Wednesday, April 16, 2025 Thiruvananthapuram

ചെമ്പരത്തി (Hibiscus)

banner

3 years, 11 months Ago | 901 Views

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തി (Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു.  വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്.  ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.

ചെറുകൊമ്പുകൾ മുറിച്ചുനട്ടാണ് സാധാരണ ചെമ്പരത്തിയുടെ വംശവർദ്ധന നടത്തുന്നത്.  ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ കായുകൾ ഉണ്ടാക്കാനും കഴിയും.  രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകൾ കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.

 ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു.  പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. 

ഏതെങ്കിലും ഒരു പൂവിൽ നിന്നും പൂമ്പൊടി എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ കേസരത്തിൽ നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കൾ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്. പ്രാണികളുടെ ശല്യത്തിൽ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ് അതിന്റെ കാലാവധി കഴിയുമ്പോൾ ഉണങ്ങിപ്പോകുമെങ്കിലും ബീജസങ്കലനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളിൽ ചെമ്പരത്തി കായ വളരാൻ തുടങ്ങും.

മൂന്നാഴ്ചക്കുള്ളിൽ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായുടെ ഉള്ളിൽ വെണ്ട വിത്തിനു സമാനമായ കറുത്ത വിത്തുകൾ ഉണ്ടാവും. ഈ വിത്തുകൾ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികൾ ഉണ്ടാക്കാം. കൊമ്പുകൾ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാൾ താമസിച്ചു മാത്രമെ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികൾ പുഷ്പിക്കാറുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികൾ യോജിപ്പിക്കാൻ കഴിയും.

മലേഷ്യ, ഫിലിപ്പൈൻസ്, കാമറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സോളമൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.

കഫം, പിത്തഹരം, മുടികൊഴിച്ചിൽ, ഉഷ്ണരോഗങ്ങൾ എന്നിവയുടെ ശമനത്തിന് ചെമ്പരത്തി ഉപയോഗിക്കുന്നു.ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു.  രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.



Read More in Environment

Comments

Related Stories