മാറഡോണ ചെകുത്താനും ദൈവവുമായി മാറിയ ആസ്‌റ്റേക്ക്; 3 ലോകകപ്പുകൾക്ക് വേദിയാകുന്ന ആദ്യ സ്‌റ്റേഡിയമാകും
2 months Ago | 48 Views
ലോകത്ത് ഏറ്റവും വലിയ മെക്‌സിക്കൻ തിരയുണ്ടായത് ഫുട്‌ബോളിലല്ല, മെക്‌സിക്കോയിലുമല്ല. അത് അമേരിക്കയിലെ ടെന്നസിയിൽ 2008-ൽ നടന്ന നാസ്‌കാർ കപ്പ് റേസിങ്ങിനിടെയാണ്-1,57,574 പേരുടെ തിര! രണ്ടുദിവസം മുന്നേ മെക്‌സിക്കോ സിറ്റിയിലെ പാസിയോ ഡി ലാ റെഫോർമയിൽ ആളാഴിയിൽ നിന്നൊരു ആവേശത്തിരയുയർന്നു. ലോകത്തെ വലിയ മെക്‌സിക്കൻ തിര മെക്‌സിയുടെ പേരിലാക്കാൻ ആ നാട്ടുകാർ അവരുടെ സ്വന്തം പച്ച ജേഴ്‌സിയണിഞ്ഞ്, കൈകൾ ആകാശത്തേക്കുയർത്തി നിവർന്നു. ലോകകപ്പിനെ അവർ വരവേൽക്കുകയായിരുന്നു. ഗിന്നസ് ലോകറെക്കോഡുകാർ ആ തിരയെണ്ണിക്കൊണ്ടിരിക്കയാണ്.
കിലോമീറ്ററുകൾക്കപ്പുറത്ത് ആസ്‌റ്റേക്ക് സ്‌റ്റേഡിയത്തോളം ആ അലയെത്തി. സമുദ്രനിരപ്പിൽനിന്ന് 7200 അടി ഉയരത്തിലുള്ള ഫുട്‌ബോൾ സ്‌റ്റേഡിയമിപ്പോൾ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയമെന്ന ഔദ്യോഗികനാമത്തിൽ ജ്ഞാനസ്‌നാനം ചെയ്തിരിക്കുന്നു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്‌റ്റേഡിയങ്ങളിലൊന്നായ ആസ്‌റ്റെക്കിൽ ഈ ഫുട്‌ബോൾ ലോകകപ്പിൽ ആദ്യമായി പന്ത് കാൽതൊടും. ആസ്റ്റേക്കിലെ പുൽ നാമ്പുകളിൽ ലോകഫുട്‌ബോളിന്റെ ചരിത്രം പച്ചയോടൊട്ടി നിൽക്കുന്നു. ഫുട്‌ബോളിൽ പെലെയുടെ രാജവാഴ്ച ഈ മണ്ണിലായിരുന്നു. 1970-ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലിക്കെതിരേ ബ്രസീൽ 4-1ന്റെ ജയം നേടിയപ്പോൾ അതിലെ ആദ്യഗോൾ പെലെയുടേതായിരുന്നു. പെലെയുടെ അവസാന ലോകകപ്പ് മത്സരവുമായിരുന്നു അത്. ലോകകിരീടവുമായി നിന്ന പെലെയെ മെക്‌സിക്കൻ തിരമാലപോലെ ഇരമ്പിയാർത്തുവന്ന ആരാധകർ തോളിലേറ്റി നൃത്തംചെയ്തു. മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളിക്കാരനായി പെലെ മാറിയതും ഇവിടെത്തന്നെ. മാറഡോണ ചെകുത്താനും ദൈവവുമായി മാറിയതും അർജന്റീന 1986-ൽ ലോകകപ്പ് നേടിയതും ഇതേ ആസ്‌റ്റേക്കിലാണ്. അതേ ലോകകപ്പിൽ അതേ ആസ്റ്റേക്കിലാണ് മാറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഒപ്പിട്ടതും ‘നൂറ്റാണ്ടിന്റെ ഗോൾ’ പിറന്നതും.
മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടനമത്സരത്തിന് ഈ ലോകകപ്പിന് പന്തുരുണ്ടുതുടങ്ങുമ്പോൾ മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ലോകത്തിലെ ആദ്യ സ്‌റ്റേഡിയമെന്ന ചരിത്രനേട്ടമാണ് ആസ്‌റ്റെക്കിന് സ്വന്തമാവുക. അതിനും 90 മിനിറ്റുമുൻപ് ഉദ്ഘാടനച്ചടങ്ങിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്ന് ഈ ലോകകപ്പിന്റെ ഗാനമായ ‘ഡായ്, ഡായ്’ പെർഫോം ചെയ്യും. ‘കം ഓൺ’ എന്നാണ് ഈ ഇറ്റാലിയൻ പ്രയോഗത്തിനർഥം. അലക്സാണ്ട്രോ ഫെർണാണ്ടസ്, ടെയ്‌ലാ, ബെലിൻഡ, ഡാനി ഓഷ്യൻ, ജെ. ബാൽവിൻ, ലിലാ ഡൗൺസ്, ലോസ് ആഞ്ജലിസ് അസ്യൂൾസ്, മാന എന്നീ സംഗീതജ്ഞരും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാകും. മെക്‌സിക്കൻ പരമ്പരാഗത കലാരൂപമായ ‘പാപ്പെൽ പിക്കാഡോ’യുടെ ആഘോഷമായിരിക്കും ഉദ്ഘാടനച്ചടങ്ങിന്റെ തീം എന്നാണ് സൂചന. നിറങ്ങൾ ചാർത്തിയ ടിഷ്യു കടലാസുകളിൽ തീർക്കുന്ന വൈവിധ്യമാർന്ന ഡിസൈനുകളാണ് ഇതിന്റെ പ്രത്യേകത.
കനത്ത സുരക്ഷയിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങൾ നടക്കുക.
Read More in Sports
Related Stories
മീഡിയവണ്‍ 'റണ്‍ ദോഹ റണ്‍' മാരത്തണ്‍ 31ന്
4 years, 8 months Ago
2032 ഒളിമ്പിക്സിന് ബ്രിസ്ബെയ്ന്‍ വേദിയാകും
5 years Ago
Comments