവേഷകയുടെ പഠനത്തിന് അംഗീകാരം. പോളി പ്രൊപ്പലീൻ, പോളി ബ്യൂട്ടഡീൻ, പോളി അമൈഡ്, പോളി എത്തിലീൻ എന്നിങ്ങനെയുള്ള മൈക്രോ പ്ലാസ്റ്റിക്കുകളാണ് കണ്ടെത്തിയത്. തലശ്ശേരി പാലായാട് സ്വദേശിനി ഡോ. അനു പവിത്രന്റേതാണ് കണ്ടെത്തൽ. ഇക്കാര്യം എൽസേവ്യറിന്റെ ’ജേണൽ ഓഫ് സീ റിസർച്ചിൽ’ പ്രസിദ്ധീകരിച്ചു.


വേൾഡ്‌വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. കാർത്തിക് ശങ്കറിന്റെ ലാബിൽ നടത്തിയ പഠനത്തിലാണ് സമുദ്രജലത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപമുള്ള സമുദ്രജലത്തിൽനിന്ന്‌ പോളിബ്യൂട്ടഡീൻ മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിരുന്നു. ടയർ നിർമാണത്തിനുപയോഗിക്കുന്ന പോളിബ്യൂട്ടഡീൻ പോളിമേഴ്‌സ് ഡ്രൈവ് ഇൻ ബീച്ചിലൂടെ പോകുന്ന വാഹനങ്ങളുടെ ടയർ തേയുന്നതുവഴി സമുദ്രജലത്തിൽ എത്തുന്നതാവാമെന്നാണ് പഠനത്തിൽ പറയുന്നത്.

സമുദ്രജലത്തിൽ കൂടുതലായി കണ്ടെത്തിയ പോളിപ്രൊപ്പലീൻ മത്സ്യത്തൊഴിലാളികളുടെ വലകൾ, പ്ലാസ്റ്റിക് കയറുകൾ എന്നിവയിൽനിന്നുണ്ടാവുന്നതാണ്. ഉപേക്ഷിക്കപ്പെട്ട വലകളും പ്ലാസ്റ്റിക് കയറുകളും കടലിൽ കാണാം. പെയിന്റിലും ഇതിന്റെ അംശമുണ്ടാകും. ബോട്ടുകളിൽ ഉപയോഗിക്കുന്ന ആന്റി ഫൗളിങ്‌ പെയിന്റുകളുടെ ചെറുകണങ്ങളും സമുദ്രജലത്തിൽ കാണപ്പെട്ടു.


മൈക്രോ പ്ലാസ്റ്റിക്കുകൾ മത്സ്യസമ്പത്തിനും സമുദ്രജീവികളുടെ ആവാസവ്യവസ്ഥക്കും ദോഷകരമാണ്. നഗരവത്കരണത്തിന്റെ ഭാഗമായി കേരളത്തിന്റെ തീരപ്രദേശങ്ങളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ കടലിൽ എത്തുന്നുണ്ട്. നദികളിലൂടെ ഒഴുകിയും മൈക്രോപ്ലാസ്റ്റിക് അംശങ്ങൾ കടലിൽ എത്തും.



Read More in Environment

Comments