ഇന്ന് ലോക സ്കീസോഫ്രീനിയ ദിനം

3 years, 10 months Ago | 367 Views
ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഒരുതരം ഉന്മാദ രോഗമാണ് സ്കീസോഫ്രീനിയ. ഇതിനെ പലരും ഒരു രോഗമായി കണക്കാക്കുന്നില്ല. മറിച്ച് വളർത്തുദോഷത്തിന്റെ ഫലമായും സാമൂഹികപ്രശ്നങ്ങള്‍ മൂലവും സംഭവിച്ച പാകപ്പിഴയായാണ് മുദ്രകുത്താറ്. അത് തെറ്റാണ്.
മസ്തിഷ്ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവയില്‍ വരുന്ന താളപ്പിഴകളാണ് ഇതിനു കാരണം.
ഇത് വിരളമായ രോഗമല്ല. ഇന്ത്യയില്‍ ഒരു കോടിയിലധികം ജനങ്ങള്‍ക്ക് ഈ അസുഖമുണ്ട്.
രോഗകാരണങ്ങള്‍
നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപമിന്‍ എന്ന പദാര്‍ഥത്തിന്റെ അളവ് കൂടുന്നതാണ് സ്കീസോഫ്രീനിയയുടെ അടിസ്ഥാന കാരണം. മനഃശാസ്ത്രപരമായ വസ്തുതകള്‍, കുടുംബപ്രശ്നങ്ങള്‍, ജീവിതസംഘര്‍ഷങ്ങള്‍, സാമൂഹിക-സാംസ്കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ ആക്കംകൂട്ടുന്നു.
ലക്ഷണങ്ങള്‍
സ്കീസോഫ്രീനിയ തുടങ്ങുന്നത് പൊടുന്നനെയല്ല, ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും ക്രമേണ ബാധിക്കുകയാണ് ചെയ്യുക. ഈ അസുഖത്തിന് ഒരായിരം മുഖങ്ങളുണ്ട്.
1. ഒന്നിനും താല്പര്യമില്ലായ്മ- മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്പര്യക്കുറവും.
2. സംശയസ്വഭാവം- തന്നെ ആരോ ആക്രമിക്കാന്‍ ശ്രമിക്കുന്നു, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു എന്നീ തരത്തില്‍ തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ചിന്തകള്‍.
3. മിഥ്യാനുഭവങ്ങള്‍- മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്പിക ശബ്ദങ്ങള്‍ കേള്‍ക്കുക.
4. വൈകാരിക മാറ്റങ്ങള്‍- ഭയം, ഉത്കണ്ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.
5. അദൃശ്യവ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത, അര്‍ഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്ടകള്‍ കാണിക്കുക, ആത്മഹത്യാപ്രവണത.
ചികിത്സ രീതികള്‍
ആരംഭദശയില്‍തന്നെ ചികിത്സ തുടങ്ങിയാൽ രോഗം സുഖപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. 30-40 ശതമാനം പേര്‍ക്ക് പൂര്‍ണ രോഗമുക്തി ലഭിക്കുമ്പോൾ 30-40 ശതമാനം പേര് തുടര്‍ച്ചയായ പരിചരണത്തിന്റെയും മരുന്നുകളുടെയും സഹായത്താല്‍ ഏറക്കുറെ മുന്നോട്ടുപോകാന്‍ കഴിവുള്ളവരാണ്. ഔഷധചികിത്സ, മനഃശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ചുള്ള ബോധവത്കരണം, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്.
പഴയകാല ഔഷധങ്ങളായ ക്ലോര്‍പ്രോമസിന്‍, ട്രൈഫ്ലുപെറാസിന്, ഹാലോപെരിഡോള്‍ എന്നിവക്കു പുറമെ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഔഷധങ്ങളായ റിസ്പെരിഡോണ്‍, പാലിപ്പെതിഡോണ്, ഒലാന്‍സിപൈന്‍, ക്വാറ്റിയാപ്പിന്, അരിപിപ്രസോള്‍, ക്ലോസപ്പിന്, അമിസള്‍പ്രൈഡ് എന്നിവ ഇന്ന് ലഭ്യമാണ്.
മരുന്നുകളേക്കാൾ പ്രധാനമാണ് രോഗികളോട് കാരുണ്യത്തോടും സ്നേഹപൂര്‍വവും പെരുമാറുക എന്നത്.
സൈക്കോതെറപ്പി
സൈക്യാട്രിസ്റ്റോ സൈക്കോളജിസ്റ്റോ ആയി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങള്‍ രോഗിയുടെ മാനസിക ക്ലേശങ്ങള്‍ക്കും മ്ലാനതക്കും ഗണ്യമായ പരിഹാരം നല്കുന്നു.
പുനരധിവാസ ചികിത്സ (Rehabilitation)
രോഗിക്ക് സാധാരണ ജോലികള്‍ ചെയ്തുതുടങ്ങുന്നതിനും സമൂഹത്തില്‍ പ്രയോജനം ചെയ്യുന്ന ഒരാളായി മാറാനും പുനരധിവാസം അതിപ്രധാനമാണ്. രോഗിക്ക് അയാളുടെ കഴിവിനൊത്ത് സ്വന്തമായ വരുമാനം ഉണ്ടാക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും പുനരധിവാസം സഹായിക്കുന്നു.
ഫാമിലി തെറാപ്പിയും സപ്പോര്‍ട്ട് ഗ്രൂപ്പുകളും
അസുഖത്തെക്കുറിച്ചും അസുഖലക്ഷണങ്ങളെക്കുറിച്ചും അസുഖകാരണങ്ങളെക്കുറിച്ചും ലഭ്യമായ ചികിത്സരീതികളെക്കുറിച്ചും രോഗിയോട് കുടുംബാംഗങ്ങള്‍ പെരുമാറേണ്ട രീതികളെക്കുറിച്ചും നടത്തുന്ന വിശദമായ ചര്‍ച്ചകളാണ് ഫാമിലി തെറാപ്പിയിൽ പ്രധാനം.
രോഗികളുടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നുള്ള സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ചികിത്സക്കും ബോധവത്കരണത്തിനും പുനരധിവാസത്തിനും ഏറെ സഹായകരമാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ രൂപംകൊണ്ടിട്ടുള്ള നാഷനല്‍ അലയന്‍സ് ഫോര്‍ ദ മെന്റലി ഇല് (NAMI ), ചെന്നൈയിലുള്ള സ്കീസോഫ്രീനിയ റിസര്‍ച് ഫൗണ്ടേഷന് (SCARF ), ബംഗളൂരുവിലുള്ള റിച്ച്മണ്ട് ഫെലോഷിപ് (Richmond Fellowship) തുടങ്ങിയ സംഘടനകള്‍ ഈ രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തിവരുന്നു.
Read More in World
Related Stories
ബഹിരാകാശനിലയത്തിൽ പുതിയ ഭീഷണിയായി സൂപർ ബാഗിന്റെ സാന്നിധ്യം.
10 months, 1 week Ago
യു.എ.ഇ കാത്തിരിക്കുന്നു ഏഴ് ആകാശ വിസ്മയങ്ങള്‍ക്ക്
3 years, 11 months Ago
മാസ്ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
3 years, 9 months Ago
കൊവിഡ് വാക്സിന് യജ്ഞത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂര്‍
3 years, 10 months Ago
ക്ലിക്ക് ആന്‍ഡ് ഓര്‍ഡര്‍: ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍; കിട്ടിയത് ഐഫോണ്‍ എസ്ഇ
3 years, 11 months Ago
ജയിംസ് വെബ് മിഴിതുറന്നു, പ്രപഞ്ച രഹസ്യങ്ങളിലേക്ക്; ചിത്രങ്ങൾ പുറത്ത്
2 years, 9 months Ago
Comments