Tuesday, Aug. 18, 2026 Thiruvananthapuram

കേരളം നടപ്പാക്കി വിജയിച്ച ഹൃദ്യം പദ്ധതി മാതൃകയാക്കാൻ WHO, ജന്മവൈകല്യ പരിശോധന കൂട്ടാൻ ആഹ്വാനം

banner

1 month, 2 weeks Ago | 123 Views

ജന്മവൈകല്യങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിന് നവജാത ശിശുക്കളുടെ പരിശോധനയും നിരീക്ഷണവും വ്യാപകമാക്കണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.)യുടെ ആഹ്വാനം. കേരളം നടപ്പാക്കി വിജയിച്ച ‘ഹൃദ്യം’ അടക്കമുള്ള ആരോഗ്യമാതൃകകൾ ഉയർത്തിക്കാട്ടിയാണ് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ അവർ നിർദേശിക്കുന്നത്.
 
ആയിരം കുട്ടികൾ ജനിക്കുമ്പോൾ അഞ്ച് മരണം എന്ന നിരക്കിൽ കേരളം ശിശുമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തിയെന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ റിപ്പോർട്ടിൽ ‘കേരള മാതൃക’ ഇടംപിടിക്കാൻ കാരണം. അമേരിക്കയിൽ ഇത് 5.6 ആണ്. ദേശീയ ശരാശരി 25-ഉം.
 
ജനനശേഷം പരമാവധി നേരത്തേ കണ്ടെത്തിയാൽ അരിവാൾ രോഗം, കേൾവിത്തകരാറുകൾ, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ പല പ്രശ്‌നങ്ങളും ചികിത്സിച്ചു ഭേദമാക്കാനാവുമെന്നും പരിശോധനകൾ വൈകുന്നതുകാരണം ജീവിതകാലംമുഴുവൻ വൈകല്യങ്ങളുമായി അവർ ജീവിക്കേണ്ടിവരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 
 
*വർഷം 80 ലക്ഷം കുഞ്ഞുങ്ങൾ*
ലോകവ്യാപകമായി വർഷം 80 ലക്ഷം കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ പിറക്കുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള എട്ടുശതമാനം കുഞ്ഞുങ്ങളുടെ മരണത്തിനു കാരണവും ഇത്തരം ജന്മവൈകല്യങ്ങളാണ്. വൈകല്യങ്ങളോടെ പിറക്കുന്ന കുഞ്ഞുങ്ങളിൽ 90 ശതമാനവും താഴ്ന്ന, മധ്യവരുമാന രാജ്യങ്ങളിലാണ്. ഇന്ത്യയിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 28 ദശലക്ഷം കുഞ്ഞുങ്ങളെ പരിശോധിക്കുകയും ഒൻപതുലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് ചികിത്സാ, പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോർട്ടിൽ പറയുന്നു.
 
കേരളമാതൃക

ഹൃദ്യം: ജന്മനാലുള്ള ഹൃദയവൈകല്യങ്ങൾ കണ്ടെത്തി ശസ്ത്രക്രിയ ചെയ്യുന്നു. പതിനെട്ടുവയസ്സുവരെയുള്ള കുട്ടികൾക്ക് സർക്കാരിന്റെ സാമ്പത്തിക പിന്തുണ. സ്വകാര്യ മേഖലയുമായും കൈകോർത്തു. വർഷം 4000-ത്തിലധികം ശസ്ത്രക്രിയകൾ. കുഞ്ഞുങ്ങൾക്ക് പൾസ് ഓക്‌സിമെട്രി പരിശോധന മുതൽ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം വരെയുള്ള പ്രവർത്തനങ്ങളിലൂടെ വിജയം. രോഗബാധിതരായ കുഞ്ഞുങ്ങളെ കൂടുതൽ സൗകര്യങ്ങളുള്ളിടത്ത് എത്തിക്കാൻ എമർജൻസി റഫറൽ ട്രാൻസ്പോർട്ട് സിസ്റ്റം.
 
 



Read More in Health

Comments